സുഖ - ദു:ഖങ്ങള്‍ പങ്കുവെക്കാന്‍ കുടുംബമേളകള്‍ അവസരമൊരുക്കുന്നു - ജഗന്നാഥ വര്‍മ്മ

ദമാം: കൂട്ടായ്‌മകള്‍ നഷ്‌ടമായ ഇന്നത്തെ ലോകത്ത്‌ കുടുംബ മേളകള്‍ക്ക്‌ ഏറെ പ്രസക്തിയുണ്ടെന്ന്‌ ചലച്ചിത്ര താരം ജഗന്നാഥ വര്‍മ്മ. ദമാമില്‍ എടത്വാ സെന്റ്‌ അലോഷ്യസ്‌ സ്‌കൂള്‍ ആന്റ്‌ കോളേജ്‌ അലുംനി അസോസിയേഷന്‍ (എസാസ്‌ക) ഏഴാം വാര്‍ഷിക കുടുംബ മേള ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില സുഖവും ദു:ഖവും പങ്കുവെക്കുന്നതിന്‌ കുടുംബസംഗമങ്ങള്‍ക്ക്‌ സാധ്യമാകുമെന്ന്‌ അദ്ദേഹം എടുത്തുപറഞ്ഞു. `അടുത്തു നില്‍പ്പോരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോര്‍ ക്കരൂപനീശ്വരനദൃശ്യനായാല്‍ അതിലെന്താശ്ചര്യം' എന്ന ഉള്ളൂരി്‌ന്റെ വരികള്‍ അദ്ദേഹം ഉദ്ധരിച്ചു.
പണ്ട്‌ കൂട്ടുകുടുംബങ്ങളുണ്ടായിരുന്നു. കുടുംബത്തില്‍ കാര്‍ന്നോമാരുടെ ശിക്ഷണത്തിന്‌ വിധേയാരായാണ്‌ കുട്ടികല്‍ വളര്‍ന്നത്‌. ഇന്ന്‌ അണു കുടുംബമാണ്‌. നാം രണ്ട്‌ നമുക്ക്‌ രണ്ട്‌ എന്നത്‌ ഞാനൊന്ന്‌, നീയൊന്ന്‌ എന്നതു കടന്ന്‌ ഇപ്പോള്‍ ഞാനും നീയും ഒന്ന്‌, നമുക്കൊന്ന്‌ മതി എന്നതിലെത്തിയെന്ന്‌ അദ്ദേഹം പറഞ്ഞു. പല കുടുംബങ്ങളിലും മക്കള്‍ കൂടെയില്ലാതെ മാതാപിതാക്കള്‍ മാത്രമായി കഴിയുന്ന സ്ഥിതിയാണ്‌ ഇന്നുള്ളതെന്ന്‌ തന്റെയും ബന്ധുക്കളുടെയും അനുഭവങ്ങള്‍ ഉദാഹരിച്ച അദ്ദേഹം പറഞ്ഞു.
സ്വപ്‌നത്തില്‍ പോലും വിചാരിക്കാതെ വന്ന്‌ ചേരുന്ന ജീവിതത്തിലെ ചില അസുലഭ നിമിഷങ്ങളില്‍ ഒന്നാണിതെന്ന്‌ ദമാം സന്ദര്‍ശനത്തെഅദ്ദേഹം വിശേഷിപ്പിച്ചു.
ഉത്സവങ്ങളില്‍ പോലും ഇന്ന്‌ കേരളത്തില്‍ ആള്‍ വരാത്ത അവസ്ഥയാണുള്ളതെന്ന്‌ ആമുഖത്തോടെയാണ്‌ ചലച്ചിത്ര താരം അശോകന്‍ പ്രസംഗം ആരംഭിച്ചത്‌. ആഘോഷങ്ങള്‍ ഇന്ന്‌ ടി.വിയിലാണ്‌. അത്‌ മാത്രമെയുള്ളു.മറ്റെവിടെയും ആഘോഷങ്ങളൊന്നുമില്ല. എവിടെയും ഐക്യം കാണാനാവുന്നില്ല - അദ്ദേഹം തുടര്‍ന്നു.
കേരളം ക്വട്ടേഷന്‍ സംഘങ്ങളുടെയും ഗുണ്ടകളുടെയും നാടായി മാറിയിരിക്കുന്നുവെന്ന്‌ അശോകന്‍ പരിതപിച്ചു. വീടിന്‌ പുറത്തിറങ്ങാന്‍ കഴിയില്ല എന്നല്ല, ഇപ്പോള്‍ വിശ്വസിച്ച്‌ വീടില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയായിരിക്കുന്നു. ധൈര്യമായി നാം ഉറച്ചുനിന്നാല്‍ ഈ അവസ്ഥക്ക്‌ മാറ്റം വരുത്താനാവുമെന്ന്‌ അശോകന്‍ പറഞ്ഞു
ഓണം ആഘോഷം അശോകന്‍ ഉദ്‌ഘാടനം നിര്‍വഹിച്ച അശോകന്‍ എന്റെ സ്വപ്‌നത്തിന്‍ താമരപ്പൊയ്‌കയില്‍ ഗാനവും ഹൃദ്യമായി ആലപിച്ചു.