കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ പദ്ധതിക്ക്‌ കത്തിച്ച മെഴുകുതിരികളുമായി തുടക്കം

ദമാം: തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററു (ആര്‍.സി.സി)മായി സഹകരിച്ച്‌ ദമാം നവോദയ ആവിഷ്‌കരിച്ച കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ പദ്ധതിക്ക്‌ ഔപചാരികമായ തുടക്കമായി. ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ കത്തിച്ച മെഴുകുതിരി കൈയിലേന്തി പ്രതീകാത്മകമായാണ്‌ ഉദ്‌ഘാടനം നടന്നത്‌.
കിഴക്കന്‍ പ്രവിശ്യയില്‍ കാന്‍സര്‍ രഹിതമായ പ്രവാസി ഇന്ത്യന്‍ സമൂഹം എന്ന ലക്ഷ്യത്തോടെ പദ്ധതി മുന്നോട്ട്‌ കൊണ്ടുപോകുമെന്ന്‌
സൗദിയില്‍ ആര്‍,സി.സി നിയോഗിച്ച കോഓര്‍ഡിനേറ്റര്‍ സി.വി. ജോസ്‌ വ്യക്തമാക്കി. സംഘടനപരവും മറ്റുമായ അതിര്‍വരമ്പുകള്‍ക്ക്‌ അപ്പുറത്ത്‌ പദ്ധതിയുടെ വിജയത്തിന്‌ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പിന്തുണ അദ്ദേഹം തേടി.
ആര്‍.സി.സി. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ കോ-ഓര്‍ഡിനേറ്ററും നവോദയ വെല്‍ഫെയര്‍ വിംഗ്‌ കേന്ദ്ര കമ്മിറ്റി കോ-ഓര്‍ഡിനേറ്ററുമായ ഇ.എം. കബീര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ പ്രദീപ്‌ കൊട്ടിയം അധ്യക്ഷനായിരുന്നു. അല്‍ ഖൊസാമ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍, ജവാദ്‌ മൗലവി (ഇനോക്‌), കെ.എം. റഷീദ്‌ (തനിമ), അബൂബക്കര്‍ (എസ്‌.ടി. കാര്‍ഗോ), മുഹമ്മദ്‌ കുട്ടി കോഡൂര്‍ (സഫ മെഡിക്കല്‍ സെന്റര്‍), ആന്റണി (തമിഴ്‌ സംഘം), ഖിദ്‌ര്‍ മുഹമ്മദ്‌ (എസ്‌.വൈ,എസ്‌), പി.എ.എം. ഹാരിസ്‌ (മലയാളം ന്യൂസ്‌) എന്നിവര്‍ പദ്ധതിക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.
ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ നിന്നും കാന്‍സര്‍ ബാധിതരായ രോഗികളെ റിയാദ്‌ കിംഗ്‌ ഫൈസല്‍ സ്‌പെഷ്യലിസ്റ്റ്‌ ആശുപത്രിയിലേക്കാണ്‌ തുടര്‍ചികിത്സക്കായി റഫര്‍ ചെയ്യാറുള്ളത്‌. ഏഴ്‌ വര്‍ഷം മുമ്പ്‌ ഇത്‌ മാസത്തില്‍ അമ്പത്‌ രോഗികള്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന്‌ മുന്നൂറായി വര്‍ധിച്ചിരിക്കുന്നുവെന്ന്‌ ഖിദര്‍ മുഹമ്മദ്‌ പറഞ്ഞു.
കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ പദ്ധതിയുടെ പ്രചാരണ സംരംഭങ്ങളോടൊപ്പം കാന്‍സര്‍ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളെക്കുറിച്ചും പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ചും, പ്രവാസി സമൂഹത്തിന്‌ ധാരണ പകരുന്നതിനും ബോധ്യപ്പെടുത്തുന്നതിനും വ്യവസ്ഥാപിതമായ ശ്രമം നടക്കണമെന്ന്‌ പ്രസംഗകര്‍ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ വിംഗ്‌ കണ്‍വീനര്‍ പവനന്‍ നന്ദി പറഞ്ഞു.