83ല്‍ സൗദിയിലെത്തിയ അലിക്ക്‌ ആദ്യ യാത്ര 26 വര്‍ഷത്തിന്‌ ശേഷം ഇന്ന്‌ നാട്ടിലെത്തുന്നു.

ദമാം: ഇരുപത്തിയാറ്‌ വര്‍ഷം മുമ്പ്‌ സൗദിയില്‍ ജോലിക്കെത്തിയ മലപ്പുറം പാങ്ങ്‌ സ്വദേശി കരുവണ്ണി അലി (49) ഇന്ന്‌ നാട്ടിലെത്തുന്നു. അതേ സ്‌പോണ്‍സര്‍ക്ക്‌ കീഴില്‍ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി കാരൂര്‍ക്കടവ്‌ അന്‍സാറിന്റെ ശ്രമഫലമായാണ്‌ അലി നാട്ടിലേക്ക്‌ പുറപ്പെടുന്നത്‌.
24 വര്‍ഷം മുമ്പ്‌ സൗദിയിലേക്ക്‌ പുറപ്പെട്ട അലിയെക്കുറിച്ച്‌ 14 വര്‍ഷമായി ഒരു വിവരവുമില്ലെന്ന്‌ വീട്ടുകാരുടെ അന്വേഷണം മലയാളം ന്യൂസ്‌ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന്‌ അലി ഹുഫൂഫിലെ മുബറസില്‍ കഴിയുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ മലയാളം ന്യൂസ്‌ (2007 ജനവരി 16) വാര്‍ത്ത നല്‍കിയിരുന്നു.
പിതാവ്‌ കുഞ്ഞിമൊയ്‌തീന്‍ ചെറുപ്പത്തിലേ മരിച്ചു. ഉമ്മ പാത്തുമ്മ.
വിവാഹിതനായിരുന്നുവെങ്കിലും പിന്നീട്‌ ബന്ധം ഒഴിവായി. സൈനബ, ആയിശ, ഹനീഫ, കുഞ്ഞലവി, കുഞ്ഞുമുഹമ്മദ്‌ എന്നിവരാണ്‌ സഹോദരങ്ങള്‍. സഹോദരി ആയിശയുമായി രണ്ട്‌ വര്‍ഷം മുമ്പ്‌ മലയാളംന്യൂസ്‌ ഹസ ലേഖകന്റെ സാന്നിധ്യത്തില്‍. സംസാരിച്ചിരുന്നു.
`എന്റേത്‌ ഖബറിലെ ജീവിതം പോലെ. ഇത്ര നാളും ആരും ചോദിച്ചില്ല, അന്വേഷിച്ചില്ല. ഇത്‌ വരെ ഒരു കത്ത്‌ പോലും തന്നെ തേടി വന്നിട്ടില്ലെന്നും സ്വന്തമായി ബോക്‌സ്‌ നമ്പറുള്ള അലി വെളിപ്പെടുത്തിയിരുന്നു. സൗദിയിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ ഏഴ്‌ വര്‍ഷം മദിരാശിയില്‍ കഴിച്ചുകൂട്ടിയപ്പോഴും ആരും തന്നെ അന്വേഷിച്ചിട്ടില്ലെന്നാണ്‌ അലി പറഞ്ഞത്‌. മുംബൈയില്‍ സെയില്‍സ്‌മാനായും മറ്റും ജോലികളും ചെയ്‌തു. അതിനിടെ പരിചയപ്പെട്ട ഹാജി അബ്‌ദുല്ല ഹാജി അല്‍ ഉത്‌യാന്‍ എന്ന സൗദിയുടെ കൂടെയാണ്‌ ബാര്‍ബറായി 23-ാം വയസില്‍ ഹസയിലെത്തിയത്‌. 26 വര്‍ഷമായി അദ്ദേഹത്തിന്റെ വിസയിലാണ്‌ അലി. മുബറസില്‍ ഖജൂര്‍ മാര്‍ക്കറ്റിന്‌ സമീപം മുതനബി സ്‌ട്രീറ്റിലാണ്‌ അലി ബാര്‍ബര്‍ഷാപ്പ്‌ നടത്തി വന്നത്‌. റോഡ്‌ വികസനത്തെത്തുടര്‍ന്ന്‌ കട നഷ്‌ടപ്പെടാനുള്ള സാധ്യതയുമുണ്ട്‌.

നാട്ടില്‍ പോകാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. മക്കയിലെങ്ങാനും പോയി കിടക്കാനാണ്‌ താല്‍പ്പര്യമെന്നാണ്‌ അലി പറഞ്ഞിരുന്നത്‌. എന്നാല്‍ യാത്ര തീര്‍ച്ചപ്പെടുത്തിയതോടെ നാട്ടിലെത്തി വിവാഹിതനാകുന്നതിന്‌ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അന്‍സാര്‍ പറഞ്ഞു.
ശാരീരികമായി തകര്‍ന്ന്‌ പരാശ്രയം അനിവാര്യമായി വരുന്ന കാലത്ത്‌, നാട്ടിലേക്ക്‌ വേരുകള്‍ തേടിയോ അല്ലാതെയോ നടത്തുന്ന മടക്കം മറ്റുള്ളവര്‍ക്ക്‌ ഒരു ഭാരമാകാതിരുന്നാല്‍ നല്ലതാണെന്ന്‌ ധാരണയുണ്ടാവുന്നത്‌ എല്ലാവര്‍ക്കും ഒരു പാഠമാണെന്ന്‌ അന്‍സാര്‍ പറഞ്ഞു.
സ്‌പോണ്‍സറുടെ കൂടെ രണ്ട്‌ വര്‍ഷം മാത്രമെ ജോലി ചെയ്‌തിട്ടുള്ളു. ബാക്കി വര്‍ഷങ്ങള്‍ സ്വന്തമായാണ്‌ കട നടത്തിയത്‌. കനത്ത സാമ്പത്തിക ബാധ്യതയാണ്‌ തനിക്കുള്ളതെന്നും ഈ നിലക്ക്‌ വീട്ടുകാര്‍ക്ക്‌ തന്നെ ആവശ്യമുണ്ടാവില്ലെന്നുമുള്ള നിലപാടിലായിരുന്നു അലി. കാലിന്‌ ഗ്ലാസ്‌ തട്ടി രണ്ട്‌ വര്‍ഷത്തോളം ചികിത്സ വേണ്ടി വന്നു. ഏതാണ്ട്‌ 40,000 റിയാല്‍ ചെലവായി. ഇതില്‍ നല്ലൊരു തുക സ്‌പോണ്‍സര്‍ വഹിച്ചു. കാലാവധി കഴിഞ്ഞ ഇഖാമ 5200 റിയാല്‍ ചെലവഴിച്ചാണ്‌ സ്‌പോണ്‍സര്‍ പുതുക്കിനല്‍കിയത്‌. ഒരു വര്‍ഷം മുമ്പ്‌ ഹൃദയസംബന്ധമായ അസുഖം ബാധിച്ചു. പ്രമേഹരോഗിയാണ്‌. അടുത്ത കാലത്ത്‌ രണ്‌ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയനായിരുന്നു.
ഇന്നലെ ഉച്ചക്ക്‌ പന്ത്രണ്ട്‌ മണിയോടെ ട്രാവല്‍സുകാരുടെ ബസില്‍ ദമാമിലേക്ക്‌ പുറപ്പെട്ട അലിയെ സുഹൃത്തുക്കള്‍ യാത്രയയച്ചു. ആറര മണിക്ക്‌ ബഹ്‌റൈനില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ പുറപ്പെട്ട്‌ ഷാര്‍ജ വഴി ഇന്ന്‌ രാവിലെ നെടുമ്പാശ്ശേരിയിലെത്തും.
വിവരം അറിയിച്ചിട്ടില്ലാത്തതിനാല്‍ വീട്ടുകാര്‍ വിമാനത്താവളത്തിലെത്താനിടയില്ല. എത്തിയാലും സഹോദരങ്ങളെ തിരിച്ചറിയുമെന്നും ഉറപ്പില്ല. ഹൂഫൂഫ്‌ കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ അലിയെ ചികിത്സിച്ച കൊച്ചി സ്വദേശി ഡോക്‌ടര്‍ ഷരീഫ്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരിക്കാനുണ്ടാവുമെന്ന്‌ അന്‍സാര്‍ പറഞ്ഞു.
(ഹസയില്‍ നിന്നും സൈഫ്‌ വേളമാനൂരിന്റെ റിപ്പോര്‍ട്ടോടെ)