ആശുപത്രി കിടക്കയില്‍ അഞ്ച്‌ മാസം പിന്നിടുന്ന ഷമീനക്ക്‌ നേരെ ഭീഷണിയെന്ന്‌ പരാതി

ദമാം: തിരുവനന്തപുരം കാരക്കാമണ്‌ഡപം ശംസ്‌ മന്‍സിലില്‍ പരേതരായ ശംസുദ്ദീന്‍ - ശരീഫ ബീവി ദമ്പതികളുടെ മകള്‍ ഷമീന ഹസന്‍ ആശുപത്രിയില്‍ അടുത്ത ശനിയാഴ്‌ച അഞ്ച്‌ മാസം പിന്നിടുന്നു. നിരവധി ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയയായി വെന്റിലേറ്ററും പേസ്‌ മേക്കറും മറ്റുമായി ഐ.സി.യുവില്‍ കഴിഞ്ഞ ഷമീനയുടെ ആരോഗ്യ നില അനുദിനം മെച്ചപ്പെടുന്നുണ്ട്‌. കഴിഞ്ഞ മാസം ഐ.സിയുവില്‍ നിന്നും ഷമീനയെ സാധാരണ വാര്‍ഡിലേക്ക്‌ മാറ്റിയിരുന്നു. റിയാദ്‌ മിലിട്ടറി ആശുപത്രിയില്‍ വിദഗ്‌ധ ചികിത്സ ലഭിച്ച ഷമീന തുടര്‍ന്ന്‌ റിയാദ്‌ കെയര്‍ എന്ന സ്വകാര്യ ആശുപത്രിയിലാണ്‌ ഇപ്പോഴുള്ളത്‌. സാധാരണ നില കൈവരിക്കുന്നതിനിടെ ഇന്നലെ ഷമീനയെ വീണ്ടും ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചു.
ഉംറ കഴിഞ്ഞ്‌ ഹസയിലേക്ക്‌ വരുന്ന വഴി റിയാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ സല്‍ബൂക്കിന്‌ സമീപം മെയ്‌ പത്തിന്‌ ഞായറാഴ്‌ചയാണ്‌ അപകടമുണ്ടായത്‌. ഇന്നോവ വാഹനത്തില്‍ യാത്ര ചെയ്‌ത മലയാളി കുടുംബത്തിലെ പത്ത്‌ പേരില്‍ അഞ്ച്‌ പേരും മരിച്ച അപകടം സൗദിയിലെ മലയാളി സമൂഹത്തിന്‌ മൊത്തം ഞെട്ടലുണ്ടാക്കിയിരുന്നു.
ഷമീനയുടെ ഭര്‍ത്താവ്‌ വിഴിഞ്ഞം പറങ്കിമാം വിള വീട്ടില്‍ മുഹമ്മദ്‌ കണ്ണ്‌ - നബീസ ബീവി ദമ്പതികളുടെ മകന്‍ എ.എസ്‌. മന്‍സിലില്‍ അബ്‌ദുല്‍ ഹസന്‍ (53), സഹോദരന്‍ നുജൂമുദ്ദീന്റെ ഭാര്യ മണക്കാട്‌ ഷിബി കോട്ടേജില്‍ അബ്‌ദുല്‍ ഹമീദ്‌ - ലൈലാബീവി ദമ്പതികളുടെ മകളുമായ ഷെര്‍മി, സഹോദരന്‍ അനീഫുദ്ദീന്‍, ഭാര്യ വള്ളക്കടവ്‌ എന്‍.എസ്‌. ഡിപ്പോ റോഡില്‍ ഷൈനി മന്‍സിലില്‍ അബ്‌ദുല്‍റഷീദ്‌ - ബീമ ദമ്പതികളുടെ മകള്‍ ഷൈനി, ഒന്നര വയസ്‌ പ്രായമുള്ള കുഞ്ഞ്‌ ഫസീല എന്നിവരാണ്‌ മരിച്ചത്‌. സാരമായ പരിക്കേറ്റ നുജൂമുദ്ദീന്‍ ഇപ്പോള്‍ നാട്ടില്‍ ചികിത്സ തുടരുകയാണ്‌. നൂജൂമിന്റെ മക്കള്‍ മുബാറക്‌, മുഷ്‌താഖ്‌, അനഫുദ്ദീന്റെ മകള്‍ ഫാത്തിമ എന്നീ കുട്ടികള്‍ മാത്രമാണ്‌ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്‌. ഷെമീനയെ നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രംമ നടത്തിയെങ്കിലും ആരോഗ്യ നില അതിന്‌ യോജ്യമല്ലായിരുന്നുവെന്ന്‌ സഹോദരന്‍ ബഷീര്‍ (അല്‍ഹസ) പറഞ്ഞു.
റിയാദില്‍ ആശുപത്രിക്കിടക്കയില്‍ വിദഗ്‌ധ ചികിത്സക്കൊപ്പം കെ.ആര്‍.ഡബ്ലിയു പ്രവര്‍ത്തകരുടെ നിരന്തരമായ പരിചരണം ഷമീനക്ക്‌ സാന്ത്വനമായി. സാധാരണ ജീവിതത്തിലേക്ക്‌ അവര്‍ തിരിച്ചുവരികയാണെന്ന്‌ സഹോദര നിര്‍വിശേഷമായ ആത്മാര്‍ത്ഥതയോടെ ഷമീനക്ക്‌ പരിചരണം നല്‍കുന്ന ബഷീര്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു.
ഇതിനിടെ പെട്ടെന്ന്‌ ഷമീനയുടെ ആരോഗ്യ നില വഷളായത്‌ ഏറെ ആശങ്കകള്‍ക്ക്‌ വഴിവെച്ചിട്ടുണ്ട്‌. റിയാദിലുള്ള ഭര്‍തൃസഹോദരനില്‍ നിന്നും ഷമീനയുടെ ജീവന്‌ നേരെ ഭീഷണിയുള്ളതായി ഉയര്‍ന്ന പരാതിയാണ്‌ ഇതില്‍ പ്രധാനം. പരാതിയെത്തുടര്‍ന്ന്‌ ഭര്‍തൃ സഹോദരന്‍ ആശുപത്രി സന്ദര്‍ശിക്കുന്നതിന്‌ അധികൃതര്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയതായി വിവരം ലഭിച്ചു. ആശുപത്രിക്കിടക്കയിലുള്ള ഷമീനക്ക്‌ കുടിക്കാന്‍ പാനീയം നല്‍കിയത്‌ ആരോഗ്യ നില വഷളാക്കിയെന്നും, ചില രേഖകളില്‍ ഒപ്പിടുവിക്കുന്നതിന്‌ വേണ്ടി ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതി ഇന്ത്യന്‍ എംബസിക്കും മറ്റ്‌ അധികൃത കേന്ദ്രങ്ങളിലും ലഭിച്ചിട്ടുണ്ട്‌.