അല്‍കോബാറില്‍ വാഹനം ഇടിച്ച്‌ പരിക്കേറ്റ ഇബ്രാഹിം സുഖം പ്രാപിക്കുന്നു

ദമാം: അല്‍കോബാര്‌#ോ ദഹ്‌റാന്‍ റോഡില്‍ വാഹനമിടിച്ച്‌ പരിക്കേറ്റ
ചാവക്കാട്‌ അണ്ടത്തോട്‌ സ്വദേശി ഇബ്രാഹിം കൊപ്രയുടെ നില മെച്ചപ്പെടുന്നു.
വെനിസിയ മാളിലെ ഒരു കടയില്‍ ജോലി ചെയ്യുന്ന ഇബ്രാഹിം രാവിലെ ഒമ്പത്‌ മണിയോടെ ജോലിക്ക്‌ റോഡിലൂടെ നടന്നുപോകുമ്പോള്‍ സ്വദേശി ഓടിച്ച വാഹനം ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. രണ്ട്‌ കാലുകള്‍ക്കും വലത്‌ തോളെല്ലിനും ഒടിവ്‌ പറ്റിയ ഇബ്രാഹിമിനെ അഖ്‌റബിയ കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയ ഇബ്രാഹിമിനെ വൈകുന്നേരം അഞ്ച്‌ മണിയോടെ വാര്‍ഡിലേക്ക്‌ മാറ്റി. കെ.എം.സി.സി. നേതാക്കളായ നൂര്‍ മുഹമ്മദ്‌ കതിരൂര്‍, മുസ്‌തഫ കമാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ വിഭാഗം സഹകരണം നല്‍കിയിരുന്നു.
റിയാദില്‍ ജോലി ചെയ്‌തിരുന്ന ഇബ്രാഹിം ഏതാണ്ട്‌ നാല്‌ മാസം മുമ്പാണ്‌ അല്‍കോബാറില്‍ ജോലിക്കെത്തിയത്‌. മൂന്ന്‌ പെണ്‍മക്കളുള്ള ഇബ്രാഹിമാണ്‌ കുടുംബത്തിന്റെ അത്താണി. റിയാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ അലി സ്ഥലത്തെത്തിയിട്ടുണ്ട്‌.