റദ്ദാക്കിയ എയര്‍ ഇന്ത്യ വിമാനം; ദുരിതാനുഭവങ്ങളുമായി യാത്രക്കാര്‍

ദമാം: എയര്‍ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത്‌ മൂലം മണിക്കൂറുകളോളം ദുരിതം അനുഭവിക്കേണ്ടി വന്ന യാത്രക്കാര്‍ ദമാമില്‍ എത്തിത്തുടങ്ങി. അവധിക്കാലത്ത്‌ വലിയ തുക നല്‍കി ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയില്‍ യാത്രക്ക്‌ ടിക്കറ്റെടുത്തതിനുള്ള ശിക്ഷയാണ്‌ താനും കുടുംബവും അനുഭവിച്ചതെന്ന്‌ മുടങ്ങിയ കൊച്ചി - ദമാം എ.ഐ. 911 വിമാനത്തിലെ യാത്രക്കാരനായിരുന്ന അബ്‌ദുല്‍ ഖാദര്‍ മുഹ്‌യിദ്ദീന്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു.
ഭാര്യ ഹസീന, ദമാം ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം ക്ലാസ്‌ വിദ്യാര്‍്‌ത്ഥിയായ മകന്‍ അഫ്‌സല്‍ എന്നിവരോടൊപ്പമാണ്‌ അബ്‌ദുല്‍ ഖാദര്‍ മടക്കയാത്രക്കൊരുങ്ങിയത്‌. സെപ്‌തംബര്‍ 29ന്‌ രാവിലെ എട്ട്‌ മണിക്ക്‌ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന ദമാം വിമാനത്തിലാണ്‌ ടിക്കറ്റ്‌ബുക്ക്‌ ചെയ്‌തിരുന്നത്‌. 28ന്‌ രാത്രി പൈലറ്റുമാരുടെ സമരത്തെക്കുറിച്ച്‌ ടി.വിയില്‍ ന്യൂസ്‌ സ്‌ക്രോള്‍ കണ്ട്‌ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസില്‍ വിളിച്ചു. അത്‌ കാര്യമാക്കേണ്ട, പ്രശ്‌നമില്ല, കൃത്യസമയത്ത്‌ എത്തൂ എന്ന മറുപടി ആശ്വാസകരമായിരുന്നു.
രാവിലെ നാല്‌ മണിയോടെ എയര്‍ പോര്‍ട്ടിലെത്തി. കൗണ്ടറില്‍ നിന്നും ചെക്ക്‌ ഇന്‍ കഴിഞ്ഞ്‌, ബോര്‌ഡിംഗ്‌ പാസ്‌ വാങ്ങി. എമിഗ്രേഷന്‍ കഴിഞ്ഞ്‌ കാത്തിരിക്കുകയായിരുന്നു. എട്ട്‌ മണിയായിട്ടും ഒന്നും പറയുന്നില്ല. ഒമ്പത്‌ മണിയായതോടെയാണ്‌ എയര്‍ ഇന്ത്യാ ദമാം വിമാനം റദ്ദാക്കിയതായി ഷോര്‍ട്‌ സര്‍ക്യൂട്ടി ടി.വിയില്‍ കാണിച്ചത്‌.
എയര്‍ ഇന്ത്യ ജീവനക്കാരെ എവിടെയും കാണാനുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോള്‍ കാത്തിരിക്കാനായിരുന്നു മറുപടി. ഈ വിമാനത്തില്‍ 120 പേരാണ്‌ യാത്രക്കെത്തിയിരുന്നത്‌. വിസ തീരുന്നവരും
അന്ന്‌ ജോലിക്ക്‌ ചേരേണ്ടവരും, യാത്രക്കാരിലുണ്ടായിരുന്നു.
എയര്‍ ഇന്ത്യയുടെ മാനേജര്‍ കല്‍പ്പനയെ നേരില്‍ കണ്ട്‌ പ്രയാസം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. `എന്ത്‌ ചെയ്യാന്‍, ഒരു വിവരവുമില്ല, വിമാനം റദ്ദാക്കിയിരിക്കയാണ്‌' എന്ന പ്രതികരണം മാത്രമാണ്‌ കിട്ടിയത്‌. ഗള്‍ഫ്‌ യാത്രക്കാരുടെ സമ്മര്‍ദമുണ്ടെന്ന്‌ മുംബൈയില്‍ ആസ്ഥാനത്ത്‌ അറിയിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും തയാറായില്ല.
കാത്തിരിക്കാനായിരുന്നു നിര്‍ദേശം. തീരുമാനം വരും. എന്നിട്ടേ പറയാന്‍ പറ്റൂ എന്ന്‌ ബന്ധപ്പെട്ടവര്‍ കൈയൊഴിഞ്ഞു. എറണാകുളത്തെ എയര്‍ ഇന്ത്യ ഓഫീസില്‍ ചെന്നാല്‍ ടിക്കറ്റിന്റെ തുക തിരിച്ചുകിട്ടുമെന്ന്‌ അറിയിപ്പുണ്ടായി.
വിസ തീരുന്നവര്‍ മൂന്ന്‌ പേരുണ്ടായിരുന്നു. ഏറെ നിരാശരായ അവര്‍ കരച്ചിലിന്റെ വക്കിലായിരുന്നു. അവരുടെ കാര്യം ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ബഹളം വെച്ചപ്പോള്‍ ഉച്ചയോടെയാണ്‌ അവരെ ഖത്തര്‍ എയര്‍വേസില്‍ അയക്കാന്‍ നടപടിയായി. മറ്റുള്ളവരെ ബോര്‍ഡിംഗ്‌ പാസ്‌ തിരിച്ചുവാങ്ങി ഹോട്ടലിലേക്ക്‌ മാറ്റി.
മുപ്പതിന്‌ ബുധനാഴ്‌ച ബഹ്‌റൈന്‍ എയര്‍ വിമാനത്തിലാണ്‌ അബ്‌ദുല്‍ ഖാദറും ഭാര്യയും മകനും എത്തിയത്‌. ടിക്കറ്റോ മറ്റ്‌ രേഖകളോ ഒന്നും എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയിരുന്നില്ല. അതിനാല്‍ ടിക്കറ്റൊന്നുമില്ലാതെയാണ്‌ ഉച്ചക്ക്‌ വിമാനത്തില്‍ കയറുന്നതിന്‌ എയര്‍പോര്‍ട്ടിലെത്തിയത്‌. അന്ന്‌ യാത്ര ചെയ്യാനുള്ള ടിക്കറ്റില്ലെന്ന പേരില്‍ സെക്യൂരിറ്റിക്കാരും പ്രശ്‌നമുണ്ടാക്കി. വൈകുന്നേരം നാല്‌ മണിയോടെയാണ്‌ വിമാനം കൊച്ചി വിട്ടത്‌. ബഹ്‌റൈന്‍ എയര്‍ ബജറ്റ്‌ എയര്‍ലൈനാണ്‌. പച്ചവെള്ളം പോലും കിട്ടാതെയാണ്‌ യാത്ര ചെയ്‌തത്‌.
കുവൈത്ത്‌, ഖത്തര്‍ തുടങ്ങി പല സ്ഥലങ്ങളിലേക്കുള്ളവരാണ്‌ ഒന്നിച്ചെത്തിയത്‌. മനാമയിലെത്തിയ തങ്ങള്‍ക്ക്‌ സൗദിയിലേക്ക്‌ ട്രാന്‍സിറ്റ്‌ നല്‍കണമെന്ന ഒരു അറിയിപ്പും ബന്ധപ്പെട്ടവര്‍ കൊച്ചിയില്‍ നിന്നും നല്‍കിയിരുന്നില്ല. അതും പ്രശ്‌നമായി. രാത്രി വളരെ വൈകിയാണ്‌ ദമാമിലെത്തിയത്‌.