ദുരിത പര്‍വത്തിന്‌ അറുതി: മരുഭൂമിയില്‍ നിന്നും റംശാദിനെ
ഖത്തറിലേക്ക്‌ തിരിച്ചുകൊണ്ടുപോയി

ദമാം: പാലക്കാട്‌ കുഴല്‍മന്ദം കോട്ടായി പരുത്തിപ്പുള്ളി ചോലങ്ങാടന്‍ ഉമറിന്റെയും സുബൈദയുടെയും മകന്‍ സ്വദേശി ചോലങ്ങാടന്‍ റംശാദിന്റെ ദുരിതപര്‍വത്തിന്‌ ആഹ്ലാദകരമായ പര്യവസാനം. ഖത്തര്‍ വിസയിലെത്തി സൗദിയിലെ മരുഭൂമിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായ റംശാദിനെ ബന്ധപ്പെട്ടവര്‍ ഇന്നലെ ഖത്തറിലേക്ക്‌ തിരിച്ചുകൊണ്ടുപോയി. ഖത്തറില്‍ നിന്നും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്ന റംശാദിന്റെ വിസയുടെ കാലാവധി തീരുന്നതിന്‌ ഏതാനും ദിവസങ്ങള്‍ മാത്രമാണ്‌ അവശേഷിക്കുന്നത ഇന്ത്യന്‍ എംബസി അധികൃതര്‍ നേരില്‍ വിവരങ്ങള്‍ തേടിയതോടെ റംശാദ്‌ പ്രതീക്ഷയിലായിരുന്നു.
ദോഹയില്‍ വീട്ടു ഡ്രൈവറായി ജോലി ഓഫര്‍ ചെയ്‌ത്‌ ജൂലൈ 25നാണ്‌ റംശാദ്‌ ഖത്തറിലെത്തിയത്‌. സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്ന റംശാദിനെ ശരിയായ താമസ സൗകര്യവും ഭക്ഷണവുമില്ലാതെ മരുഭൂമിയില്‍ നിര്‍ബന്ധിച്ച്‌ ജോലി ചെയ്യിക്കുന്നതായി പരാതി ഉയര്‍ന്നതായി മലയാളം ന്യൂസ്‌ (സെപ്‌തം.13) വാര്‍ത്ത നല്‍കിയിരുന്നു.
നാട്ടില്‍ ഡ്രൈവറായിരുന്ന റംശാദ്‌ അയല്‍വാസിയും ബന്ധുവുമായ അബ്‌ദുല്‍ റഹ്‌മാന്‍ മുഖേന നാല്‍പ്പതിനായിരം രൂപ നല്‍കി ലഭിച്ച വിസയിലാണ്‌ ഖത്തറില്‍ ജോലിക്കെത്തിയത്‌. മരുഭൂമിയില്‍ കഷ്‌ടപ്പെടുന്ന മകനെ രക്ഷിച്ച്‌ നാട്ടിലെത്തിക്കണമെന്ന്‌ ഉമ്മ സുബൈദ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയിരുന്നു.
വിസയുടെ ഇടനിലക്കാരനായ അബ്‌ദുല്‍ റഹ്‌മാനൊപ്പം ദോഹയില്‍ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി അഹമ്മദ്‌ കുട്ടി ഇന്ത്യന്‍ എംബസി ഫസ്റ്റ്‌സെക്രട്ടറി ഹാരിഷ്‌ അറോറയെ നേരില്‍ കണ്ട്‌ പരാതി നല്‍കിയിരുന്നു. ഇതിന്റെ ഖത്തര്‍ വിദേശ കാര്യ വകുപ്പിന്‌ ഇന്ത്യന്‍ എംബസി സന്ദേശമയച്ചു. റിയാദില്‍ ഇന്ത്യന്‍ എംബസിയിലും റംശാദിന്റെ ദുരിതത്തെക്കുറിച്ച്‌ ഫോറം പരാതി നല്‍കി. തുടര്‍ന്ന്‌ റംശാദിനെ മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തി റിയാദിലെത്തിക്കുന്നതിന്‌ ആവശ്യമായ രേഖകളും അധികാരപത്രവും എംബസി നല്‍കിയതായി ഫോറം ദമാം ചാപ്‌റ്റര്‍ വെല്‍ഫെയര്‍ വിഭാഗം അറിയിച്ചിരുന്നു.
ഖത്തറില്‍ നിന്നും സന്ദര്‍ശക വിസയിലെത്തി മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ സൗദി മരുഭൂമിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്‌. മരൂഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തി റിയാദിലോ ദമാമിലോ എത്തിച്ച്‌ അവരെ എംബസി നല്‍കുന്ന യാത്രാരേഖയില്‍ (ഇ.സി) നാട്ടിലെത്തിക്കുകയാണ്‌ സാധാരണ പതിവ്‌. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദങ്ങളിലൂടെ സ്വന്തം പാസ്‌പോര്‍ട്ടില്‍ ഖത്തറിലേക്ക്‌ തിരിച്ചെത്തിക്കുന്നത്‌ ഇതാദ്യമാണ്‌.