ഇന്ത്യക്കാരായ നാല്‌ ഡ്രൈവര്‍മാര്‍ ട്രെയിലറുകളുമായി മുങ്ങിയെന്ന്‌ പരാതി

ദമാം: ചരക്ക്‌ നിറച്ച ട്രെയിലറുകളുമായി നാല്‌ ഇന്ത്യക്കാര്‍ മുങ്ങിയതായി പരാതി. മലയാളികളായ വയനാട്‌ കല്‍പ്പറ്റ തരിയോട്‌ പുതുശ്ശേരിയില്‍ മണിയുടെ മകന്‍ അജീഷ്‌ (29), ഇടുക്കി മൂന്നാര്‍ നാഗര്‍മുടി സെവന്‍ മല്ലൈ എസ്റ്റേറ്റില്‍ പെരുമാളിന്റെ മകന്‍ പൊന്‍പാണ്ടി (31) തമിഴ്‌നാട്ടുകാരായ തമിഴ്‌നാട്‌ നെല്ലൈ പൂവാന്‍കുടി തിവാന്‍ മെയ്‌തീന്‍ മകന്‍ ആലാപ്‌തീന്‍ (31), തൂത്തുക്കുടി നേതാജി നഗര്‌ വെസ്റ്റ്‌ തേര്‍ഡ്‌ സ്‌ട്രീറ്റില്‍ സിന്‍ദയുടെ മകന്‍ അലി (28) എന്നിവര്‍ ജോലിക്കിടയില്‍ അപ്രത്യക്ഷരായെന്നാണ്‌ ദമാം കേന്ദ്രമായുള്ള ഫഹദ്‌ അല്‍ ഹര്‍ബി എസ്റ്റാബ്ലിഷ്‌മെന്റ്‌ ഉടമ ഫഹദ്‌ ഫാലിഹ്‌ അല്‍ ഹര്‍ബിപരാതി നല്‍കിയത്‌. ദമാം റെയില്‍വെ സ്റ്റേഷന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദമാമിലും ജിദ്ദയിലും റിയാദിലും ജവാസാത്തിന്‌ കീഴിലുള്ള വിദേശി വിഭാഗത്തിന്‌ അധികൃതര്‍ വിവരം നല്‍കി. നാല്‌ പേരെയും കണ്ടെത്തുന്നതിന്‌ കമ്പനി ഇന്ത്യന്‍ എംബസിയുടെയും സഹകരണം തേടി.
രണ്ട്‌ ലക്ഷം റിയാല്‍ വിലവരുന്ന മീഡിയം വലിപ്പത്തിലുള്ള ടൈഡ്‌ വാഷിംഗ്‌ പൗഡര്‍ കാര്‍ട്ടണുകളാണ്‌ ഓരോ ട്രെയിലറിലുണ്ടായിരുന്നത്‌. ദമാം കിംഗ്‌ അബ്‌ദുല്‍ അസീസ്‌ പോര്‍ട്ടില്‍ നിന്നും അബൂ ദാവൂദ്‌ കമ്പനിയുടെ ഗോഡൗണിലേക്ക്‌ ചരക്ക്‌ കൊണ്ടുപോകുന്നതിനിടക്കാണ്‌ നാല്‌ പേരും അപ്രത്യക്ഷരായത്‌. വഴിയില്‍ തടസം നേരിട്ട ഒരു ട്രെയിലര്‍ ചരക്കുകളോടെയും മറ്റൊരു ട്രെയിലര്‍ ചരക്കുകളില്ലാതെയും കണ്ടെത്തി. മറ്റ്‌ രണ്ട്‌ ട്രെയിലറുകള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട്‌ ഡ്രൈവര്‍മാര്‍ മറ്റുള്ളവരോടൊപ്പം സ്ഥലം വിട്ടതായാണ്‌ കരുതുന്നതെന്ന്‌ ഉടമ ഫഹദ്‌ പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0505829366 നമ്പറില്‍ അറിയിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ആലാപ്‌തീന്‍ രണ്ട്‌ വര്‍ഷവും അലി സിന്ദ ഒന്നര വര്‍ഷവും അജീഷും പൊന്‍പാണ്ടിയും ഒരു വര്‍ഷമായും കമ്പനിയില്‍ ജോലി ചെയ്യുന്നു. ശമ്പളവും ബോണസും താന്‍ മുടങ്ങാതെ നല്‍കാറുണ്ടെന്നും അപകടം വരുത്തിയ സന്ദര്‍ഭത്തില്‍ പോലും ഒരു റിയാലും താന്‍ ഈടാക്കിയിട്ടില്ലെന്നും ഫഹദ്‌ അല്‍ ഹര്‍ബി മലയാളം ന്യൂസിനോട്‌ പറഞ്ഞു. ഇന്ത്യക്കാരോട്‌ വിശേഷിച്ച്‌ മലയാളികളുമായി നല്ല സൗഹൃദമുള്ള വ്യക്തിയാണ്‌ ഫഹദ്‌ അല്‍ ഹര്‍ബി. നിരവധി ഇന്ത്യക്കാര്‍ ജോലിയെടുക്കുന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ഇത്തരമൊരു അനുഭവം മൊത്തം ഇന്ത്യന്‍ സമൂഹത്തിന്‌ മാനക്കേടായി.