ആര്‍.എന്‍. വാട്‌സിന്റെ നേതൃത്വത്തില്‍ എംബസി സംഘം ദമാമില്‍


ദമാം: കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം മേധാവിയായി പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ എംബസി സെകന്റ്‌ സെക്രട്ടറി ആര്‍.എന്‍. വാട്‌സ്‌ കിഴക്കന്‍ പ്രവിശ്യയില്‍ സന്ദര്‍ശനം നടത്തി. വെല്‍ഫെയര്‍ വിഭാഗം അറ്റാഷെ എസ്‌.കെ. റജോറിയോ, സ്റ്റാഫംഗം യൂസുഫ്‌ എന്നിവരും കൂടെയുണ്ടായിരുന്നു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‌ നല്ല സേവനം നല്‍കുന്നതിന്‌ മേഖലയിലെ സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണം അദ്ദേഹം തേടി.
ദമാം ഫൈസലിയ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച ആര്‍.എന്‍. വാട്‌സും സംഘവും ജയില്‍ മേധാവി മുസാഅദ്‌ സല്ലാഖ്‌ അല്‍ റുവൈലിയെ കണ്ട്‌ ചര്‍ച്ച നടത്തി. സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം, മലയാളം ന്യൂസ്‌ ലേഖകന്‍ പി.എ.എം. ഹാരിസ്‌ എന്നിവരും സംഘത്തോടൊന്നിച്ചുണ്ടായിരുന്നു. സൗദി ഭരണാധികാരി അബ്‌ദുല്ലാ രാജാവ്‌ പ്രഖ്യാപിച്ച പൊതുമാപ്പിന്‌ അര്‍ഹരായ ഇന്ത്യക്കാരെ മോചിപ്പിച്ച്‌ നാട്ടിലയക്കുന്നതന്‌ നാസ്‌ വക്കം നല്‍കുന്ന സേവനത്തെ ജയില്‍ മേധാവി പ്രശംസിച്ചു.
ജയില്‍ മുദീര്‍ അബു സാലെഹിനെയും മറ്റ്‌ ഉദ്യോഗസ്ഥരെയും എംബസി സംഘം കണ്ടു. ശിക്ഷ പൂര്‍ത്തിയായി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന്‌ അവര്‍ സഹകരണം വാഗ്‌ദാനം ചെയ്‌തു. ജയിലിലുള്ള ഇന്ത്യക്കാരെ കുറിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന്‌ എംബസി സംഘം ജയില്‍ മേധാവികളുടെ സഹകരണം തേടി.
എംബസി സംഘം രാവിലെ തര്‍ഹീലില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരും വിവിധ സംഘടനാ നേതാക്കളുമായ ഖിദര്‍ മുഹമ്മദ്‌, ഇ.എം. കബീര്‍, മോഹന്‍ ഷൊര്‍ണൂര്‍, അജിമോന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പാസ്‌പോര്‍ട്ടില്ലാതെ തര്‍ഹീലില്‍ കഴിയുന്ന അമ്പത്‌ പേര്‍ക്ക്‌ ഇ.സി. നല്‍കി. ഖതീഫ്‌ അവാമിയ ജയിലിലും ഇന്ത്യക്കാരുണ്ടെന്നും, എംബസി സംഘം സന്ദര്‍ശിക്കണമെന്നും മലയാളം ന്യൂസ്‌ ദമാം ബ്യൂറോ ശ്രദ്ധയില്‍ പെടുത്തി.