ജുബൈലില്‍ നിര്യാതനായ ഹുസൈന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും.

ദമാം: ജുബൈലില്‍ ട്രക്കിനും മതിലിനുമിടയില്‍ കുടുങ്ങി മരിച്ച മലപ്പുറം ചെറുകാവ്‌ മുണ്ടംകുഴി ഇമ്പിച്ചിബാവയുടെ മകന്‍ അടക്കാട്ടില്‍ ഹുസൈന്റെ (31) മൃതദേഹം നാട്ടിലെത്തിക്കും. ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ കബീര്‍ കൊണ്ടോട്ടിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്നതായി ജുബൈല്‍ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യു.എ. റഹീം അറിയിച്ചു. ശനിയാഴ്‌ച ഉച്ചക്ക്‌ ജുബൈല്‍ ടൊയോട്ടക്ക്‌ സമീപം അല്‍ഖൊനൈനി പെട്രോള്‍ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ ഹുസൈന്‍ മരിച്ച വാര്‍ത്ത ഇന്നലെ മലയാളം ന്യൂസ്‌ പ്രസിദ്ധീകരിച്ചിരുന്നു.
രണ്ട്‌ വര്‍ഷം മുമ്പ്‌ സൗദിയിലെത്തിയ ഹുസൈന്‍ അല്‍ ഖുവൈലിദ്‌ കമ്പനിക്ക്‌ കീഴില്‍ ഗാര്‍ബേജുകള്‍ നീക്കം ചെയ്യുന്ന ട്രക്കിന്റെ ഡ്രൈവറായിരുന്നു. ജ്യേഷ്‌ഠന്‍ മുസ്‌തഫ ഇതേ കമ്പനിയിലാണ്‌ ജോലി ചെയ്യുന്നത്‌. പെട്രോള്‍ സ്റ്റേഷനില്‍ ട്രക്ക്‌ ഹാന്‍ഡ്‌ ബ്രേക്കില്‍ നിര്‍ത്തി പുറത്തിറങ്ങിയ ഹുസൈന്‍ ബോണറ്റ്‌ തുറന്ന്‌ ചില പ്രവൃത്തികളിലായിരുന്നു. ഇതിനിടെ ഹാന്‍ഡ്‌ ബ്രേക്ക്‌ താഴ്‌ന്ന്‌ മുന്നോട്ട്‌ നീങ്ങിയ ട്രക്ക്‌ ഏതാനും മീറ്റര്‍ മാത്രമകലെയുള്ള മതിലില്‍ ഹുസൈനെ ചേര്‍ത്തിടിച്ചു. ഇരുപത്‌ മിനിട്ടോളം കഴിഞ്ഞ്‌ ആംബുലന്‍സ്‌ എത്തിയാണ്‌ ജുബൈല്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്‌. ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്നതിന്‌ മുമ്പ്‌ മരണം സംഭവിച്ചതായി വിവരമറിഞ്ഞയുടനെ സ്ഥലത്തെത്തിയ കെ.എം,.സി.സി ജുബൈല്‍ ടൗണ്‍ ഘടകം പ്രസിഡന്റ്‌ ആലിക്കോയ ഫറോക്ക്‌ പറഞ്ഞു. മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി.
പരേതയായ ബീഫാത്തിമയാണ്‌ മാതാവ്‌. ഭാര്യ: സജ്‌ന. (പറമ്പില്‍ ബസാര്‍). മക്കള്‍: ദാനിഷ്‌ (5 വയസ്‌), ഫാത്തിമ (ഒന്നര വയസ്‌). മുസ്‌തഫ, ജമീല, നഫീസ എന്നിവര്‍ സഹോദരങ്ങളാണ്‌. ചെറിയ കുഞ്ഞിനെ നേരില്‍ കണ്ടിട്ടില്ലാത്ത ഹുസൈന്‍ അടുത്ത ജനവരിയില്‍ നാട്ടിലേക്ക്‌ അവധിക്ക്‌ പോകാനുള്ള ഒരുക്കത്തിലായിരുന്നു.