ജലദോഷം ബാധിക്കുന്ന കുട്ടികള്‍ മുഖത്ത്‌ മാസ്‌ക്‌ ധരിക്കണമെന്ന്‌ നിര്‍ദേശം


ദമാം: ജലദോഷം ബാധിക്കുന്ന ഒന്നാം ക്ലാസ്‌ മുതലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മുഖത്ത്‌ മാസ്‌ക്‌ ധരിക്കണമെന്ന്‌ ദമാം അല്‍ഖൊസാമ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക്‌ അറിയിപ്പ്‌ നല്‍കി. നനഞ്ഞ മാസ്‌കുകള്‍ ധരിയ്‌ക്കാന്‍ അനുവദിക്കുന്നതല്ല. അതിനാല്‍ അവശ്യഘട്ടത്തില്‍ കൂടുതല്‍ മാസ്‌കുകള്‍ കരുതുവെക്കേണ്ടതാണ്‌. പന്നിപ്പനിയെന്ന പേരില്‍ അറിയപ്പെടുന്ന എച്ച്‌ 1 എന്‍ 1 പനി പടരുന്നതിനെക്കുറിച്ച ആശങ്ക വ്യാപകമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ്‌ സ്‌കൂള്‍ അധികൃതരുടെ അറിയിപ്പ്‌.
കുട്ടിക്ക്‌ പനിയുണ്ടെങ്കില്‍ സ്‌കൂളിലേക്ക്‌ അയക്കരുതെന്ന്‌ സ്‌കൂള്‍ അധികൃതര്‌ നിര്‍ദേശിക്കുന്നു. പനി പൂര്‍ണമായി ഭേദപ്പെട്ടതിന്‌ ശേഷം (മരുന്നില്ലാതെ) മാത്രമേ കൂട്ടിയെ സ്‌കൂളിലേക്ക്‌ അയക്കാവൂ. ആറ്‌ വയസില്‍ താഴെ പ്രായമുള്ള (കെ.ജി)കുട്ടികള്‍ക്ക്‌ ജലദോഷം, ചുമ, തുമ്മല്‍ എന്നിവയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ കഴിയുന്നതും പൂര്‌ണ സുഖം ആവുന്നത്‌ വരെ വീട്ടില്‍ ശുശ്രൂഷിക്കണമെന്നും രക്ഷിതാക്കളോട്‌ അഭ്യര്‍ത്ഥിച്ചു. ശുചീകരണ വസ്‌തുക്കളായ ടിഷ്യ, ഹാന്‍ഡ്‌ സാനിറ്ററൈസേഴ്‌സ്‌ എന്നിവ കുട്ടികളുടെ കൈയില്‍ ഉണ്ടാവണമെന്നും അറിയിപ്പില്‍ പറയുന്നു.
പന്നിപ്പനിയെക്കുറിച്ചും അത്‌ പടരാതിരിക്കുന്നതിനുള്ള പ്രതിവിധികളെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കുന്നതിനായി അല്‍ഖൊസാമ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ബോധവത്‌കരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍ അധ്യക്ഷത വഹിച്ചു.
ബദര്‍ അല്‍ റാബി പോളിക്ലിനിക്കിലെ ഇന്റേണിസ്റ്റ്‌ ഡോ. ഹരീഷ്‌
എച്ച്‌1 എന്‍1 രോഗത്തെക്കുറിച്ചും. അത്‌ ഉണ്ടാകുന്നതെങ്ങിനെ, പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രതിരോധ കുത്തിവെപ്പുകള്‍ ഫലപ്രദമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. വിജ്ഞാനപ്രദമായ ഈ ചടങ്ങില്‍ വ്യക്തി ശൂചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്‌തു. ഈ ബോധവത്‌കരണ പരിപാടിയുടെ വെളിച്ചത്തിലാണ്‌ എച്ച്‌ 1 എന്‍ 1 പടര്‍ന്ന്‌ പിടിക്കുന്നതിന്‌ തടയാന്‍ രക്ഷിതാക്കള്‍ക്ക്‌ ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട്‌ വെച്ചതെന്ന്‌ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.