ദമാമില്‍ അല്‍ ശിര്‍ഖിയ കുപ്പിവെള്ള ഫാക്‌ടറി പ്രവര്‍ത്തനം തടഞ്ഞു

ദമാം: നിയമലംഘനം നടത്തിയതായി കണ്ടെത്തിയ ദമാമിലുള്ള
അല്‍ ശിര്‍ഖിയ കുപ്പിവെള്ള ഫാക്‌ടറിയുടെ പ്രവര്‍ത്തനം കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പല്‍ അധികൃതര്‍ നിര്‍ത്തിവെപ്പിച്ചു. മനുഷ്യോപയോഗത്തിന്‌ ഹാനികരമാവുന്ന ചില ഘടകങ്ങള്‍ ഈ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ സാമ്പിള്‍ പരിശോധനയില്‍ കണ്ടെത്തിയതായി ഏതാനും ദിവസം മുമ്പ്‌ സൗദി ഫുഡ്‌ ആന്റ്‌ ഡ്രഗ്‌സ്‌ സമിതി വെളിപ്പെടുത്തിയിരുന്നു. അല്‍ ശിര്‍ഖിയക്ക്‌ പുറമെ മദീന കേന്ദ്രമായുള്ള അല്‍ ഖുബാ,അല്‍ നിദാ എന്നീ കുപ്പിവെള്ളങ്ങളില്‍ ബ്രൂമിറ്റ്‌ പൊട്ടാസ്യം എന്ന ഘടകമാണ്‌ നിശ്ചിത അളവിലും കൂടുതലാണെന്ന്‌ കണ്ടെത്തിയത്‌.
അല്‍ശിര്‍ഖിയ കുപ്പിവെള്ള കമ്പനി നിയമലംഘനം നടത്തിയെന്ന്‌ ഔദ്യോഗികമായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ്‌ മുനിസിപ്പല്‍ വകുപ്പിന്റെ നടപടി. ഫാക്‌ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പല്‍ ആസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പ്‌ മേധാവി ഡോ. ഖലീഫ സഅദ്‌ പറഞ്ഞു. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കുന്നതിനും മറ്റ്‌ വിശദ പരിശോധനകള്‍ക്കുമായി പ്രത്യേക സമിതിക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഈ സമിതി 72 മണിക്കൂറിനകം റിപ്പോര്‍ട്ട്‌ നല്‍ണം.