സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ നവമ്പറില്‍

ദമാം: സൗദിയുള്‍പ്പെടെ വിവിധ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ നവമ്പര്‍ മൂന്നാം വാരത്തില്‍ സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതായി സൂര്യ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ റഫീഖ്‌ യൂനുസ്‌ അറിയിച്ചു. ലയ ശക്തി എന്ന ഇന്‍സ്‌ട്രുമെന്റല്‍ ഫ്യൂഷന്‍ കഥക്‌, ഭരതനാട്യം, എന്നിവയാണ്‌ ഇത്തവണ ഇന്ത്യാ ഫെസ്റ്റില്‍ അരങ്ങേറുന്നത്‌. പ്രഗത്ഭ കലാകാരന്മാരായ ഉസ്‌താദ്‌ നാസര്‍ ഖാന്‍ (സാംരംഗി), ഉസ്‌താദ്‌ റാഷിദ്‌ മുസ്‌തഫ (തബല) ഫതെഹ്‌ സിംഗ്‌ (ഫഖാവജ്‌ം), പ്രേംകുമാര്‍ (മൃദംഗം), എന്നിവരാണ്‌ ലയ ശക്തിയില്‍ അണിനിരക്കുന്നത്‌. നര്‍ത്തകരായ ഹരി, ചേതക്‌, (കഥക്‌),കീര്‍ത്തി രാംഗോപാല്‍ (ഭരതനാട്യം) എന്നിവരാണ്‌ സംഘത്തിലെ മറ്റംഗങ്ങള്‍. സൂര്യ കൃഷ്‌ണമൂര്‍ത്തി സംഘത്തിന്‌ നേതൃത്വം നല്‍കി.
നവമ്പര്‍ 18ന്‌ ദമാമിലും 19ന്‌ റിയാദിലും 20ന്‌ ജിദ്ദയിലുമാണ്‌ പരിപാടി. 21ന്‌ ദമാമില്‍ സൗദി അരാംകോ ജീവനക്കാര്‍ക്ക്‌ മാത്രമായി സൂര്യ കലാകാരന്മാരുടെ പ്രകടനം അരങ്ങേറും. നവമ്പര്‍ 22ന്‌ മസ്‌കത്ത്‌ (ഒമാന്‍), 23ന്‌ ദുബായ്‌ (യു.എ.ഇ), 24 ന്‌ അബൂദാബി (യു.എ.ഇ), 25ന്‌ ദോഹ (ഖത്തര്‍), 26ന്‌ മനാമ (ബഹ്‌റൈന്‍) 27 ന്‌ കുവൈത്ത്‌ എന്നിവിടങ്ങളിലും സൂര്യ ഇന്ത്യാ ഫെസ്റ്റ്‌ അരങ്ങേറുമെന്ന്‌ റഫീഖ്‌ യൂനുസ്‌ പറഞ്ഞു.