എസ്‌.എ. മലികിന്‌ ദമാമില്‍ സ്‌മരണാഞ്‌ജലി

ദമാം: ഒരാഴ്‌ച മുമ്പ്‌ ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായ പ്രമുഖ സാമൂഹിക - വിദ്യാഭ്യാസ പ്രവര്‍ത്തകനും സൗദി തമിഴ്‌ സംഘം പ്രസിഡന്റുമായിരുന്ന
എസ്‌.എ. മലികിന്‌ കിഴക്കന്‍ പ്രവിശ്യയില്‍ സ്‌മരണാഞ്‌ജലി. സൗദി തമിഴ്‌ സംഘം ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കമ്മിറ്റി ദമാമില്‍ സംഘടിപ്പിച്ച അനുസ്‌മരണ സംഗമത്തില്‍ പ്രവിശ്യയിലെ വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും തമിഴ്‌ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. പരേതന്റെ ആത്മാവിന്‌ നിത്യശാന്തിക്കായി മൗനപ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പരിപാടിയില്‍ ടി.എം.എം.കെ. സെക്രട്ടറി അബ്‌ദുല്‍ ഖാദര്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ്‌ ഷാഫി അനുസ്‌മരണ പ്രഭാഷണം നടത്തി.
ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ സമിതിയംഗമായും ഹയര്‍ ബോര്‍ഡ്‌ അംഗമായും മലിക്‌ ചെയ്‌ത സേവനങ്ങള്‍ അദ്ദേഹം അനുസ്‌മരിച്ചു. മലികിന്റെ സഹപാഠിയായിരുന്ന റഷീദ്‌ ഖാന്‍, ദമാം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അസ്‌ഗര്‍ഖാന്‍, സമിതിയംഗങ്ങളായ കെ.പി. അബൂബക്കര്‍, ബാലമുരളി, മുന്‍ ചെയര്‍മാന്‍മാരായ ഡോ. മുംതാസ്‌ അലി, മുഹമ്മദ്‌ ഫാറൂഖ്‌,
ബോയസ്‌ വിഭാഗം വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. അന്‍വാര്‍ ബാച്ച, ഗേള്‍സ്‌ വിഭാഗം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ ലഫ്‌ കേണല്‍ (റിട്ട.) ജെ.എ. റോഖ്‌,
ഹാരിസ്‌, സാജിദ്‌, ശിവകുമാര്‍, നാഗൂര്‍ മീരാന്‍, ഷാഹുല്‍ ഹമീദ്‌, ജി.എസ്‌. കുമാര്‍, യോഗേശ്‌ കന്ന, വാസു, കൃഷ്‌ണ, തുടങ്ങിയവര്‍ മലികിന്റെ ബഹുമുഖമായ സേവനങ്ങളും അനുഭവങ്ങളും അനുസ്‌മരിച്ചു. താന്‍സ്‌വ പ്രസിഡന്റ്‌ അബ്‌ദുല്‍ സത്താര്‍ മലികിനെക്കുറിച്ച്‌ കവിത അവതരിപ്പിച്ചു. നാട്ടില്‍ നിന്നും
മുന്‍ എം.പി. എ.വി. ബെല്ലാര്‍മിന്‍, മുത്തമിഴ്‌ മണ്‍റം പ്രസിഡന്റ്‌ ആരിഫ്‌, മീഡിയ കമന്റേറ്റര്‍ എസ്‌. അബ്‌ദുല്‍ ജബ്ബാര്‍, പ്രൊഫ. അബ്‌ദുല്‍ സമദ്‌, സംബന്ധം, പ്രൊഫ. പെരിയാര്‍ ദാസന്‍, കവിനാര്‍, അബ്‌ദുല്‍ റഹ്‌മാന്‍, മു. മേത്ത, ബി.എച്ച്‌. അബ്‌ദുല്‍ ഹമീദ്‌ (ശ്രീലങ്ക) തുടങ്ങിയവര്‍ അനുശോചന സന്ദേശമയച്ചിരുന്നു.

തമിഴ്‌ കലൈക്കൂടം പ്രസിഡന്റും സൗദി തമിഴ്‌ സംഘം കമ്മിറ്റിയംഗവുമായ രാമനാഥന്‍ അധ്യക്ഷനായിരുന്നു. സംഘം വൈസ്‌ പ്രസിഡന്റും താന്‍സ്‌വ ജനറല്‍ സെക്രട്ടറിയുമായ സുരേഷ്‌ ഭാരതി സ്വാഗതം പറഞ്ഞു. സൗദിയിലെ പതിനഞ്ച്‌ തമിഴ്‌ സംഘടനകളുടെ കൂട്ടായ്‌മയായി സൗദി തമിഴ്‌ സംഘം രൂപീകരിക്കുന്നതില്‍ മലികിന്റെ ശ്രമങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ്‌നാട്ടില്‍ പ്രവാസികാര്യ വകുപ്പ്‌ ആരംഭിക്കണമെന്ന്‌ ആവശ്യപ്പെടുന്ന സൗദി തമിഴ്‌ സംഘത്തിന്റെ നിവേദനം മലിക്ക്‌ മുഖ്യമന്ത്രി എം. കരുണാനിധിക്ക്‌ സമര്‍പ്പിച്ചിരുന്നതായി അദ്ദേഹം അിറയിച്ചു.