നേരിട്ടുള്ള വിമാനത്തില്‍ ടിക്കറ്റെടുത്തവര്‍ക്ക്‌ പകരം ബജറ്റ്‌ വിമാനത്തില്‍ ദുരിതയാത്ര

ദമാം: കുടുംബ സമേതം നേരിട്ടുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ വലിയ തുക നല്‍കി നാളുകള്‍ക്ക്‌ മുമ്പ്‌ ടിക്കറ്റെടുത്തവര്‍ക്ക്‌ എയര്‍ ഇന്ത്യ പകരം നല്‍കിയത്‌ ബജറ്റ്‌ എയര്‍ലൈന്‍ യാത്ര. കുട്ടികളോടൊപ്പം യാത്ര ചെയ്‌ത കുടുംബിനികളാണ്‌ ഏറെ ദുരിതം അനുഭവിച്ചതെന്ന്‌ മലയാളം ന്യൂസ്‌ ദമാം ബ്യൂറോയുമായി ബന്ധപ്പെട്ട നിരവധി യാത്രക്കാര്‍ പരാതിപ്പെട്ടു. വിശന്നു കരയുന്ന കുട്ടികളെ നാട്ടില്‍ നിന്നും കൊണ്ടുവരുന്ന സ്‌നാക്‌സും പലഹാരങ്ങളും വിതരണം ചെയ്‌താണ്‌ പലരും സമാശ്വസിപ്പിച്ചത്‌.
സെപ്‌തംബര്‍ 29ന്‌ തിങ്കളാഴ്‌ച കൊച്ചിയില്‍ നിന്നുള്ള ദമാം വിമാനം റദ്ദാക്കിയിരുന്നു. ഒക്‌ടോബര്‍ മൂന്നിന്‌ ശനിയാഴ്‌ച പുലര്‍ച്ചെയുള്ള ബഹ്‌റൈന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യണമെന്ന നിര്‍ദേശമാണ്‌
ലഭിച്ചതെന്ന്‌ ദമാമില്‍ ജോലി ചെയ്യുന്ന ബിജു മാവേലിക്കര പറഞ്ഞു.
ഈ ബജറ്റ്‌ എയര്‍ലൈനില്‍ യാത്രക്ക്‌ സന്നദ്ധമല്ലെങ്കില്‍ പിന്നെ പതിനഞ്ച്‌ ദിവസത്തിന്‌ ശേഷം മാത്രമെ സീറ്റ്‌ ലഭിക്കൂവെന്ന്‌ ഭയപ്പെടുത്താനും അധികൃതര്‍ വിട്ടുപോയില്ല.
ശനിയാഴ്‌ച രാവിലെ ഇന്ത്യന്‍ സമയം മൂന്നര മണിയാണ്‌ ബഹ്‌റൈന്‍ എയര്‍ പുറപ്പെടുന്നത്‌. മൂന്ന്‌ മണിയോടെ ഏതാണ്ട്‌ 130 യാത്രക്കാരെ കയറ്റിയിരുത്തി. എന്നാല്‍ സാങ്കേതിക തകരാറ്‌ കാരണം വിമാനം പുറപ്പെട്ടത്‌ രാവിലെ ഏഴര മണിയോടെയാണ്‌. ഏതാണ്ട്‌ എട്ടര മണിയോടെ ബഹ്‌റൈനിലെത്തി. അമ്പത്‌ ശതമാനം പേരുടെ ലഗേജ്‌ എത്തിയില്ല.
മനാമയിലെത്തിയപ്പോള്‍ തുടര്‍ യാത്ര സംബന്ധിച്ച അനിശ്ചിതത്വവും നിലനിന്നു. എയര്‍ ഇന്ത്യയുടെ ഒരു ജീവനക്കാരനെയും അവിടെ കണ്ടില്ല. ഒരു വനിത സഹായം നല്‍കി. അവരോട്‌ അന്വേഷിച്ചപ്പോള്‍ താന്‍ ഒമാന്‍ എയര്‍വേസ്‌ സ്റ്റാഫാണെന്നും നിങ്ങളുടെ ദുരിതം കണ്ട്‌ സഹായിക്കുകയാണെന്നുമാണ്‌ മറുപടി ലഭിച്ചത്‌. അത്ര പോലും സന്മനസ്‌ എയര്‍ ഇന്ത്യ അധികൃതര്‍ കാണിച്ചില്ല. പകുതി പേരുടെ ലഗേജ്‌ മണിക്കൂറുകള്‍ വൈകിയാണ്‌ എത്തിയത്‌. പത്ത്‌ പതിമൂന്ന്‌ പേരോട്‌ ഞായറാഴ്‌ച ദമാം വിമാനത്താവളത്തില്‍ എത്തിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയിരിക്കയാണ്‌.
ദമാമിലേക്കുള്ള മുപ്പതോളം പേര്‍ക്ക്‌ റോഡ്‌ വഴി ദമാമിലേക്ക്‌ ഉച്ചക്ക്‌ പന്ത്രണ്ട്‌ മണിയോടെയാണ്‌ പുറപ്പെടാനായത്‌. കോസ്‌ വേയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ അഞ്ച്‌ മണിക്കൂര്‍ വേണ്ടി വന്നു.
യാത്രക്കാരന്‍ എത്താതിരുന്നാലും അനിവാര്യ കാരണങ്ങളാല്‍ യാത്ര റദ്ദാക്കിയാലും പിഴ ഈടാക്കുന്നതാണ്‌ വിമാനക്കമ്പനികള്‍. ഈ കമ്പനികള്‍ വാക്ക്‌ ലംഘിക്കുമ്പോള്‍ സാധാരണക്കാരായ യാത്രക്കാര്‍ നിശ്ശബ്‌ദം സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കയാണെന്ന്‌ വീണ്ടും തെളിയുകയാണ്‌.