ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മലയാളീ സംഗമം ആസ്‌ട്രേലിയയില്‍

ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഗ്ലോബല്‍ മലയാളീ സംഗമം 2009 നവമ്പര്‍ നവമ്പര്‍ 21 മുതല്‍ 23 വരെ നടക്കുമെന്ന്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ മൂലന്‍ അറിയിച്ചു. ഇതോടനുബന്ധിച്ച്‌ അച്ചടി മാധ്യമ വിഭാഗത്തില്‍ ഗള്‍ഫ്‌ ടുഡേ ചീഫ്‌ എഡിറ്റര്‍ പി.വി. വിവേകാനന്ദ്‌, ദൃശ്യ മാധ്യമ രംഗത്ത്‌ ഏഷ്യാനെറ്റ്‌ പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌ ശ്രീകണ്‌ഠന്‍ നായര്‍, പ്രവാസി എഴുത്തുകാരില്‍ മലയാള നാട്‌ ദൈ്വവാരിക എക്‌സിക്യൂട്ടീവ്‌ എഡിറ്ററും, കവയിത്രിയുമായ ഷിലാപോള്‍, നിയമസഭാംഗം തോമസ്‌ ചാഴിക്കാടന്‍ എന്നിവര്‍ക്കും ടോണി ജോസ്‌, സുനില്‍ കുമാര്‍, പ്രേമ പിള്ള (ബിസിനസ്‌) സംവിധായകന്‍ ലാല്‍ ജോസ്‌, നടി കാവ്യാ മാധവന്‍, ഗായിക റിമി ടോമി (സിനിമ) എന്നിവര്‍ക്കും അതത്‌ മേഖലകളിലെ മികവിന്‌ അവാര്‍ഡുകള്‍ സമ്മാനിക്കും. സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന്‌ ഗ്ഗോബല്‍ മലയാളി കൗണ്‍സില്‍ സൗദി കോഓര്‍ഡിനേറ്റര്‍ കെ.പി. മമ്മു മാസ്റ്റര്‍, കിഴക്കന്‍ പ്രവിശ്യാ കോഓര്‍ഡിനേറ്റര്‍ ജമാല്‍ വില്ല്യാപ്പിള്ളി, ഭാരവാഹികളായ രാജു ജോര്‍ജ്‌, ചന്ദ്രശേഖരന്‍ നായര്‍, ജഗിമോന്‍ ജോസഫ്‌, ഇബ്രാഹിം കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ആസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലായി ബിസിനസ്‌ മീറ്റ്‌, ട്രേഡ്‌ ഷോ, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, സംഗീത നിശ തുടങ്ങിയ പരിപാടികളോടെ അഞ്ചാമത്‌ ഗ്ലോബല്‍ സംഗമമാണ്‌ സംഘടിപ്പിക്കുന്നതെന്ന്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ മൂലന്‍ പറഞ്ഞു. 21ന്‌ മെല്‍ബണില്‍ ഉദ്‌ഘാടന സംഗമം, സെമിനാര്‍, ട്രേഡ്‌ ഷോ എന്നിവ നടക്കും. ട്രേഡ്‌ ഷോയുടെ ഉദ്‌ഘാടനം ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ അനിതാ നായര്‍ നിര്‍വഹിക്കും. 22ന്‌ ബ്രിസ്‌ബെയിനില്‍ കുടുംബ സംഗമം. 23ന്‌ രാത്രി മെല്‍ബണില്‍ നടക്കുന്ന സമാപന സംഗമത്തില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. ചലച്ചിത നടികളായ കാവ്യാ മാധവന്‍, മുക്ത, പിന്നണി ഗായിക റിമി ടോമി, സിനിമാല സംഘത്തിലെ സാജന്‍ പള്ളുരുത്തി, സാജു കൊടിയന്‍, കൊമേഡിയന്‍മാരായ സുബി സുരേഷ്‌, കലാഭവന്‍ ഷോജന്‍ എന്നിവര്‍ സ്റ്റേജ്‌ പരിപാടികളില്‍ പങ്കെടുക്കും.
നവമ്പര്‍ 19 മുതല്‍ 26 വരെയുള്ള ദിവസത്തെ ഒരു പാക്കേജായി സൗദിയില്‍ നിന്നുള്ള പ്രതനിധികള്‍ സംബന്ധിക്കും. സൗദി സംഘം സിങ്കപ്പൂരിലും സിഡ്‌നിയിലും സന്ദര്‍ശനം നടത്തും.
പത്ത്‌ വര്‍ഷം പിന്നിടുന്ന സംഘടനക്ക്‌ സൗദിയില്‍ ദമാം, കോബാര്‍, ജുബൈല്‍, റിയാദ്‌, അറാര്‍, ജിദ്ദ എന്നീ പ്രദേശങ്ങളിലായി അഞ്ഞൂറോളം പ്രവര്‍ത്തകരുണ്ടെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. അഞ്ചാമത്‌ ഗ്ലോബല്‍ സംഗമാണ്‌ ആസ്‌ട്രേലിയയില്‍ നടക്കുന്നത്‌. ദമാമിലും രണ്ട്‌ തവണ കൊച്ചിയിലും ജര്‍മനിയിലുമാണ്‌ നേരത്തെ സംഗമം നടന്നത്‌. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിയിട്ടുണ്ട്‌. കോഴിക്കോട്‌ സി.എച്ച്‌. സെന്ററിന്‌ സംഘടന നല്‍കുന്ന ആംബുലന്‍സ്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ മൂലന്‍ നവമ്പര്‍ ഒന്നിന്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്ക്‌ കെമാറും. മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ആക്‌സമിക വിയോഗം കാരണം ഈ പരിപാടി മാറ്റിവെച്ചതായിരുന്നു. ഡിസംബര്‍ അവസാനത്തില്‍ സൗദി പ്രോവിന്‍സ്‌ കുടുംബ മേള സംഘടിപ്പിക്കും. ജുബൈലില്‍ ഡിസംബര്‍ മൂന്നിന്‌ കുടുംബസംഗം നടത്തും.