ലക്ഷങ്ങളുടെ സമ്മാനം മോഹിപ്പിച്ച്‌ പണം തട്ടാന്‍ പുതിയ കെണി

ദമാം: രണ്ടും മൂന്നും ലക്ഷം റിയാല്‍ സമ്മാനം ലഭിച്ചിരിക്കുന്നുവെന്ന്‌ വ്യാമോഹിപ്പിച്ച്‌ പ്രവാസികളില്‍ നിന്നും പണം തട്ടുന്ന വിദ്യ പുതിയ തന്ത്രങ്ങളുമായി വീണ്ടും. സവാ മൊബൈല്‍ സിം കാര്‍ഡിലുള്ള നമ്പര്‍ പറഞ്ഞാണ്‌ ആലപ്പുഴ കായംകുളം ഓച്ചിറ സ്വദേശി ഉദയനെ വലയില്‍ വീഴ്‌ത്താന്‍ ശ്രമിച്ചത്‌.
ഫസ്‌റ്റ്‌ ഇന്‍ഡ്‌സ്‌ട്രിയല്‍ സിറ്റിയിലലെ സഫ അലൂമിനിയം കമ്പനിയിലാണ്‌ ഉദയന്‍ ജോലി ചെയ്യുന്നത്‌. വ്യാഴാഴ്‌ച ഉച്ചക്ക്‌ ശേഷം തന്റെ സവാ മൊബൈലില്‍ വിളിച്ച്‌ വ്യക്തി ഹിന്ദിയിലാണ്‌ സംസാരിച്ചത്‌. ആറ്‌ ഡിജിറ്റുള്ള നമ്പര്‍ പറഞ്ഞ്‌ മൊബൈല്‍ സിം കാര്‍ഡിന്റെ പുറത്തുള്ള നമ്പര്‍ ഇതാണോ എന്നാണ്‌ അന്വേഷിച്ചത്‌. അറിയില്ല എന്ന്‌ പറഞ്ഞപ്പോള്‍ മൊബൈലില്‍ നിന്നും സിംകാര്‍ഡ്‌ എടുത്ത്‌ പരിശോധിക്കാന്‍ പറഞ്ഞു. സിംകാര്‍ഡ്‌ പരിശോധിച്ചപ്പോള്‍ നമ്പര്‍ വിളിച്ചയാള്‍ പറഞ്ഞതുതന്നെയായിരുന്നു.
അല്‍പ്പ സമയത്തിന്‌ ശേഷം വീണ്ടും ഉദയന്‌ വിളി വന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം മുന്നൂറ്‌ റിയാലിന്റെ മൂന്ന്‌ കാര്‍ഡുകള്‍ വാങ്ങി റീ ചാര്‍ജ്‌ ചെയ്‌തിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. അതെയെന്ന്‌ മറുപടി പറഞ്ഞപ്പോള്‍ അതിന്‍രെ അടിസ്ഥാനത്തില്‍
രണ്ട്‌ ലക്ഷം റിയാല്‍ ലോട്ടറിയില്‍ കിട്ടിയിട്ടുണ്ടെന്നും, അല്‍ ജസീറ ടി.വിയില്‍ ഇത്‌ സംബന്ധമായി വാര്‍ത്ത വരുന്നുണ്ടെന്നും പറഞ്ഞു. ഈ രീതിയില്‍ സമ്മാനം ഓഫര്‍ ചെയ്‌ത്‌ പ്രവാസികളില്‍ നിന്നും പണം തട്ടുന്നതായി നേരത്തെ വാര്‍ത്ത ശ്രദ്ധിച്ചിരുന്നതിനാല്‍ അതില്‍ വീണില്ല.
ഇഖാമ നമ്പര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ അന്വേഷിച്ചപ്പോള്‍ അക്കൗണ്ടില്ലെന്ന്‌ മറുപടി കൊടുത്തു. താന്‍ ദമാമിലാണ്‌ പറഞ്ഞപ്പോള്‍ നഗരത്തിലെ അല്‍ രാജി ബാങ്കില്‍ പോയി അക്കാണ്ട്‌ ആരംഭിച്ച്‌ നമ്പര്‍ അറിയിച്ചുകൊടുക്കാനാണ്‌ ആവശ്യപ്പെട്ടത്‌. തട്ടിപ്പാണെന്ന്‌ ബോധ്യമുള്ളതിനാല്‍ അതിന്‌ മിനക്കെട്ടില്ല. ഹിന്ദിയില്‍ സംസാരിച്ച വ്യക്തി താന്‍ അമൃത്‌സര്‍കാരനാണെന്നും എസ്‌.ടി.സിയിലാണ്‌ ജോലിയെന്നുമാണ്‌ പരിചയപ്പെടുത്തിയത്‌. 0502046139 നമ്പറില്‍ നിന്നാണ്‌ ഫോണ്‍ വന്നത്‌.
തന്റെ സിം കാര്‍ഡിലെ ആറ്‌ ഡിജിറ്റ്‌ നമ്പറും, ഏതാനും ദിവസങ്ങള്‍ക്കകം താന്‍ കാര്‍ഡില്‍ റീ ചാര്‍ജ്‌ ചെയ്‌തതും വിളിച്ച വ്യക്തി എങ്ങിനെയറിഞ്ഞു എന്ന സന്ദേഹം ഉദയന്‌ അവശേഷിക്കുന്നു.