ഖത്തര്‍ വിസയിലെത്തി സൗദി മരുഭൂമിയില്‍; റംശാദുമായി വിവരങ്ങള്‍ തേടി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു

ദമാം: ഖത്തര്‍ വിസയിലെത്തി സൗദിയിലെ മരുഭൂമിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായ പാലക്കാട്‌ കോട്ടായി സ്വദേശി ചോലങ്ങാടന്‍ റംശാദുമായി ഇന്ത്യന്‍ എംബസി അധികൃതര്‍ ബന്ധപ്പെട്ട്‌ വിവരങ്ങള്‍ തേടി. ദോഹയില്‍ വീട്ടു ഡ്രൈവറായി ജോലി ഓഫര്‍ ചെയ്‌ത്‌ ജൂലൈ 25നാണ്‌ റംശാദ്‌ ഖത്തറിലെത്തിയത്‌. സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്ന റംശാദിനെ ശരിയായ താമസ സൗകര്യവും ഭക്ഷണവുമില്ലാതെ മരുഭൂമിയില്‍ നിര്‍ബന്ധിച്ച്‌ ജോലി ചെയ്യിക്കുന്നതായി പരാതി ഉയര്‍ന്നതായി മലയാളം ന്യൂസ്‌ (സെപ്‌തം.13) വാര്‍ത്ത നല്‍കിയിരുന്നു.
പാലക്കാട്‌ കുഴല്‍ മന്ദം പരുത്തിപ്പുള്ളി ചോലങ്ങാടന്‍ ഉമറിന്റെയും സുബൈദയുടെയും മകനായ റംശാദ്‌ നാട്ടില്‍ ഡ്രൈവറായിരുന്നു. അയല്‍വാസിയും ബന്ധുവുമായ അബ്‌ദുല്‍ റഹ്‌മാന്‍ മുഖേന ലഭിച്ച വിസയിലാണ്‌ നാല്‍പ്പതിനായിരം രൂപ നല്‍കി ലഭിച്ച വിസയിലാണ്‌ റംശാദിനെ ഖത്തറിലേക്ക്‌ ജോലിക്ക്‌ അയച്ചത്‌. മരുഭൂമിയില്‍ കഷ്‌ടപ്പെടുന്ന തന്റെ മകനെ രക്ഷിച്ച്‌ നാട്ടിലെത്തിക്കണമെന്ന്‌ ഉമ്മ സുബൈദ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയിരുന്നു. ഈ പരാതി ഇന്ത്യന്‍ എംബസിക്ക്‌ അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റംശാദിന്റെ വീട്ടുകാര്‍ക്ക്‌ വിവരം ലഭിച്ചു.
റിയാദിലും ദോഹയിലും ഇന്ത്യന്‍ എംബസികളില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം റംശാദിന്റെ ദുരിതത്തെക്കുറിച്ച്‌ പരാതി നല്‍കിയിരുന്നു. വിസക്ക്‌ ഇടനിലക്കാരനായിരുന്ന അബ്‌ദുല്‍റഹ്‌മാനൊപ്പം ദോഹയില്‍ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി അഹമ്മദ്‌ കുട്ടി ഇന്ത്യന്‍ എംബസി ഫസ്റ്റ ്‌സെക്രട്ടറി ഹാരിഷ്‌ അറോറയെ നേരില്‍ കണ്ടും വസ്‌തുതകള്‍ വിശദീകരിച്ചു. രേഖാമൂലം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഖത്തര്‍ വിദേശ കാര്യ വകുപ്പിന്‌ ഇന്ത്യന്‍ എംബസി സന്ദേശമയച്ചതായി ഹാരിഷ്‌ അറോറ വ്യക്തമാക്കിയിരുന്നു.
സറാറക്ക്‌ അടുത്തുള്ള ഒരു പ്രദേശത്തേക്ക്‌ തന്നെ മാറ്റിയതായി റംശാദ്‌ മലയാളം ന്യൂസിന്‌ വിവരം നല്‍കി. തണുപ്പ്‌ കാലമെത്തുന്നതോടെ മരുഭൂമിയില്‍ കൂടുതല്‍ ഉള്‍പ്രദേശത്തേക്ക്‌ നീങ്ങാന്‍ സാധ്യതയുണ്ടെന്ന്‌ റംശാദ്‌ അറിയിച്ചിരുന്നു.
റിയാദ്‌ ഇന്ത്യന്‍ എംബസിയില്‍ നിന്നും അന്വേഷണം എത്തിയതോടെ ഇനി തനിക്ക്‌ സംരക്ഷണം ലഭിക്കുമെന്ന ആശ്വാസത്തിലാണ്‌ റംശാദ്‌.