കുപ്പിവെള്ളത്തിനെതിരെ മുന്നറിയിപ്പ്‌. അല്‍ ശിര്‍ഖിയ്യ കുപ്പിവെള്ളം ഉല്‍പ്പാദനം നിര്‍ത്തി

ദമാം: കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഉത്‌പാദിപ്പിക്കുന്ന അല്‍ശിര്‍ഖിയ്യ കുപ്പിവെള്ള നിര്‍മ്മാണ കമ്പനി ഉത്‌പാദനം നിര്‍ത്തിവെച്ചു. മദീനയിലും കിഴക്കന്‍ പ്രവിശ്യയിലുമായി പ്രവര്‍ത്തിക്കുന്ന രണ്ട്‌ കമ്പനികളുടെ കുപ്പിവെള്ളം ഉപയോഗിക്കരുതെന്ന സൗദി ഫുഡ്‌ ആന്റ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ സമിതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ്‌ ഉത്‌പ്പാദനം നിര്‍ത്തിയതെന്ന്‌ കമ്പനി മേധാവി സഅദ്‌ അല്‍ ഖാലിദി വെളിപ്പെടുത്തി. കമ്പനി പ്രതിനിദികള്‍ ഉടനെ സൗദി ഫുഡ്‌സ്‌ ആന്റ്‌ ഡ്രഗ്‌സ്‌ സമിതിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അല്‍ശിര്‍ഖിയ്യ, അല്‍ നിദാ, ഖുബാ എന്നീ പേരുകളിലുള്ള കുപ്പിവെള്ളങ്ങള്‍ കുടിക്കരുതെന്ന്‌ ബുധനാഴ്‌ച സൗദി ഫുഡ്‌ ആന്റ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ സമിതി ജനങ്ങലോട്‌ നിര്‍ദേശിച്ചതായി മലയാളം ന്യൂസ്‌ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വ്യാഴാഴ്‌ച വാര്‍ത്ത നല്‍കിയിരുന്നു. ഈ പേരുകളിലുള്ള കുപ്പിവെള്ളങ്ങളില്‍ ബ്രൂ മാറ്റ്‌ എന്ന ഘടകത്തിന്റെ അംശം ക്രമാതീതമായി അടങ്ങിയതായും ഇത്‌ മനുഷ്യഉപയോഗത്തിന്‌ ഹാനികരമായി ഭവിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.
സൗദിയില്‍ നിന്നു ഉത്‌പാദിപ്പിക്കുന്ന ചില കുപ്പുവെള്ളങ്ങള്‍ കാന്‍സറിന്‌ കാരണമാകുന്നതായി പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വിവിധ പേരുകളില്‍ അറിയപ്പെടുന്ന കുപ്പിവെള്ളങ്ങളുടെ സാമ്പിളുകള്‍ പരശോധിച്ചതില്‍ നിന്നാണ്‌ അല്‍ ശിര്‍ഖിയ്യ, അല്‍ നിദാ, ഖുബാ എന്നീ പേരുകളിലുള്ളവ ഹാനികരമാണെന്ന്‌ അധികൃതര്‍ കണ്ടെത്തിയത്‌. ഈ കുപ്പിവെള്ളങ്ങള്‍ നിരോധിക്കണമെന്നും, വിപണിയില്‍ വില്‍പ്പന തടയണമെന്നും സമിതി വ്യവസായ മന്ത്രാലയം, മുനിസിപ്പല്‍ - ഗ്രാമ മന്ത്രാലയം അധികൃതരോടും നിര്‍ദേശിച്ചിരുന്നു.
ഖുബാ, അല്‍ നിദാ എന്നിവ മദീനയിലാണ്‌ പുറത്തിറക്കുന്നത്‌. അതേ സമയം അല്‍ ശിര്‍ഖിയ കുപ്പിവെള്ള കമ്പനി 28 വര്‍ഷമായി കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന്‌ കമ്പനി മേധാവികള്‍ ചൂണ്ടിക്കാട്ടുന്നു.
അല്‍ ശിര്‍ഖിയ കുപ്പിവെള്ളം ഇപ്പോഴും ദമാമില്‍ ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണെന്ന്‌ വിവരം ലഭിച്ചു. വെള്ളത്തിന്റെ നിരോധം സംബന്ധമായി കമ്പനിയില്‍ നിന്നും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ്‌ ഈ വിവരം അന്വേഷിച്ചവര്‍ക്ക്‌ കടയിലെ മലയാളി ജീവനക്കാരന്‍ മറുപടി നല്‍കിയത്‌. ഏറെ സ്റ്റോക്കു ചെയ്‌തിട്ടുണ്ടെന്നും നിരോധിച്ചിട്ടുണ്ടെങ്കില്‍ കമ്പനിയില്‍ തിരിച്ചുനല്‍കുമെന്നും മാത്രമാണ്‌ ജീവനക്കാരുടെ പ്രതികരണമുണ്ടായത്‌.