ഷമീനയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന്‌ ഭര്‍തൃ സഹോദരന്‍

ദമാം: റിയാദില്‍ ആശുപത്രിയില്‍ കഴിയുന്ന ഷമീന ഹസനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന്‌ വിഴിഞ്ഞം പറങ്കിമാം വിള വീട്ടില്‍ മുഹമ്മദ്‌ കണ്ണ്‌ നാസിമുദ്ദീന്‍. ഉംറ കഴിഞ്ഞ്‌ ഹസയിലേക്ക്‌ വരുന്ന വഴി റിയാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ സല്‍ബൂക്കിന്‌ സമീപം മെയ്‌ പത്തിന്‌ ഞായറാഴ്‌ചയുണ്ടായ
അപകടത്തില്‍ പരിക്കേറ്റ ഷമീന ആശുപത്രിയില്‍ ചികിത്സയിലാണ്‌. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷമീനയുടെ ഭര്‍ത്താവ്‌ വിഴിഞ്ഞം മുഹമ്മദ്‌ കണ്ണ്‌ - നബീസ ബീവി ദമ്പതികളുടെ മകന്‍ ഹസന്‍ മൂന്നാം നാള്‍ മരിച്ചു. ഹസന്റെ അനിയനാണ്‌ നാസിമുദ്ദീന്‍. ഭര്‍തൃസഹോദരന്‍ ആശുപത്രികിടക്കയില്‍ ഷമീനയെ ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന്‌ ആശുപത്രിയില്‍ സന്ദര്‍ശനത്തിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതായും മലയാളം ന്യൂസ്‌ ഉള്‍പ്പെടെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
ആശുപത്രിയില്‍ ഷമീനയെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്നെ കേസില്‍ കുടുക്കാനുള്ള ശ്രമമാണിതെന്നും
മുഹമ്മദ്‌ കുഞ്ഞു നാസിമുദ്ദീന്‍ മലയാളം ന്യൂസ്‌ ദമാം ബ്യൂറോക്ക്‌ അയച്ചു തന്ന വിശദീകരണത്തില്‍ പറയുന്നു. ഈ ഹരജി താന്‍ ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിച്ചതായി പതിനഞ്ച്‌ വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന നാസിമുദ്ദീന്‍ പറഞ്ഞു.
അപകടത്തില്‍ ആശുപത്രിയിലായ സഹോദരന്‍ ഹസന്‍ മെയ്‌ 13ന്‌ നിര്യാതനായി. അനന്തരാവകാശികളായി നാട്ടിലുള്ള സഹോദരനും സഹോദരിയും തന്റെ പേരിലാണ്‌ മുക്ത്യാര്‍ നല്‍കിയത്‌. അതനുസരിച്ച്‌ ഹസയില്‍ ഖബറടക്കി. ഹസന്റെ ഭാര്യാ സഹോദരന്‍ ബഷീര്‍ ശംസുദ്ദീന്‍ മുക്ത്യാറിന്റെ ഒറിജിനലും ഡെത്ത്‌ സര്‍ടിഫിക്കറ്റും സൂക്ഷിച്ചിരിക്കുകയാണെന്നും പല തവണ ആവശ്യപ്പെട്ടിട്ടും തിരിച്ചുകിട്ടിയിട്ടില്ലെന്നും നാസിമുദ്ദീന്‍ വിശദീകരണത്തില്‍ പറയുന്നു.
ഹസയില്‍ തന്റെ സഹോദരന്‍ നടത്തിയിരുന്ന പ്ലമ്പിംഗ്‌, സാനിറ്ററി സാധനങ്ങളുടെ കട തന്റെയോ സ്‌പോണ്‍സറുടെയോ അനുമതി കൂടാതെ ബഷീര്‍ സ്വന്തമാക്കി, സഹോദരന്റെ ഫ്‌ളാറ്റിലെ സാധനങ്ങള്‍ പോലും വിറ്റു തുടങ്ങി മറ്റ്‌ സാമ്പത്തിക ആരോപണങ്ങളും നാസിമുദ്ദീന്‍ പരാതിയില്‍ ഉന്നയിക്കുന്നുണ്ട്‌.