ഈ രാജ്യത്തെ പോലെ നമ്മുടെ നാട്ടിലും ശക്തമായ നിയമം വേണം: വര്‍മ്മ, അശോകന്‍


ദമാം: ഈ രാജ്യത്ത്‌ നിയമം ശക്തമാണ്‌. അത്‌ പാലിക്കപ്പെടുന്നുമുണ്ട്‌. ഈ രീതിയില്‍ നിയമം ശക്തമായ നിലയില്‍ നമ്മുടെ രാജ്യത്തും നടപ്പാക്കേണ്ടതുണ്ടെന്ന്‌ ചലച്ചിത്ര താരങ്ങളായ ജഗന്നാഥ വര്‍മ്മയും അശോകനും അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ ഇരുവരും ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
മറ്റ്‌ ഗള്‍ഫ്‌ നാടുകളില്‍ നേരത്തെ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ സൗദിയിലെത്തുന്നത്‌. വായിച്ചും കേട്ടും ലഭിച്ച മുന്‍ധാരണകള്‍ കാരണം അല്‍പ്പം ഉള്‍ഭയം മനസിലുണ്ടെന്ന്‌ രണ്ടുപേരും പറഞ്ഞു.
ഏറെ കാലം ചലച്ചിത്ര രംഗം വളരെ മാന്ദ്യതയിലായിരുന്നു. പിന്നീട്‌ എ ക്ലാസിന്‌ പുറത്ത്‌ മറ്റ്‌ തിയേറ്ററുകളിലും റിലീസ്‌ ആരംഭിച്ചതോടെ വ്യാജ സി.ഡികളുടെ പ്രശ്‌നം ഏറെക്കുറെ ഒഴിവായത്‌ ചലച്ചിത്ര മേഖലക്ക്‌ പുനര്‍ ജീവനായി.
മമ്മൂട്ടിയെയും ലാലിന്റെയും ദിലീപിന്റെയും ഡേറ്റ്‌ നോക്കിയാണ്‌ പടങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയാണ്‌ ഇന്ന്‌ മലയാള സിനിമയിലുള്ളതെന്ന്‌ ജഗന്നാഥ വര്‍മ്മ പറഞ്ഞു. മറ്റുള്ളവര്‍ വെറും ഉപഗ്രഹങ്ങളായി മാറിയിരിക്കുന്നു. യക്ഷിയില്‍ അഭിനയിക്കാന്‍ പ്രേംനസീര്‍ താല്‍പ്പര്യംപ്രകടിപ്പിച്ചപ്പോള്‍ താങ്കള്‍ക്ക്‌ പറ്റിയ റോളല്ലെന്ന്‌ മലയാറ്റൂര്‍ പറഞ്ഞതായി ജഗന്നാഥ വര്‍മ്മ ചൂണ്ടിക്കാട്ടി. ഇന്ന്‌ ഈ രീതിയില്‍ പറയാന്‍ ഏത്‌ ഡയരക്‌ടര്‍ തയാറാകുമെന്ന്‌ അദ്ദേഹം ചോദിച്ചു.
ചെമ്മീന്‍ ചലച്ചിത്രമാക്കുമ്പോള്‍ ചെമ്പന്‍ കുഞ്ഞിനെ അഭിനയിക്കാന്‍ കണ്ടുവെച്ച കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ പടം തന്നെ താന്‍ ഒഴിവാക്കുമെന്ന്‌ രാമു കാര്യാട്ട്‌ പറഞ്ഞുവെന്ന്‌ വായിച്ചതായി അശോകന്‍ കൂട്ടിച്ചേര്‍ത്തു. കഥാപാത്രത്തിന്‌ അനുയോജ്യമായിരുന്നു കൊട്ടാരക്കരയെന്ന്‌ പ്രേക്ഷകര്‍ വിധിയെഴുതിയതാണ്‌.
പതിനെട്ട്‌ കാലത്തോളമായി തോമസ്‌ കുട്ടീ വിട്ടോടാ എന്ന വിളി കേട്ടുവരികയാണ്‌. ടു ഹരിഹര്‍ നഗര്‍ തനിക്ക്‌ പുതിയ അവസരങ്ങള്‍ക്ക്‌ ബ്രേക്ക്‌ നല്‍കി. വീണ്ടും ഏറെ കാലത്തേക്ക്‌ ആ വിളി തുടരുമെന്ന്‌ കരുതണം - അശോകന്‍ പറഞ്ഞു.
ആലപ്പുഴ ചേര്‍ത്തല നിവാസിയായ ജഗന്നാഥ വര്‍മ്മയും ആലപ്പുഴ ചേപ്പാട്‌ സ്വദേശിയായ അശോകനും ആദ്യമായാണ്‌ സൗദിയിലെത്തുന്നത്‌.
അടുത്ത കാലത്തായി കേരളത്തിലുണ്ടാവുന്ന മിക്ക സംഭവങ്ങളിലും സിനിമാ രംഗത്തുള്ളവര്‍ക്ക്‌ പങ്കുണ്ടെന്ന ആരോപണത്തെപ്പറ്റി ഉയര്‍ന്ന ചോദ്യത്തിന്‌ തനിക്ക്‌ കൂടുതല്‍ അറിയില്ലെന്ന്‌ അശോകന്‍ പ്രതികരിച്ചു. സിനിമക്കാര്‍ക്ക്‌ കൂടുതല്‍ പോപ്പുലാരിറ്റിയുള്ളതിനാല്‍ കൂടുതല്‍ സെന്‍സേഷനല്‍ ആക്കുന്നതിനായി പേര്‌ ചേര്‍ത്തിപ്പറയുന്നതാകാനും ഇടയുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടത്വാ സെന്റ്‌ അലോഷ്യസ്‌ ഹൈസ്‌കൂള്‍ കോളേജ്‌ അലുംനി അസോസിയേഷന്‍ (എസാസ്‌ക) യുടെ ഏഴാമത്‌ കുടുംബസംഗമത്തില്‍ സംബന്ധിക്കുന്നതിനാണ്‌ ജഗന്നഥാ വര്‍മ്മയും അശോകനും ദമാമിലെത്തിയത്‌. എസാസ്‌ക ഭാരവാഹികളായ എം.ജെ. വര്‍ഗീസ്‌ എടത്വാ, തമ്പി പത്തിശ്ശേരി, ജോര്‍ജ്‌ സഖറിയ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഷൂട്ടിംഗ്‌ സെറ്റില്‍ നിന്നും ഇന്നലെ വൈകുന്നേരം ദമാമിലെത്തിയ അശോകന്‍ വിജി തമ്പിയുടെ കര്‍ഷക ശ്രീ സെറ്റിലെത്തുന്നതിന്‌ ഇന്ന്‌ രാവിലെ കേരളത്തില്‍ തിരിച്ചെത്തും. ജഗന്നാഥ വര്‍മ്മയും ഇന്ന്‌ വൈകുന്നേരം തിരിച്ചുപോകും.