ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ പ്രവാസികള്‍ ശത്രുതയോടെ കാണരുതെന്ന്‌ ഉപദേശം

ദമാം: പ്രവാസികള്‍ക്ക്‌ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ നേടണമെന്ന്‌ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ ഉപദേശം. ഇഖാമക്ക്‌ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ നിര്‍ബന്ധമാക്കിയതിനെ മലയാളി പ്രവാസി സമൂഹത്തില്‍ ഭൂരിഭാഗവും ശത്രുതയോടെയാണ്‌ കാണുന്നതെന്ന്‌ ഇന്റേണിസ്റ്റ്‌ ഡോ. ഡിക്‌സണ്‍ അഭിപ്രായപ്പെട്ടു. 30 -40 ശതമാനം മലയാളികള്‍ക്കും ഇന്‍ഷ്വറന്‍സ്‌ കാര്‍ഡ്‌ ഇല്ല. ഈ സ്വഭാവം മാറ്റണം.അജ്ഞത കൊണ്ടുള്ള ധൈര്യമാണ്‌, ബുദ്ധി കൊണ്ടുള്ളതല്ല പ്രകടിപ്പിക്കുന്നതെന്ന്‌ സഫ മെഡിക്കല്‍ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തില്‍
അദ്ദേഹം തുറന്നടിച്ചു. ലക്ഷണങ്ങള്‍ വിലയിരുത്തി ചികിത്സ നിര്‍ദേശിക്കുമ്പോഴും ലാഘവത്തോടെ കാണുന്നത്‌ പിന്നീട്‌ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവെച്ച നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹം നിരത്തി.
ഗൈനക്കോളജി വിഭാഗത്തില്‍ ഇന്‍ഫെര്‍ടിലിറ്റി ക്ലിനിക്‌ പ്രവര്‍ത്തിക്കുന്നതായി
ഗൈനക്കോളജിസ്റ്റ്‌ ഡോ. അലീഷ സഫ്‌ജീര്‍ പറഞ്ഞു. മുപ്പത്‌ ശതമാനം സ്‌ത്രീയുടെയും മുപ്പത്‌ ശതമാനം പുരുഷന്റെയും 40 ശതമാനം വിശദീകരണം ലഭ്യമല്ലാത്ത അജ്ഞാതമായ വിവിധ കാരണങ്ങളാലും ഗര്‍ഭധാരണം ഇല്ലാതിരിക്കാമെന്ന്‌ അവര്‍ വിശദീകരിച്ചു. ഭാര്യാ ഭര്‍ത്താക്കന്‌മാര്‍ ഒരുമിച്ച്‌ താമസിക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍ ഇന്ന്‌ അനിവാര്യമായ കാരണങ്ങളാല്‍ അത്‌ സാധിക്കുന്നില്ല. കേവലം തത്വം പറഞ്ഞിട്ട്‌ കാര്യമില്ല. പ്രായോഗികതയില്‍ ഊന്നിയ കൗണ്‍സലിംഗാണ്‌ ആവശ്യമെന്ന്‌ അവര്‍ പറഞ്ഞു.
നാട്ടില്‍ തനിച്ച്‌ കഴിയേണ്ടി വരുന്ന സ്‌ത്രീകള്‍ വഹിക്കുന്ന വൈകാരിക ഭാരം വലുതാണ്‌. വിഷാദരോഗികളുടെ നിരക്ക്‌ കേരളത്തില്‍ വളരെ കൂടുതലാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.
തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരാണ്‌ തൊലി സംബന്ധമായ അസുഖങ്ങളുമായി ചികിത്സ തേടുന്നവരില്‍ കൂടുതലുമെന്ന്‌ ഡെര്‍മറ്റോളജിസ്റ്റ്‌ ഡോ. സഫ്‌ജീര്‍ പറഞ്ഞു. എന്നാല്‍ പല മരുന്നുകളും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയുടെ പട്ടികയില്‍ വരുന്നില്ലെന്നത്‌ നിര്‍ഭാഗ്യകരമാണ്‌.
നല്ല ആരോഗ്യവാന്മാരെയും ബാധിക്കുന്നതാണ്‌ മറ്റ്‌ സാധാരണ പനികളില്‍ നിന്നും എച്ച്‌ 1 എന്‍1 വ്യത്യസ്‌തമാകുന്നതെന്ന്‌ പിഡീയാട്രിഷ്യന്‍ ഡോ. ഹാഷിഖ്‌ പറഞ്ഞു. കുട്ടികളിലും ഈ രോഗം ബാധിക്കും. ആറ്‌ മാസം പ്രായമായ കുഞ്ഞിലും രോഗം കണ്ടെത്തിയിരുന്നു. പനി ബാധിച്ചവരുമായി ഒരാഴ്‌ച ബന്ധപ്പെടാതിരിക്കുകയാണ്‌ രോഗം പകരുന്നത്‌ ഒഴിവാക്കാനുള്ള വഴി.
ഇ.എന്‍ടി.വിഭാഗത്തില്‍ നൂതന സംവിധാനമായ എന്‍ഡോസ്‌കോപ്പി ആരംഭിക്കുന്നതായി ഇ.എന്‍.ടി വിദഗ്‌ന്‍ ഡോ. മുഹമ്മദ്‌ ഫൈസല്‍ അറിയിച്ചു. ജോലി സംബന്ധമായി അപകടങ്ങള്‍ നേരിട്ടവരാണ്‌ കൂടുതലും ഫിസിയോ തെറാപ്പിക്ക്‌ എത്തുന്നതെന്ന്‌ ഫിസിയോ തെറാപ്പിസ്റ്റ്‌ ഡോ. മുഹമ്മദ്‌ നൗഷാദ്‌ പറഞ്ഞു. അസ്ഥിരോഗ വിദഗ്‌ധന്‍ ഡോ. സന്തോഷ്‌ ജോണും സംബന്ധിച്ചു.
എല്ലാ വിഭാഗങ്ങളിലും സ്‌പെഷ്യലിസ്റ്റുകള്‍ സേവനം ആരംഭിച്ചതായി എം.ഡി. മുഹമ്മദ്‌ കുട്ടി കോഡൂര്‍ പറഞ്ഞു. സഫ മെഡിക്കല്‍ സെന്ററിന്റെ അഞ്ചാമത്‌ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡിസംബറില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.