ആരോഗ്യ നില മോശമായി; ഷമീന ഐ.സി.യുവില്‍ തുടരുന്നു

ദമാം: അഞ്ച്‌ മാസമായി ആശുപത്രിക്കിടക്കയിലുള്ള തിരുവനന്തപുരം കാരക്കാമണ്‌ഡപം ശംസ്‌ മന്‍സിലില്‍ പരേതരായ ശംസുദ്ദീന്‍ - ശരീഫ ബീവി ദമ്പതികളുടെ മകള്‍ ഷമീന ഹസന്റെ ആരോഗ്യ നില ഈ അടുത്ത ദിവസങ്ങളില്‍ മോശമായതായി സ്ഥിരീകരണം. നിരവധി ശസ്‌ത്രക്രിയകള്‍ക്ക്‌ ശേഷം അഞ്ച്‌ മാസത്തെ വിദഗ്‌ധ ചികിത്സയിലൂടെ ക്രമേണ മെച്ചപ്പെട്ടിരുന്ന ഷമീനയുടെ നില മോശമായതിനെത്തുടര്‍ന്ന്‌ രണ്ട്‌ ദിവസം മുമ്പാണ്‌ റിയാദ്‌ കെയര്‍ ആശുപത്രിയിലെ ഐ.സി.യുവിലേക്ക്‌ മാറ്റിയത്‌. പേസ്‌ മേക്കറും വെന്റിലേറ്ററും ഒഴിവാക്കി ഐ.സി.യുവില്‍ നിന്നും ഒരു മാസം മുമ്പ്‌ സാധാരണ വാര്‍ഡിലേക്ക്‌ മാറ്റിയതായിരുന്നു.
ഷമീനക്ക്‌ ഹാനികരമായ ഒരു സന്ദര്‍ശനവും അനുവദിക്കില്ലെന്ന്‌ ബന്ധപ്പെട്ടവരെ ധരിപ്പിച്ചതായി തുടക്കം മുതല്‍ ഷമീനക്ക്‌ പരിചരണവും സാന്ത്വനവുമായി രംഗത്തുള്ള കെ.ആര്‍. ഡബ്ല്യു പ്രവര്‍ത്തകന്‍ ബഷീര്‍ പാണക്കാട്‌ മലയാളം ന്യൂസിനോട്‌ പറഞ്ഞു. തങ്ങളുടെ സഹോദരിയെന്ന നിലയില്‍ മാസങ്ങളായി പരിചരിക്കുന്ന ഷമീന സുഖം പ്രാപിക്കുന്നതിന്‌ ഹാനികരമായ വിധത്തില്‍ കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക തര്‍ക്കങ്ങളും ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും അനുവദിക്കാനാവില്ലെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു.
തന്നെക്കുറിച്ച്‌ മുഹമ്മദ്‌ കുഞ്ഞു നാസിമുദ്ദീന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഷമീനയുടെ ജ്യേഷ്‌ഠന്‍ ബഷീര്‍ നിഷേധിച്ചു. ഹസന്റെ മൃതദേഹം അടക്കുന്നതിനുള്ള മുക്ത്യാര്‍ ഇ-മെയിലിലൂടെയാണ്‌ ലഭിച്ചത്‌. ഒറിജിനല്‍ തന്റെ കൈവശമില്ല. നാസിമുദ്ദീന്റെ പേരിലുള്ള മുക്ത്യാര്‍ കൊണ്ട്‌ തനിക്കെന്ത്‌ ചെയ്യാനാണെന്ന്‌ ബഷീര്‍ ചോദിച്ചു.
ഹസന്‍ നടത്തിയിരുന്ന കട സ്‌പോണ്‍സര്‍ വില്‍പ്പന നടത്തിയതിന്‌ തന്നെ കുറ്റപ്പെടുത്തുന്നത്‌ ശരിയല്ല. സഹോദരന്‍ നുജൂമുദ്ദീന്റെ കുടുംബത്തോടൊപ്പമാണ്‌ ഷമീനയും ഭര്‍ത്താവ്‌ ഹസനും താമസിച്ചിരുന്നത്‌. നുജൂമിന്റെ ഭാര്യ അപകടത്തില്‍ മരിച്ചു. നൂജൂം ചികിത്സക്ക്‌ നാട്ടിലാണ്‌. ഈ ഫ്‌ളാറ്റുകളുടെ വാടക പുതുക്കി നല്‍കിയത്‌ താനാണ്‌. സഹോദരിയും അളിയനും താമസിച്ചിരുന്ന ഭാഗം അടച്ചിട്ടിരിക്കുകയാണെന്നും അതിനകത്ത്‌ താന്‍ ഇത്‌ വരെ കയറിയിട്ട്‌ പോലുമില്ലെന്നും ബഷീര്‍ പറയുന്നു. എന്റെ സഹോദരി സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവരും. നട്ടെല്ലിന്‌ പരിക്കേറ്റതിനാല്‍ ചലനശേഷിക്ക്‌ മാത്രമാണ്‌ പ്രശ്‌നമുള്ളത്‌. ഷമീനക്ക്‌ സംസാരിക്കാന്‍ കഴിയും. അവള്‍ തന്നെ നടന്നത്‌ പറയും - ആശുപത്രിയില്‍ ഷമീനയെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്നെ കേസില്‍ കുടുക്കാനുള്ള ശ്രമമാണിതെന്നുമുള്ള മുഹമ്മദ്‌ കുഞ്ഞു നാസിമുദ്ദീന്റെ ആരോപണത്തെക്കുറിച്ച്‌ ബഷീര്‍ പറഞ്ഞു.