സെന്‍മോന്റെ തെറ്റ്‌ ബോധ്യപ്പെടുത്തിയാല്‍ മാപ്പ്‌ നല്‍കാം - സഹോദരന്‍ ജോര്‍ജ്‌

ദമാം: ഖമീസ്‌ മുഷൈത്തില്‍ ക്രൂരമായി വധിക്കപ്പെട്ട തന്റെ സഹോദരന്‍ സെന്‍മോന്‍ ചെയ്‌ത തെറ്റ്‌ എന്തായിരുന്നുവെന്ന്‌ ബോധ്യപ്പെടുത്തിയാല്‍ മാപ്പ്‌ നല്‍കുന്ന കാര്യം കുടുംബം ആലോചിക്കാമെന്ന്‌ സഹോദരന്‍ ജോര്‍ജ്‌. നിയമം നടപ്പാകട്ടെ എന്നതാണ്‌ തൊണ്ണൂറ്‌ ശതമാനവും തങ്ങളുടെ തീരുമാനം. എന്നാല്‍ സമൂഹത്തിന്റെ പൊതു അഭിപ്രായത്തിന്‌ പത്ത്‌ ശതമാനം വിടാമെന്ന്‌ ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.
സൗദി സീ ഫുഡ്‌സ്‌ കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന സെന്‍മോന്‍ ഒന്നര വര്‍ഷം മുമ്പാണ്‌ കൊല്ലപ്പെട്ടത്‌. പ്രതികളായ നിലമ്പൂര്‍ വഴിക്കടവ്‌ സ്വദേശി ഷാജിക്ക്‌ വധശിക്ഷ നല്‍കിയ കോടതി കണ്ണൂര്‍ സ്വദേശി റസാഖിന്‌ പതിനഞ്ച്‌ വര്‍ഷം തടവും മൂവായിരം അടിയുമാണ്‌ വിധിച്ചത്‌. ഷാജിക്ക്‌ മാപ്പ്‌ തേടി പിതാവും കുടുംബവും മത - രാഷ്‌ട്രീയ നേതാക്കളെ ബന്ധപ്പെട്ട്‌ ശ്രമം നടത്തുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ജോര്‍ജ്‌ ദമാമില്‍ സാമൂഹിക പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തിയത്‌.
1995ല്‍ സൗദി ഫിഷറീസില്‍ ജോലി ചെയ്‌ത ജോര്‍ജ്‌ പിന്നീട്‌ മുക്കം സ്വദേശി ഫൈസലിന്റെ മാനേജ്‌മെന്റിലുള്ള സൗദി സീ ഫുഡ്‌സിലാണ്‌ (ഇപ്പോള്‍ ഇസാഫ്‌ കമ്പനി). അമ്മ ജീവിച്ചിരിപ്പുണ്ട്‌. ജോര്‍ജിനും സെന്‍മോനും പുറമെ ഒരു മകളുള്‍പ്പെടെ മൂന്ന്‌ പേര്‍ കൂടി മക്കളുണ്ട്‌. ഒമാനിലായിരുന്ന രണ്ട്‌ ജ്യേഷ്‌ഠ സഹോദരന്മാരില്‍ ഒരാള്‍ നാട്ടിലാണിപ്പോള്‍. സെന്‍മോന്റെ മരണത്തോടെ 27 കാരിയായ ഭാര്യ മിനി (അന്നമ്മ)യും നാല്‌ വയസുള്ള മെല്‍ബിന്‍, രണ്ടര വയസുകാരനായ എല്‍ദോ എന്നീ രണ്ട്‌ പിഞ്ചുമക്കളുമാണ്‌ അനാഥമായത്‌.
ജിസാനില്‍ നിന്നും ഖമീസിലെ ഷോപ്പിലേക്ക്‌ മത്സ്യം എത്തിക്കുന്ന വാഹനത്തിലാണ്‌ സെന്‍മോന്‍ ജോലി ചെയ്‌തിരുന്നത്‌. തിരിച്ചു ജീസാനിലേക്ക്‌ വരുമ്പോള്‍ വാരാന്ത്യങ്ങളില്‍ നാല്‍പ്പതിനായിരം റിയാല്‍ വരെയുണ്ടാകും. പക്ഷെ കൊല്ലപ്പെട്ട ദിവസം മറ്റ്‌ പെയ്‌മെന്റുകള്‍ കാരണം പതിനൊന്നായിരം റിയാല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
മാര്‍ച്ച്‌ 5ന്‌ രാത്രി തിരിച്ചുവരുന്ന വഴിയാണ്‌ കൊലചെയ്യപ്പെട്ടത്‌. രാവിലെ നാല്‌ മണിക്ക്‌ ജിസാനില്‍ എത്താറുണ്ട്‌. ആറ്‌ മണിയായിട്ടും എത്തിയില്ല. നാലാം നാളില്‍ രാവിലെ പത്ത്‌ മണിയോടെയാണ്‌ മൃതദേഹവും വാഹനവും കണ്ടെത്തിയത്‌. അത്രയും നാള്‍ താനും ചില സുഹൃത്തുക്കളും പോലീസ്‌ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു. പത്തനംതിട്ട കൂട്ടായ്‌മയുടെ ചിലര്‍ സെന്‍മോന്‍ മുറൂറില്‍ കണ്ടതായി തെറ്റായ വിവരം നല്‍കിയിരുന്നു. പൊതുപ്രവര്‍ത്തകനായ നൗഷാദ്‌ തിരുവനന്തപുരമാണ്‌ കേസ്‌ തെളിയിക്കാനാവശ്യമായ വിവരം നല്‍കിയതെന്ന്‌ ജോര്‍ജ്‌ വെളിപ്പെടുത്തി.
നാല്‌ ദിവസത്തിന്‌ ശേഷമാണ്‌ മൃതദേഹം കണ്ടെത്തിയത്‌. രണ്ടര മാസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം മെയ്‌ 27ന്‌ നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. പോലീസ്‌ പ്രതികളെ കണ്ടെത്തി. സൗദി നിയമം അനുസരിച്ച്‌ കോടതി തീരുമാനത്തിലെത്തി. നിയമം അതിന്റെ വഴിയില്‍ പോകട്ടെയെന്നാണ്‌ തന്റെയും കുടുംബത്തിന്റെയു കാഴ്‌ചപ്പാടെന്ന്‌ ജോര്‍ജ്‌ പറഞ്ഞു.
സെന്‍മോന്‍ നല്ലവനായിരുന്നു. റസാഖിന്‌ പണം കൊടുക്കാനുണ്ടായിരുന്നുവെന്നാണ്‌ ഷാജി കോടതിയില്‍ മൊഴി നല്‍കിയത്‌. ഇത്‌ കളവാണ്‌. എന്ത്‌ തെറ്റാണ്‌ സഹോദരന്‍ ചെയ്‌തതെന്നാണ്‌ ജോര്‍ജിന്റെ ചോദ്യം. ഇത്‌ ബോധ്യപ്പെടുത്തിയാല്‍ മാപ്പ്‌ നല്‍കാമെന്ന്‌ ജോര്‍ജ്‌ വ്യക്തമാക്കി. മകന്‍ എന്ത്‌ കാരണം കൊണ്ടാണ്‌ സഹോദരനെ കൊന്നതെന്നാണ്‌ ഷാജിയുടെ പിതാവിനോട്‌ താന്‍ ചോദിച്ചതെന്ന്‌ ജോര്‍ജ്‌ പറഞ്ഞു,.
അബഹ കോടതിയുടെ വിധി മക്കയിലെ മേല്‍കോടതി പരിഗണിച്ചിരുന്നു. ഒരു വ്യക്തിയാണ്‌ തര്‍ജിമ ചെയ്‌തത്‌. വ്യവസ്ഥയനുസരിച്ച്‌ രണ്ട്‌ പേര്‍ വേണം. ഈ അപാകത പരിഹരിച്ച്‌ വീണ്ടും മേല്‍കോടതിക്ക്‌ അയക്കാന്‍ കഴിഞ്ഞ ദിവസം മക്കാ കോടതി നിര്‍ദേശിച്ചിരുന്നു. വിധിയില്‍ മാറ്റമില്ലെന്നാണ്‌ മനസിലാക്കുന്നതെന്ന്‌ കോടതിയില്‍ പരിഭാഷകനായിരുന്ന സൈദ്‌ മൗലവി പറഞ്ഞു.
മകന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ്‌ എമ്പത്‌ വയസുകഴിഞ്ഞ അമ്മ വീണ്‌ കൈയൊടിഞ്ഞു. ഭാര്യ സാധാരണ നിലയിലെത്തിയിട്ടില്ല. രണ്ട്‌ പിഞ്ചുമക്കള്‍ സെന്‍മോനുണ്ട്‌. കുടുംബത്തിന്‌ മാത്രമല്ല, നാട്ടുകാര്‍ക്കും വധം ആഘാതമായിരുന്നു. പരോപകാരിയായ സെന്‍മോന്‍ വാര്‍ഡ്‌ കോണ്‍ഗ്രസ്‌ സെക്രട്ടറിയായിരുന്നു.
ഷാജിക്ക്‌ മാപ്പ്‌ തേടി സര്‍ക്കാരും സഭയും രാഷ്‌ട്രീയക്കാരും സമീപിക്കുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ കത്തുമായി ഒരാള്‍ വന്നു. ഡി.സി. പ്രസിഡന്റ്‌ മോഹന്‍ കുമാര്‍ വിളിപ്പിച്ചിരുന്നു. യുവമോര്‍ച്ച നേതാക്കള്‍ വന്നു. ഒരിക്കല്‍ വന്നവരാരും പിന്നീട്‌ വന്നിട്ടില്ല. പൊതു സമൂഹത്തിന്റെ അഭിപ്രായത്തിന്‌ തീര്‍ച്ചയായും വിലകല്‍പ്പിക്കും. പക്ഷെ തീരുമാനം തന്റേതു കുടുംബത്തിന്റേതുമാണ്‌. കുടുംബം വിവിധ സമ്മര്‍ദങ്ങളിലൂടെ കടന്നുപോകുന്നു.
തന്റെ ജോലിക്കാരന്‍ എന്ന നിലയില്‍ എല്ലാ സഹായവും സഹകരണവും കമ്പനി എം.ഡി ഫൈസല്‍ മുക്കം നല്‍കിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ വലിയ സാമ്പത്തിക ബാധ്യതയും വഹിച്ചു. എന്നാല്‍ കേസുമായി ഫൈസലിന്‌ ബന്ധമില്ല. കേസ്‌ കുടുംബവിഷയമാണെന്നും ഫൈസലിന്‌ മേല്‍ സമ്മര്‍ദം ചെലുത്തിയിട്ട്‌ കാര്യമില്ലെന്നും ജോര്‍ജ്‌ വ്യക്തമാക്കി.
മുഹമ്മദ്‌ നജാത്തി. പി.എ.എം. ഹാരിസ്‌, പി.എം. നജീബ്‌, എന്‍.യു. ഹാഷിം, രഘുനാഥ്‌ ഷൊര്‍ണൂര്‍, ഹബീബ്‌ ഏലംകുളം, പി.ടി. അലവി, ഷബീര്‍ ചാത്തമംഗലം, മുജീബ്‌ വാഴക്കാട്‌ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്രഹാം വലിയകാലയില്‍ ചര്‍ച്ച നിയന്ത്രിച്ചു. ഗൗരവത്തോടെ, ആത്മാര്‍ത്ഥതയോടെ, ഉത്തരവാദിത്വത്തോടെ പശ്ചാത്താപം ബോധ്യപ്പെടുത്തുന്നതിന്‌ ഷാജി എന്ന സസജീജിത്ത്‌ തയാറാണോ എന്ന്‌ ചോദ്യം ചര്‍ച്ചയില്‍ ഉയര്‍ന്നു. പ്രവാസി പൊതു സമൂഹത്തിന്റെ അഭിപ്രായം അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന്‌ ജോര്‍ജ്‌ ആവര്‍ത്തിച്ചു.