മരണം ഞാന്‍ മുന്നില്‍ കണ്ടു: ജാഫര്‍

ദമാം: മരണം ഞാന്‍ മുന്നില്‍ കണ്ടു. അടുത്ത നിമിഷം മരണമാണെന്ന ഉറച്ച ബോധ്യത്തിലായിരുന്നു - റിയാദ്‌ - മക്ക ഹൈവേയില്‍ ഹുമയാത്തിന്‌ സമീപമുണ്ടായ ഇന്നോവ അപകടത്തില്‍ അത്യത്ഭുതകരമാംവിധം രക്ഷപ്പെട്ട വയനാട്‌ മാനന്തവാടി സ്വദേശി ജാഫറിന്‌ താന്‍ എങ്ങിനെ രക്ഷപ്പെട്ടുവെന്ന്‌ ഇപ്പോഴും വ്യക്തമല്ല. ദമാമില്‍ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ ജാഫര്‍ അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തിന്‌ നന്ദി പറയുന്നു. കാര്‍ ഓടിച്ചിരുന്ന കോഴിക്കോട്‌ അടിവാരം കൈതപ്പൊയിലില്‍ കൊട്ടാരക്കുത്ത്‌ വീട്ടില്‍ ഷൗക്കത്ത്‌ അലി അപകടത്തില്‍ മരിച്ചു. ഡ്രൈവറുടെ സമീപമുള്ള മുന്‍സീറ്റില്‍ യാത്ര ചെയ്‌തിരുന്നത്‌ ജാഫറാണ്‌.
ഉംറക്ക്‌ ഞായറാഴ്‌ച പുറപ്പെടാനാണ്‌ നേരത്തെ ഉദ്ദേശിച്ചിരുന്നതെന്ന്‌ ജാഫര്‍ പറഞ്ഞു. വ്യാഴാഴ്‌ച തന്നെ പുറപ്പെടാമെന്ന്‌ ഷൗക്കത്താണ്‌ അഭിപ്രായപ്പെട്ടത്‌. തുടര്‍ന്ന്‌ എല്ലാവരും യാത്രക്ക്‌ ഒരുങ്ങുകയായിരുന്നു. ഉംറക്ക്‌ പോകാന്‍ ഉദ്ദേശിക്കുന്നതായി നാട്ടില്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പുറപ്പെട്ട ശേഷമാണ്‌ വിവരം വിളിച്ചുപറഞ്ഞതെന്ന്‌ ജാഫര്‍ പറഞ്ഞു.
ദമാം റയാന്‍ പ്രദേശത്ത്‌ ഒരു വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷൗക്കത്ത്‌. അവിടെ നിന്നും ജോലി വിട്ട സ്‌പോണ്‍സറുടെ അനുമതിയോടെ ഉംറക്ക്‌ പുറപ്പെട്ടതായിരുന്നു. തുടര്‍ന്ന്‌ മറ്റൊരിടത്ത്‌ ജോലിക്കുള്ള ഒരുക്കത്തിലായിരുന്നു.
കെ.എം.സി.സി. പ്രവര്‍ത്തകനായ വയനാട്‌ തരുവണ ഷറഫുദ്ദീന്‍ ദമാമില്‍ സിന്‍റായി റെന്റ്‌ എ കാര്‍ കമ്പനിയിലാണ്‌ ജോലി ചെയ്യുന്നത്‌. ഉംറക്ക്‌ പോകുന്നതിന്‌ ഷറഫുദ്ദീന്റെ പേരിലാണ്‌ വാഹനം എടുത്തത്‌. വാഹനം ഡ്രൈവ്‌ ചെയ്യുന്നതിന്‌ ഷൗക്കത്തിന്റെ പേരും ഇഖാമ നമ്പറും കൂടി രേഖയില്‍ ചേര്‍ത്താണ്‌ യാത്ര തുടര്‍ന്നത്‌. ആ യാത്ര നേരെ ഷൗക്കത്തിന്‌ മരണത്തിലേക്കുള്ളതായി.
നിയന്ത്രണം വിട്ട്‌ കാര്‍ വളഞ്ഞുതിരിയുന്നതാണ്‌ പെട്ടെന്ന്‌ കണ്ടതെന്ന്‌ ജാഫര്‍ പറഞ്ഞു. അതോടെ തല അകത്തേക്ക്‌ താഴ്‌ത്തി. മരണം മുന്നില്‍ കണ്ടു. മരണം ഉറപ്പാക്കിയ നിമിഷങ്ങളായിരുന്നു. എവിടേയോ ഇപ്പോള്‍ ഇടിക്കുമെന്ന്‌ ഓരോ നിമിഷവും എണ്ണിയാണ്‌ കഴിഞ്ഞത്‌. അപകട സ്ഥലത്തെത്തിയ പോലീസുകാര്‍ ചോദിച്ചത്‌ മുന്‍സീറ്റിലിരുന്നയാളുടെ മൃതദേഹം എവിടെയെന്നായിരുന്നു.



ഇന്നലെ ദമാമില്‍ നിന്നും നാട്ടിലേക്ക്‌ പുറപ്പെട്ട വയനാട്‌ മേപ്പാടി സ്വദേശി മൂസയുടെ കൈവശം വീട്ടിലേക്കും മക്കള്‍ക്കും ഷൗക്കത്ത്‌ സമ്മാനങ്ങള്‍ കൊടുത്തയച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മൂസ എത്തുന്നതിന്‌ മുമ്പ്‌ ഷൗക്കത്തിന്റെ അപകടവിവരമാണ്‌ വീട്ടിലെത്തിയത്‌.
ഹൗസ്‌ ഡ്രൈവറായിരുന്ന മൂസക്ക്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ സ്‌പോണ്‍സറില്‍ നിന്നും ചില പ്രയാസങ്ങള്‍ നേരിട്ടിരുന്നു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ ഒരേ ദിവസം പലതവണ ഷൗക്കത്ത്‌ ബന്ധപ്പെട്ടിരുന്നതായി നവോദയ വെല്‍ഫെയര്‍ വിഭാഗം കോഓര്‍#ോഡിനേറ്റര്‍ ഇ.എം. കബീര്‍ പറഞ്ഞു. മൂസക്ക്‌ ടിക്കറ്റിന്‌ പണം സമാഹരിച്ച്‌ നല്‍കിയതും ഷൗക്കത്താണ്‌.
നേരത്തെ റിയാദിന്‌ സമീപം ഖുവയയില്‍ ജോലി ചെയ്‌തിരുന്ന ഷൗക്കത്ത്‌ നാട്ടിലേക്ക്‌ മടങ്ങി പുതിയ വിസയിലാണ്‌ ദമാമിലെത്തിയത്‌. സാമൂഹിക സേവനരംഗത്ത്‌ ഇടപെട്ടിരുന്ന ഷൗക്കത്തിന്‌ ഖുവയയിലും വിപുലമായ സുഹൃദ്‌ വലയമുണ്ട്‌.