ദമാമില്‍ പുറം കരാര്‍ ഏജന്‍സി കേന്ദ്രത്തില്‍ സേവനം ദുരിതമായെന്ന്‌ പരാതി വ്യാപകം


ദമാം: പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ പുറം കരാര്‍ സംവിധാനം ജനങ്ങള്‍ക്ക്‌ കൂടുതല്‍ ദുരിതപൂര്‍ണമായെന്ന്‌ വീണ്ടും പരാതികളുയരുന്നു. സ്വകാര്യ ഏജന്‍സ്‌ സേവന കേന്ദ്രം ആരംഭിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും, ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും, വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും സംഭവിച്ച വീഴ്‌ചയും തീര്‍ത്തും പരുഷമായ പെരുമാറ്റങ്ങളുമാണ്‌ പരാതിക്ക്‌ കാരണമായത്‌.
എംബസി സേവനകേന്ദ്രത്തില്‍ നേരിട്ട ദുരനുഭവം അംബാസഡര്‍ക്ക്‌ രേഖാമൂലം പരാതി നല്‍കിതായി നിരവധി പേര്‍ മലയാളം ന്യൂസിന്‌ വിവരം നല്‍കി. ജോലിയുടെ ഇടവേളയില്‍ കമ്പനി യൂനിഫോമില്‍ സേവന കേന്ദ്രത്തിലെത്തിയ വ്യക്തിയെ അതിന്റെ പേരില്‍ ചോദ്യം ചെയ്യാനും തടഞ്ഞുവെക്കാനും മുതിര്‍ന്ന അനുഭവമുണ്ടായി. വാക്ക്‌ തര്‍ക്ക്‌ മൂത്ത്‌ ഒരു ഇന്ത്യക്കാരനെ കൈയേറ്റം ചെയ്‌തുവെന്ന പരാതി എംബസിയില്‍ ലഭിച്ചിരുന്നു. ഈ പരാതിയില്‍ ഉടനെ അന്വേഷണമുണ്ടായി. എന്നാല്‍ മറ്റ്‌ പല പരാതികളിലും നടപടിയുണ്ടായിട്ടില്ല.
ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിലെ മലയാളിയായ മേധാവി ജൂണ്‍ 25ന്‌ തനിക്ക്‌ സേവനകേന്ദ്രത്തിലുണ്ടായ അനുഭവത്തെക്കുറിച്ച്‌ അംബാസഡര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ ഉണ്ടായതായി അറിവില്ല.
പരാതികള്‍ വളരെ വ്യാപകമായി ഉയര്‍ന്നിട്ടും വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ മുഖ്യാധാരാ പോഷകവേദികളില്‍ നിന്നും ഇത്‌ സംബന്ധമായ അഭിപ്രായപ്രകടനങ്ങള്‍ വന്നിട്ടില്ല.
ദമാമില്‍ വിവിധ എംബസി സേവനങ്ങള്‍ക്കായി വരുന്നവര്‍ സ്വകാര്യ ഏജന്‍സിയുടെ പ്രവര്‍ത്തന വൈകല്യം മൂലം വളരെയേറെ പ്രയാസം അനുഭവിക്കുന്നതായി ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ ചൂണ്ടിക്കാട്ടി. ചില സമയങ്ങളില്‍ പ്രധാന വാതില്‍ അടക്കുന്നതിനാല്‍ ക്യൂ പാലിക്കുന്നവര്‍ റോഡില്‍ നിന്ന്‌ വെയില്‍ കൊള്ളേണ്ട അവസ്ഥയാണ്‌. രേഖകള്‍ ശരിയാണോ എന്ന്‌ പരിശോധിക്കുന്നതും, അന്വേഷണങ്ങള്‍ക്കുള്ള കൗണ്ടറും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ ചെറിയ സംശയം തീര്‍ക്കാന്‍ വരുന്നവരും ക്യൂവില്‍ നിന്ന്‌ സമയം കളയേണ്ട അവസ്ഥയാണ്‌. അതിനാല്‍ ഇത്‌ രണ്ടും വേര്‍തിരിക്കുക, സേവനങ്ങല്‍ക്ക്‌ വേണ്ടി എത്തുന്നവര്‍ക്ക്‌ മതിയായ ഇരിപ്പിട സൗകര്യം ഒരുക്കുക, വ്യാഴം, വെള്ളി ദിവസങ്ങളല്‍ സേവനം നല്‍കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ കോഓര്‍ഡിനേറ്റര്‍മാരായ എ. ഉമര്‍ഖാന്‍, ഫ്രാന്‍സിസ്‌ ബി. രാജ്‌, മാത്യു ജോസഫ്‌ എന്നിവര്‍ മുന്നോട്ട്‌ വെച്ചു. കരാര്‍ ലഭിച്ച സ്ഥാപനം ശരിയായ സേവനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വിഷയം കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന്‌ അവര്‍ പറഞ്ഞു.
സ്വകാര്യ സംവിധാനത്തിലെ പാകപ്പിഴകള്‍ കിഴക്കന്‍ പ്രവിശ്യയിലെ ജനങ്ങള്‍ക്ക്‌ കൂടുതല്‍ ദുരിതപൂര്‍ണമായെന്ന്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.ഓ.സി) കഴിഞ്ഞ മേയില്‍ അഭിപ്രായപ്പെട്ടിരുന്നു. നിലവിലുള്ള കെട്ടിടത്തിന്‌ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നതായി ഐ.ഓ.സി. നേതാക്കളായ സെബാസ്റ്റ്യന്‍ കട്ടപപുറം, , നസീര്‍ മലപ്പുറം, ബേബിച്ചന്‍ കരുമാടി, അസീസ്‌ തൊടുപുഴ തുടങ്ങിയവര്‍ വ്യക്തമാക്കി. ഇതിനിടെ, എന്ത്‌ ചെയ്‌താലും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും തങ്ങള്‍ക്കെതിരെ നടപടികളുണ്ടാവില്ലെന്ന വെല്ലുവിളിയും പരാതികള്‍ ഉന്നയിച്ച വ്യക്തികളുടെ നേരെ ഉയര്‍ത്തിയതായി ആരോപണമുണ്ട്‌.