ദമാം സ്‌കൂളിന്‌ സമീപം അപകട മേഖലയില്‍ കാറുകള്‍ കൂട്ടിയിടിച്ചു

ദമാം: വേനലവധി കഴിഞ്ഞ്‌ ക്ലാസുകള്‍ പുനരാരംഭിച്ച ആദ്യ നാളില്‍ തന്നെ ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്‌ സമീപം വാഹനാപകടം. സ്‌കൂള്‍ ബോയ്‌സ്‌ സെക്‌ഷന്‍ കെട്ടിടത്തിന്‌ മുന്നിലുള്ള റോഡില്‍
ടൊയോട്ട കൊറോള, സണ്ണി കാറുകള്‍ തമ്മിലാണ്‌ കൂട്ടിയിടിച്ചത്‌. കൊറോള കാര്‍ പൂര്‍ണമായും തകര്‍ന്നുവെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ല. സ്‌കൂള്‍ വിടുന്നതിന്‌ അല്‍പ്പം മുമ്പാണ്‌ അപകടമുണ്ടായത്‌.
സ്‌കൂളില്‍ ചേര്‍ക്കുന്നതിന്‌ എത്തിയ കുട്ടികളും രക്ഷിതാക്കളുമാണ്‌ കാറിലുണ്ടായിരുന്നത്‌. വിവരം ലഭിച്ച പോലീസ്‌ പെട്ടെന്ന്‌ സ്ഥലത്തെത്തിയിരുന്നു.
ഇതേ സ്ഥാനത്ത്‌ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. റോഡിന്‌ തൊട്ട്‌ അരികില്‍ വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുള്ളതിനാല്‍ അല്‍പ്പം ശ്രദ്ധിച്ചില്ലെങ്കില്‍ വലത്‌ വശത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ പെട്ടെന്നാണ്‌ റോഡില്‍ നേരെ വരുന്ന വാഹനങ്ങള്‍ക്ക്‌ മുന്നിലെത്തുക. കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാല്‍ ഒരു ഭാഗം മറച്ചതിനാല്‍ ഇപ്പോള്‍ തീരെ കാണില്ല. ഈ അപകടമേഖലയെക്കുറിച്ച്‌ മലയാളം ന്യൂസ്‌ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.