അവധി കഴിഞ്ഞെത്തിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ദമാം അല്‍ മുന സ്‌കൂളില്‍ വൈദ്യ പരിശോധന


ദമാം: വേനലവധി കഴിഞ്ഞ്‌ പ്രവര്‍ത്തനമാരംഭിച്ച ദമാമിലെ അല്‍ മുന ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആദ്യ ദിനത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും വൈദ്യ പരിശോധനക്ക്‌ ശേഷമാണ്‌ ക്ലാസില്‍ പ്രവേശിപ്പിച്ചത്‌. ദമാം സഫ മെഡിക്കല്‍ സെന്ററിലെ ശിശുരോഗ വിദഗ്‌ധന്‍ ഡോ. ഹാഷിഖ്‌, ഡോ. സുരയ്യ,നഴ്‌സിംഗ്‌ സ്റ്റാഫ്‌ എന്നിവരുള്‍പ്പെട്ട മെഡിക്കല്‍ സംഘമാണ്‌ മെഡിക്കല്‍ ക്യാമ്പില്‍ സംബന്ധിച്ചത്‌. രാവിലെ ഏഴര മണിക്ക്‌ ആരംഭിച്ച പരിശോധന ക്യാമ്പ്‌ പതിനൊന്ന്‌ മണി വരെ നീണ്ടു. പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍, വൈസ്‌ പ്രിന്‍സിപ്പല്‍ ഖാദര്‍ മാസ്റ്റര്‍, അധ്യാപകര്‍ എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി. കുട്ടികളില്‍ ആര്‍ക്കും എച്ച്‌ 1എന്‍ 1 പനിയുള്ളതായി കണ്ടില്ലെന്ന്‌ പ്രിന്‍സിപ്പല്‍ പറഞ്ഞു.
രക്ഷിതാക്കളെ ബോധവത്‌കരിക്കുന്നതിന്‌ ലഘുലേഖ, രോഗലക്ഷണങ്ങള്‍ കാണുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിന്‌ മെഡിക്കല്‍ റൂം, അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കുമുള്ള ബോധവത്‌കരണ സംഗമങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി രോഗം തടയുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും പൂര്‍ത്തിയാക്കിയതായി പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍ അറിയിച്ചു.