ജുബൈല്‍ ആശുപത്രിയിലായിരുന്ന മലയാളിയെ വിദഗ്‌ധ ചികിത്സക്ക്‌ നാട്ടിലെത്തിച്ചു

ദമാം: മൂന്ന്‌ മാസത്തിലേറെയായി ഇടത്‌ വശം തളര്‍ന്ന്‌ അബോധാവസ്ഥയില്‍ കഴിയുന്ന മലപ്പുറം കൊണ്ടോട്ടി പുതുവല്ലൂര്‍ സ്വദേശി പുളികാത്തിയില്‍ സുബ്രഹ്മണ്യനെ വിദഗ്‌ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. എയര്‍ ഇന്ത്യാ കൊച്ചി വിമാനത്തില്‍ ജുബൈലിലെ ഡോ. ദിനുവും അനുഗമിച്ചിരുന്നു. ജുബൈല്‍ അല്‍ മനാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സുബ്രഹ്മണ്യനെക്കുറിച്ച്‌ മലയാളം ന്യൂസ്‌ (സെപ്‌തം. 6) വാര്‍ത്ത നല്‍കിയിരുന്നു.

കൊണ്ടോട്ടിക്കടുത്ത്‌ പുതുവല്ലൂര്‍ സ്വദേശിയായ സുബ്രഹ്മണ്യന്‍ അല്‍കോബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാദിര്‍ അല്‍ ദോസരി കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിക്ക്‌ കീഴിലാണ്‌ ജോലി ചെയ്‌തിരുന്നത്‌.
ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ തളര്‍ന്ന്‌ വീണ സുബ്‌ഹ്മണ്യനെ കൂടെയുണ്ടായിരുന്നവര്‍ വൈകാതെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇടത്‌ വശം തളര്‍ന്നു. സുബ്‌ഹ്മണ്യന്‌ ആവശ്യമായ സഹായം നല്‍കണമെന്ന്‌ നാട്ടുകാരായ സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്തിനെത്തുടര്‍ന്ന്‌ ജുബൈലിലെ നവോദയ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ തേടിയിരുന്നു. നവോദയ നേതാക്കളായ ഇ.എം. കബീറും പവനനും അല്‍കോബാറില്‍ ഓഫീസില്‍ കമ്പനി മേധാവികളുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ്‌ വിദഗ്‌ധ ചികിത്സക്കായി സുബ്രഹ്മണ്യനെ നാട്ടിലയക്കാന്‍ തീരുമാനിച്ചത്‌. സേവന ആനൂകൂല്യമായി പതിനയ്യായിരം റിയാലിന്റെ ഡ്രാഫ്‌റ്റും കമ്പനി നല്‍കി.
ഇന്‍ഷ്വറന്‍സ്‌ പരിധി ഒന്നര ലക്ഷം റിയാലായിരുന്നുവെങ്കലും ജുബൈലില്‍ ചികിത്സക്ക്‌ ഏതാണ്ട്‌ മൂന്ന്‌ലക്ഷം റിയാല്‍ ചികിത്സക്ക്‌ ചെലവായി. സുബ്രഹ്മണ്യനെ നാട്ടിലെത്തിക്കുന്നതിനും, അനുഗമിക്കുന്ന ഡോക്‌ടര്‍ക്കും ഇന്‍ഷ്വറന്‍സ്‌ കമ്പനിയാണ്‌ ചെലവ്‌ വഹിച്ചത്‌. നാട്ടിലെത്തിയതോടെ സുബ്രഹ്മണ്യന്റെ നിലയില്‍ ഗണ്യമായ പുരോഗതിയുണ്ടായതായി വീട്ടുകാര്‍ വിവരം നല്‍കിയതായി നവോദയ വെല്‍ഫെയര്‍ വിഭാഗം കോഓര്‍ഡിനേറ്റര്‍ ഇ.എം. കബീര്‍ പറഞ്ഞു.
ഭാര്യ ജാനു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന സിനു എന്ന മകളുണ്ട്‌.
സുബ്രഹ്മണ്യന്റെ സഹോദരങ്ങളായ നീലകണ്‌ഠന്‍ (50). ചെറിയ കണ്ണന്‍ (45), എന്നിവര്‍ ഹൃദയാഘാതം മൂലം മരിച്ചു. നാല്‌ മക്കളടങ്ങുന്ന നീലകണ്‌ഠന്റെ കുടുംബവും, ഒരു കുട്ടിയുള്ള ചെറിയ കണ്ണന്റെ കുടുംബവും സുബ്രഹ്മണ്യനെ ആശ്രയിച്ചാണ്‌ കഴിഞ്ഞുപോന്നത്‌. സുബ്രഹ്മണ്യന്‍ കിടപ്പിലായതോടെ മൂന്ന്‌ കുടുംബങ്ങളാണ്‌ കഷ്‌ടത്തിലായത്‌.