8000 വനിതകള്‍ പരിശോധന നടത്തി സ്‌തനാര്‍ബുദം - കിഴക്കന്‍ പ്രവിശ്യയില്‍ ബോധവത്‌കരണ പരിപാടിക്ക്‌ തുടക്കമായി.


ദമാം: സ്‌തനാര്‍ബുദത്തിനെതിരെ ബോധവത്‌കരണ പരിപാടിക്ക്‌ കിഴക്കന്‍ പ്രവിശ്യയില്‍ തുടക്കമായി. അനുയോജ്യമല്ലാത്ത ഭക്ഷണരീതിയും, അമിത വണ്ണവും പാരമ്പര്യവുമാണ്‌ മുഖ്യമായും രോഗത്തിന്‌ കാരണമാകുന്നതെന്ന്‌ വിദഗ്‌ധര്‍ വിശദീകരിക്കുന്നു. പ്രവിശ്യയില്‍ കാന്‍സര്‍ രോഗികളുടെ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ജംഇയ്യ സഊദിയ അല്‍ ഖൈരിയ ലി രിആയത്തില്‍ മര്‍ളസ്സുര്‍ത്വാന്‍ എന്ന ജീവകാരുണ്യ വേദിയുടെ പേരില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഉദ്‌ഘാടനം അല്‍കോബാര്‍ മേഖലാ ഗവര്‍ണര്‍ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ഥനിയാന്‍ നിര്‍വഹിച്ചു.
ഇതിനകം എണ്ണായിരത്തോളം വനതികള്‍ സ്‌തനാര്‌ബുദ പരിശോധന നടത്തിയതായി മുഖ്യസംഘാടക ഡോ. ഫാത്തിമ അല്‍ മുല്‍ഹിം വെളിപ്പെടുത്തി. പരിശോധനയില്‍ ചില സ്‌ത്രീകളില്‍ രോഗബാധ കണ്ടെത്തി. എന്നാല്‍ തുടക്കത്തില്‍ തന്നെ ചികിത്സ നല്‍കിയത്‌ കാരണം അവര്‍ സുഖം പ്രാപിച്ചതായി ഡോ. ഫാത്തിമ പറഞ്ഞു.
ലോകത്തെ എട്ട്‌ വനിതകളില്‍ ഒരാള്‍ എന്ന തോതില്‍ സ്‌തനാര്‍ബുദ രോഗികളാണ്‌. പ്രവിശ്യയില്‍ അനുയോജ്യമല്ലാത്ത ഭക്ഷണരീതിയും പൊണ്ണത്തടിയും കാന്‍സര്‍ രോഗത്തിന്‌ കാരണമാകുന്നതായി ഡോക്‌ടര്‍ ഫാത്തിമ വിശദീകരിച്ചു. കൂടാതെ പാരമ്പര്യവും കാരണമാണ്‌. വനിതകള്‍ സ്‌തനാര്‌ബുദ പരിശോധനക്ക്‌ നേരത്തെ വിധേയരാകുന്നതിനാണ്‌ മുഖ്യമായും ബോധവത്‌കരണം വഴി ഉദ്ദേശിക്കുന്നത്‌. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ 90 ശതമാനം രോഗവും സുഖപ്പെടും. എന്നാല്‍ അവസാന ഘട്ടത്തില്‍ സാധ്യത.15 ശതമാനം മാത്രമാണ്‌. 40 വയസിന്‌ മീതെ പ്രായമുള്ള വനിതകള്‍ നിര്‍ബന്ധമായും സ്‌തനാര്‍ബുദ പരിശോധന നടത്തണമെന്ന്‌ ഡോക്‌ടര്‍ നിര്‍ദേശിച്ചു.
ആറ്‌ വര്‍ഷം മുമ്പ്‌ പ്രവിശ്യയില്‍ നിലവില്‍ വന്ന സമിതി കാന്‍സര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചതായി സമിതി മേധാവി ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ അല്‍ തുര്‍ക്കി പറഞ്ഞു.
ഒക്‌ടോബര്‍ ഒന്ന്‌ മുതല്‍ ഒമ്പത്‌ വരെ പ്രവിശ്യയിലെ വിവിധകേന്ദ്രങ്ങളില്‍ ബോധവത്‌കരണ പരിപാടിയും പരിശോധനയും നടത്തും. ദഖീഖതാനി ലി ഹയാത്തീ (ജീവരക്ഷക്ക്‌ രണ്ട്‌ മിനിട്ട്‌) എന്ന പേരില്‍ സ്‌തനാര്‍ബുദത്തെക്കുറിച്ച്‌ പ്രത്യേക ക്ലാസും നടക്കും. അല്‍കോബാര്‍ അല്‌ റാഷിദ്‌ മാള്‍, ദമാം മറീന മാള്‍, ഖതീഫ്‌ മാള്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പതിനാല്‌ മുതല്‍ 16 വരെ ദഹ്‌റാനില്‍ പ്രത്യേക തമ്പിലും സൗകര്യമൊരുക്കും. 18 മുതല്‍ 20 വരെ ദോഹയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, 21 മുതല്‍ 23 വരെ കിഴക്കന്‍ പ്രവിശ്യാ ചേമ്പര്‍, 29ന്‌ അല്‍കോബാര്‍ സണ്‍ സെറ്റ്‌ ബീച്ച്‌, എന്നിവിടങ്ങളിലും പരിശോധന നടത്തും.