നൗഷാദിന്റെ കുടുംബത്തിന്‌ നേരിട്ട ദുരന്തം ദമാമില്‍ സുഹൃത്തുക്കള്‍ക്ക്‌ ആഘാതമായി

ദമാം: ജിദ്ദയില്‍ നിന്നും താഇഫിലേക്ക്‌ യാത്രക്കിടയില്‍ നിലമ്പൂര്‍ വടപുറം സ്വദേശി ഇല്ലിക്കല്‍ നൗഷാദിന്റെ കുടുംബത്തിന്‌ നേരിട്ട അത്യാഹിതം ദമാമില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കനത്ത ഞെട്ടലായി. രണ്ട്‌ ദശകത്തോളം ദമാമില്‍ ജോലി ചെയ്‌ത നൗഷാദിനും ഭാര്യ ഷക്കീലക്കും ദമാം ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന മക്കള്‍ക്കും വിപുലമായ പരിചിത വൃത്തമാണ്‌ ഇവിടെയുള്ളത്‌.
ശനിയാഴ്‌ച സന്ധ്യയോടെ അപകടം സംഭവിച്ചുവെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെയാണ്‌ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അപകട വിവരം ലഭിച്ചത്‌. നൗഷാദിന്റെ ഭാര്യ ഷക്കീലയുടെ ബന്ധുവായ ദമാം ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ അബ്‌ദുല്ല മഞ്ചേരി രാവിലെ ഏഴ്‌ മണിയോടെ തന്നെ വിമാനമാര്‍ഗം ജിദ്ദയിലെത്തി മക്കയിലെ ആശുപത്രിയിലേക്ക്‌ തിരിച്ചു. നൗഷാദിന്റെ സഹോദരന്‍ നസീറും അനിയത്തി സബ്‌നയും ഭര്‍ത്താവ്‌ ജലിലും മക്കളോടൊപ്പം മക്കയിലെത്തിയിട്ടുണ്ട്‌. നിരവധി സുഹൃത്തുക്കളും അപകടവിവരമറിഞ്ഞ്‌ മക്കയിലെത്തി.
രസ്‌തനൂര കാനൂ ഗ്രൂപ്പില്‍ ജോലി ചെയ്‌തിരുന്ന മറ്റൊരു സഹോദരന്‍ നവാസ്‌ ഈയിടെയാണ്‌ നാട്ടിലേക്ക്‌ എക്‌സിറ്റില്‍ മടങ്ങിപ്പോയത്‌.
ഇരുപത്‌ വര്‍ഷത്തിലേറെയായി നൗഷാദ്‌ ദമാമിലാണ്‌ ജോലി ചെയ്‌തത്‌. ഇസ്‌ലാഹി പ്രവര്‍ത്തന രംഗത്ത്‌ സജീവമായിരുന്ന നൗഷാദിന്‌ ആ തലത്തിലും വിപുലമായ സുഹൃദ്‌ വൃത്തമാണുള്ളത്‌.
ദീര്‍ഘകാലം കാനൂ ഷിപ്പിംഗ്‌ ഡിവിഷനില്‍ അക്കൗണ്ടന്റായിരുന്ന നൗഷാദ്‌ അഞ്ച്‌ വര്‍ഷം മുമ്പാണ്‌ കാനൂ ഗ്രൂപ്പിന കീഴില്‍ യൂനൈറ്റഡ്‌ അറബ്‌ ഷിപ്പിംഗ്‌ കമ്പനിയിലേക്ക്‌ മാറിയത്‌. ജിദ്ദ ഓഫീസില്‍ ചീഫ്‌ അക്കൗണ്ടന്റായി രണ്ട്‌ വര്‍ഷം മുമ്പാണ്‌ ദമാമില്‍ നിന്നും മാറിയത്‌.
ശനിയാഴ്‌ചയും കാനൂ ട്രാവല്‍സ്‌ അക്കൗണ്ട്‌സ്‌ വിഭാഗത്തിലെ ഖാലിദിനെയും തന്നെയും വിളിച്ച്‌ ദീര്‍ഘനേരം നൗഷാദ്‌ സംസാരിച്ചിരുന്നുവെന്ന്‌ ഉറ്റ സുഹൃത്തായ പി.ടി. അലവി പറഞ്ഞു.