ദമാമില്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്കായി ഡിഫയുടെ ബോധവത്‌കരണ സംഗമം

ദമാം: മാനസികവും ശാരീരികവുമായ വ്യായാമത്തിന്‌ ഉതകുന്ന കളികളും കളിക്കളങ്ങളും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും വേദികളാവണമെന്ന്‌ ദമാമില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിച്ച കളിക്കാരുടെയും സംഘാടകരുടെയും സംഗമം ആഹ്വാനം ചെയ്‌തു. അല്‍ ഇത്തിഫാഖ്‌ ക്ലബിലെ മുന്‍ കളിക്കാരനും മാധ്യമ പ്രവര്‍ത്തകനുമായ സാദ്‌ മുസഫര്‍ അല്‍ ഹവാരി (സൗദി പാന്‍ ഗള്‍ഫ്‌) സംഗമം ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അല്‍ ഹവാരി എല്ലാ സഹകരണവും വാഗ്‌ദാനം ചെയ്‌തു.
ഈദ്‌ അവധിക്കാലത്ത്‌ അല്‍കോബാറില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിലുണ്ടായ ആശാസ്യമല്ലാത്ത ചില നടപടികളുടെ പശ്ചാത്തലത്തിലാണ്‌ അസോസിയേഷന്‍ ക്ലബ്‌ ഭാരവാഹികള്‍ക്കും കളിക്കാര്‍ക്കുമായി ബോധവത്‌കരണസംഗമം സംഘടിപ്പിച്ചത്‌. ഡിഫ പ്രസിഡന്റ്‌ സതീഷ്‌ പരുമല അധ്യക്ഷനായിരുന്നു. തേക്കടിയില്‍ ബോട്ട്‌ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ ആദരാഞ്‌ജലികളര്‍പ്പിച്ച്‌ സദസ്‌ മൗനം ആചരിച്ചു.
കളിക്കളത്തിലും പുറത്തും രാജ്യത്ത്‌ നിലനില്‍ക്കുന്ന നിയമങ്ങള്‍ അംഗീകരിച്ചും അവ പാലിച്ചും കഴിയാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന്‌ മുഖ്യപ്രഭാഷണം നിര്‍വഹിച്ച ദമാം ശരീഅത്ത്‌ കോടതി പരിഭാഷകന്‍ മുഹമ്മദ്‌ നജാത്തി ഉപദേശിച്ചു. ആരോഗ്യ പരിരക്ഷയും പ്രാഥമിക ശുശ്രൂഷയും സംബന്ധമായി സദസില്‍ നിന്നുമുയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ ഡോ. ഡിക്‌സണ്‍ മറുപടി നല്‍കി. ഡിഫയുടെ ലോഗോ പ്രകാശനം അബ്‌ദുല്ല (മാനേജര്‍, സഫ മെഡിക്കല്‍ സെന്റര്‍) നിര്‍വഹിച്ചു. ഹാരിസ്‌, പി.ടി. അലവി, ഷബീര്‍, അബ്‌ദുല്‍ സലാം, മുജീബ്‌ കളത്തില്‍ എന്നിവര്‍ ആശംസ നേര്‍ന്നു. അബ്‌ദുല്‍ റസാഖ്‌ ചേരിക്കല്‍ സ്വാഗതവും റഫീഖലി നന്ദിയും പറഞ്ഞു.