ഏകദിന വിജ്ഞാന വേദിക്ക്‌ ജുബൈലില്‍ ഒരുക്കം പൂര്‍ത്തിയാവുന്നു

ദമാം: ജുബൈല്‍ ദഅവാ സെന്ററും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന വിജ്ഞാനവേദി വെള്ളിയാഴ്‌ച. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള സ്‌ക്വാഡ്‌ പ്രവര്‍ത്തനങ്ങള്‍, ലഘുലേഖാ വിതരണം, കുടുംബ സന്ദര്‍ശനം, പോസ്റ്റര്‍, ബാനര്‍ തുടങ്ങിയവ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ക്യാമ്പിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഒക്‌ടോ. 16ന്‌ വെള്ളിയാഴ്‌ച രാവിലെ എട്ടര മുതല്‍ വൈകുന്നേരം അഞ്ച്‌ മണി വരെ ദഅ്‌വാ സെന്റര്‍ പള്ളിയിലാണ്‌ പരിപാടി നടക്കുക. പ്രമുഖ പണ്‌ഡിതന്മാരായ മൗലവി സുഹൈര്‍ ചുങ്കത്തറ, മോയിന്‍കുട്ടി മദനി (ജിദ്ദ), ശാകിര്‍ ഹുസൈന്‍ സ്വലാഹി (താദിക്‌, റിയാദ്‌) എന്നിവര്‍ ക്യാമ്പില്‍ യഥാക്രമം വിശ്വാസിയുടെ ജീവിത ചിന്തകള്‍, തൗഹീദ്‌ - വിജയത്തിലേക്കുള്ള വഴി, കര്‍മ്മ വിശുദ്ധിക്കൊരു മാതൃക,എന്നി വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
കുട്ടികള്‍ക്കായി ഇബ്രാഹിം മൗലവി (രാസ്‌തനൂറ)യുടെ നേതൃത്വത്തില്‍ ബാബുത്തസ്‌ഫിയ എന്ന പരിപാടിയും ഇതേ സമയം നടക്കും.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളെ രാവിലെ എട്ട്‌ മണിക്ക്‌ മുമ്പായി ദഅവാ സെന്ററില്‍ എത്തിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ക്യാമ്പിന്‌ അനുബന്ധമായി സംഘടിപ്പിച്ച പ്രശ്‌നോത്തരിയുടെ ഏതാണ്ട്‌ രണ്ടായിരത്തോളം കോപ്പികള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌. പൂരിപ്പിച്ച എന്‍ട്രികള്‍ ചൊവ്വാഴ്‌ച 13ന്‌ മഗ്‌രിബിന്‌ മുമ്പായി ദഅവാ സെന്ററിലോ ഇസ്‌ലാഹി സെന്ററിലോ ഏല്‍പ്പിക്കണം. ദമാം, കോബാര്‍, രാസ്‌തനൂറ തുടങ്ങിയ സെന്ററുകളിലെ എന്‍ട്രികളും ഈ സമയത്തിന്‌ മുമ്പ്‌ എത്തിക്കണം. ലേബര്‍ ക്യാമ്പുകളില്‍ നിന്നും പരിപാടിയില്‍ എത്തിക്കുന്നതിന്‌ വാഹന സൗകര്യമുണ്ടാകും. ക്യാമ്പില്‍ സംബനന്ധിക്കുന്നവര്‍ക്ക്‌ ഭക്ഷണവും ദഅ്‌വാ സെന്റര്‍ ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.