ജുബൈലില്‍ തടവിലുള്ള അസീം അലി മോചനത്തിന്‌ വഴി തേടുന്നു

ദമാം: കൊലപാതകക്കേസില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ മോചനത്തിന്‌ സഹായം തേടുന്നു. തമിഴ്‌നാട്ടുകാരനായ മാരിമുത്തുവിനെ കൊന്നുവെന്ന കുറ്റത്തിന്‌ തടവില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ്‌ സ്വദേശി അസീം അലി (28)യാണ്‌ ജുബൈല്‍ ജയിലില്‍ നിന്നും അധികൃതരുടെ അനുമതിയോടെ മലയാളം ന്യൂസ്‌ ദമാം ബ്യൂറോയുമായി ബന്ധപ്പെട്ടത്‌. നഷ്‌ടപരിഹാരം നല്‍കി കേസ്‌ ഒത്തുതീര്‍ക്കുന്നതിന്‌ തന്റെ വീട്ടുകാര്‍ തയാറാണെന്നും എന്നാല്‍ ഭാഷാ പ്രശ്‌നം കാരണം ഇരു വീട്ടുകാര്‍ക്കും സംഭാഷണം നടത്താനാവാത്ത സാഹചര്യത്തിലാണ്‌ അസീം അലി തന്റെ വിവരം പുറം ലോകത്തെ അറിയിക്കുന്നതിന്‌ മലയാളം ന്യൂസിന്റെ സഹായം തേടിയത്‌.
പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദ്‌ ജില്ലയിലെ കന്‍പി പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ സുരന്ദര്‍പൂര്‍ കലിശങ്കര്‍ പൂര്‍ സ്വദേശിയാണ്‌ അസീം അലി. മാരിമുത്തു തമിഴ്‌നാട്ടുകാരനാണെന്ന്‌ മാത്രമെ അസീം അലിക്ക്‌ അറിയൂ. ഹുസൈന്‍ ഹബീബ്‌ ബിന്‍ അല്‍ ഹസന്‍ എന്ന സൗദിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഖതീഫില്‍ ഒരു ഫാമിലാണ്‌ താനും മാരമിമുത്തുവും ജോലി ചെയ്‌തിരുന്നതെന്ന്‌ അസീം അലി പറഞ്ഞു. വാക്ക്‌ തര്‍ക്കവും ശണ്‌ഠയും മൂത്ത്‌ അടിപിടിയിലെത്തി. അതിന്റെ അന്ത്യത്തില്‍ മാരിമുത്തു കൊല്ലപ്പെട്ടു. 2005ലാണ്‌ സംഭവം
തുടര്‍ന്ന്‌ സ്‌പോണ്‍സര്‍ തന്നെ അസീം അലിയെ പോലീസിന്‌ കൈമാറുകയായിരുന്നു. അസീം അലി നല്‍കിയ നമ്പറില്‍ സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
ഒരു നിമിഷത്തിലെ വൈകാരിക ആവേശം കാരണം താന്‍ ചെയ്‌ത കൃത്യത്തില്‍ ദു:ഖമുണ്ടെന്ന്‌ അസീം അലി മലയാളം ന്യൂസിനോട്‌ പറഞ്ഞു. തന്നെ ആശ്രയിച്ച്‌ ജീവിക്കുന്ന കുടുംബം കഷ്‌ടപ്പാടിലാണ്‌. കുടുംബനാഥന്‍ നഷ്‌ടമായ മാരിമുത്തുവിന്റെ കുടുംബവും ഇതേ അവസ്ഥയിലാണ്‌. ഈ സാഹചര്യത്തില്‍ നഷ്‌ടപരിഹാരം നല്‍കി തന്നെ മോചിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തുന്നതായി അസീം അലി പറഞ്ഞു.
നഷ്‌ടപരിഹാരം സ്വീകരിച്ച്‌ രേഖ നല്‍കാന്‍ മാരിമുത്തുവിന്റെ കുടുംബം സന്നദ്ധമാണെന്ന്‌ വിവരം ലഭിച്ചതായി അസീം അലി പറഞ്ഞു. ബംഗാളി മാത്രമറിയുന്ന തന്റെ വീട്ടുകാര്‍ക്കും തമിഴ്‌ മാത്രമറിയുന്ന മാരിമുത്തുവിന്റെ വീട്ടുകാര്‍ക്കും കൂടുതല്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല. ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച അജ്ഞതയും തടസം നില്‍ക്കുന്നതായി അസീം അലി പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട്‌ സാമൂഹിക പ്രവര്‍ത്തകര്‍ തന്റെ മോചനത്തിന്‌ ആവശ്യമായ സഹകരണം നല്‍കുമെന്ന പ്രതീക്ഷ മലയാളം ന്യൂസുമായുള്ള സംഭാഷണത്തില്‍ അസീം അലി പങ്കുവെച്ചു.