സണ്‍ഷൈന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ഒക്‌ടോ. 18ന്‌

ദമാം: അല്‍കോബാര്‍ റാകയില്‍ സണ്‍ഷൈന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം ഒക്‌ടോ. 18ന്‌ ഞായറാഴ്‌ച ഉദ്‌ഘാടനം ചെയ്യുമെന്ന്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എണ്ണൂറില്‍ പരം കുട്ടികളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ നിലവിലുള്ള കെട്ടിടത്തോട്‌ ചേര്‍ന്ന്‌ പുതിയ കെട്ടിടത്തിന്റെ എല്ലാ പണികളും പൂര്‍ത്തിയായതായി അവര്‍ പറഞ്ഞു. സ്‌കൂളില്‍
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വിഭാഗവും ക്രമീകരിച്ചിട്ടുണ്ട്‌.
ഈ വര്‍ഷം ആരംഭിച്ച സ്‌കൂളില്‍ ആറാം ക്ലാസ്‌ വരെയാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. വേനലവധിക്ക്‌ ശേഷം സ്‌കൂള്‍ ഒക്‌ടോബര്‍ 18നാണ്‌ പുനരാരംഭിക്കുന്നത്‌. എച്ച്‌ 1 എന്‍ 1 പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ സ്‌കൂള്‍ തുറക്കുന്ന തീയതി പുന:ക്രമീകരിച്ചത്‌.
ആരോഗ്യം തന്നെ ധനം എന്ന ആരോഗ്യ അവബോധ പരിപാടിയോട്‌ കൂടിയാണ്‌ അധ്യയനം പുനരാംഭിക്കുന്നതെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പി.ജി.എസ്‌. മേനോന്‍ പറഞ്ഞു. ദമാം ബദര്‍ അല്‍ റബീ ഡിസ്‌പന്‍സറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജീവനക്കാരും പങ്കാളികളാകും. ഒക്‌ടോബര്‍ 18ന്‌ രാവിലെ ഏഴര മണിക്ക്‌ ഡോക്‌ടര്‍ ജി. ഹരീഷ്‌ കുമാര്‍ (ഇന്റേണിസ്റ്റ്‌) എച്ച്‌ 1എന്‍ 1 പനിയെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ബോധവത്‌കരണ ക്ലാസെടുക്കും. ബദര്‍ അല്‍ റബീ എം.ഡി. അഹമ്മദ്‌ പുളിക്കല്‍, ഡോ. ഹരീഷ്‌ കുമാര്‍ എന്നിവരും സംബന്ധിച്ചു.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിന്‌ ഉതകുന്ന വിധത്തില്‍ വിശാലമായ ഓഡിറ്റോറിയവും സാംസ്‌കാരിക കേന്ദ്രവും ഒരുക്കുന്നതായി ജോണ്‍സണ്‍ പറഞ്ഞു. ഓഡിറ്റോറിയം ഉദ്‌ഘാടനം മെഡിക്കല്‍ ഡയരക്‌ടര്‍ ഡോ. വി.എസ്‌. ജ്യോതി നിര്‍വഹിക്കും. നവമ്പര്‍ പതിനാലിന്‌ ശിശുദിനത്തില്‍ സണ്‍ഷൈന്‍ കലാസാംസ്‌കാരിക കേന്ദ്രം ആരംഭിക്കും. ഉദ്‌ഘാടനചടങ്ങില്‍ സണ്‍ഷൈന്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലാ - സാംസ്‌കാരിക സന്ധ്യയും സംഘടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.