അബ്‌ഖൈഖ്‌ റോഡില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ബഷീറിന്റെ നില മെച്ചപ്പെട്ടു


ദമാം: അബ്‌ഖൈഖ്‌ - ദമാം റോഡില്‍ രണ്ടാഴ്‌ച മുമ്പ്‌ നടന്ന വാഹനാപകടത്തില്‍
സാരമായി പരിക്കേറ്റ്‌ ചികിത്സയിലുള്ള മലയാളിയുടെ നില മെച്ചപ്പെട്ടു.
സെകന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയക്ക്‌ സമീപം സെപ്‌തംബര്‍ മുപ്പതിന്‌ ബുധനാഴ്‌ച രണ്ട്‌ വാഹനങ്ങള്‍ കൂട്ടിയിടിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വേങ്ങര പൂച്ചോലമാട്‌ സ്വദേശി പുല്ലിശ്ശേരി അബൂബക്കറിന്റെ മകന്‍ ബഷീര്‍ ദഹ്‌റാന്‍ മിലിട്ടറി ആശുപത്രിയില്‍ കഴിയുന്നതായി മലയാളം ന്യൂസ്‌ വാര്‍ത്ത നല്‍കിയിരുന്നു. അരാംകോ ജോലിക്കാരായ രണ്ട്‌ സ്‌ത്രീകളുള്‍പ്പെടെ മൂന്ന്‌ സൗദികള്‍ അപകടത്തില്‍ മരിച്ചു. ബഷീര്‍ ഓടിച്ച കാറില്‍ ദമാമിലേക്ക്‌ തിരിച്ചുവരികയായിരുന്ന രണ്ട്‌ സ്‌ത്രീകളും കൂട്ടിയിടിച്ച വാഹനത്തിന്റെ ഡ്രൈവറായ സ്വദേശിയുമാണ്‌ മരിച്ചത്‌.
പത്ത്‌ ദിവസത്തോളം അബോധാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ബഷീറിന്‌ ബോധം തിരിച്ചുകിട്ടിയതായി സുഹൃത്തുക്കള്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച സ്‌ത്രീകളുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഷീറിനെ സന്ദര്‍ശിച്ചിരുന്നു.
അബ്‌ഖൈഖിലേക്ക്‌ പോകുകയായിരുന്ന സൗദി ഓടിച്ച ജി.എം.സി. വാഹനം നിയന്ത്രണം വിട്ട്‌ ബഷീര്‍ ഓടിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ടയര്‍ പൊട്ടിയതാണ്‌ അപകടകാരണമെന്നാണ്‌ ആദ്യം വിവരം ലഭിച്ചത്‌. എന്നാല്‍ ഡ്രൈവറായ സ്വദേശിക്ക്‌ ഹൃദയാഘാതം അനുഭവപ്പെട്ടതിനാലാണ്‌ ജി.എം.സി.നിയന്ത്രണം വിട്ടതെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയതായി സുഹൃത്ത്‌ മുബാറക്‌ വെളിപ്പെടുത്തി.