2 വനിതകളുള്‍പ്പെടെ മൂന്ന്‌ സൗദികള്‍ മരിച്ചു, അബ്‌ഖൈഖ്‌ റോഡില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി ഗുരുതര നിലയില്‍ തുടരുന്നു.


ദമാം: 2 സ്‌ത്രീകളുള്‍പ്പെടെ മൂന്ന്‌ സ്വദേശികള്‍ മരിച്ച വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി ഗുരുതര നിലയില്‍ തുടരുന്നു. ദമാം അബ്‌ഖൈഖ്‌ റോഡില്‍ സെകന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയക്ക്‌ സമീപം
ബുധനാഴ്‌ച വൈകുന്നേരം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍ വേങ്ങര പൂച്ചോലമാട്‌ സ്വദേശി പുല്ലിശ്ശേരി അബൂബക്കറിന്റെ മകന്‍ ബഷീറിനാണ്‌ ഗുരുതരമായി പരിക്കേറ്റത്‌. ദഹ്‌റാന്‍ മിലിട്ടറി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ള ബഷീറിന്‌ ഇത്‌ വരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇന്നലെ ബന്ധുക്കള്‍ അഞ്ച്‌ കുപ്പി രക്തം നല്‍കിയിരുന്നു.
ദമാമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ബഷീര്‍ ഓടിച്ച കാറില്‍ യാത്ര ചെയ്‌ത 2 സ്വദേശി സ്‌ത്രീകളും കൂട്ടിയിടിച്ച വാഹനത്തിന്റെ ഡ്രൈവറായ സ്വദേശിയുമാണ്‌ മരിച്ചത്‌. അരാംകോ ജീവനക്കാരികളായ ര്‌ സ്‌ത്രീകളും ബഷീര്‍ ഓടിച്ച കാറില്‍ ദമാമിലേക്ക്‌ തിരിച്ചുവരികയായിരുന്നു. അബ്‌ഖൈഖിലേക്ക്‌ പോകുകയായിരുന്ന സൗദി ഓടിച്ച ജി.എം.സി. വാഹനം ടയര്‍ പൊട്ടി നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന്‌ ബഷീര്‍ ഓടിച്ച കാറില്‍ ഇടിക്കുകയായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞതായി സുഹൃത്ത്‌ മുബാറക്‌ വെളിപ്പെടുത്തി.
ബഷീറിന്റെ സഹോദരങ്ങളായ ഷരീഫ്‌ (ദമാം), അബ്ബാസ്‌ (ജിദ്ദ), ഗഫൂര്‍ (റിയാദ്‌) ഭാര്യാ സഹോദരന്‍ ശാക്കിര്‍, ബന്ധു മുജീബ്‌ എന്നിവര്‍ സൗദിയില്‍ ജോലി ചെയ്യുന്നു്‌. അപകടവിവരമറിഞ്ഞ്‌ അബ്ബാസും ഗഫൂറും ദമാമിലെത്തി.