കാന്‍സര്‍ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളെക്കുറിച്ച്‌ ധാരണ പകരണം

ദമാം: കാന്‍സര്‍ രോഗബാധയുടെ പ്രാഥമിക ലക്ഷണങ്ങളെക്കുറിച്ചും മുഖ്യമായും പുകവലിയുടെ ദൂഷ്യങ്ങളെക്കുറിച്ചും, പ്രവാസി സമൂഹത്തിന്‌ ബോധ്യപ്പെടുത്തുന്നതിനും അവബോധം പകരുന്നതിനും വ്യവസ്ഥാപിതമായ ശ്രമം നടക്കണമെന്ന്‌ ദമാമിലെ പ്രമുഖ ഇ.എന്‍.ടി. സര്‍ജന്‍ ഡോ. വി.എസ്‌. ജ്യോതി (ബദരര്‌ അല്‍ റബീ ഡിസ്‌പന്‍സറി) അഭിപ്രായപ്പെട്ടു. മുപ്പത്‌ - നാല്‍പ്പത്‌ വര്‍ഷം മുമ്പ്‌ വരെ കാന്‍സര്‍ ബാധിച്ചാല്‍ മരണം എന്നായിരുന്നു അവസ്ഥ. ഇന്ന്‌ മൂന്നോ നാലോ തരം കാന്‍സര്‍ ഒഴികെയുള്ളവ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ദമാമില്‍ നവോദയ സംഘടിപ്പിച്ച ഡോക്‌ടര്‍മാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററു (ആര്‍.സി.സി)മായി സഹകരിച്ച്‌ ദമാം നവോദയ ആവിഷ്‌കരിച്ച കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ പദ്ധതി നടപ്പാക്കുന്നതില്‍ ദമാമിലെ വിവിധ ആശുപത്രികളുടെയും ഡോക്‌ടര്‍മാരുടെയും സഹകരണം തേടുന്നതിനായാണ്‌ സംഗമം സംഘടിപ്പിച്ചത്‌.
കാന്‍സര്‍ ബാധിക്കുന്നത്‌ തടയുന്നതിനുള്ള പദ്ധതിയല്ല, മറിച്ച്‌ സാമൂഹികമായ ബാധ്യത നിര്‍വഹണത്തിന്‌ പ്രാധാന്യം നല്‍കി ആവിഷ്‌കരിച്ചതാണ്‌ ആര്‍.സി.സിയുടെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ പദ്ധതിയെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ സംബന്ധമായി നവോദയ നടത്തുന്ന പരിപാടികളില്‍ കാന്‍സര്‍ രോഗത്തെക്കുറിച്ച്‌ മുന്‍കരുതലെടുക്കുന്നതിന്‌ പ്രവാസികള്‍ക്ക്‌ ബോധവത്‌കരണം നല്‍കാനാവുമെന്ന്‌ അദ്ദേഹം പറഞ്ഞു.
ആര്‍.സി.സി. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ കോ-ഓര്‍ഡിനേറ്റര്‍മാരിലൊരാളും വെല്‍ഫെയര്‍ വിംഗ്‌ കേന്ദ്ര കമ്മിറ്റി കോ-ഓര്‍ഡിനേറ്ററുമായ ഇ.എം. കബീര്‍ സ്വാഗതം ആശംസിച്ചു.പദ്ധതിയെക്കുറിച്ചും സൗദിയിലെ പ്രവാസികള്‍ക്കിടയില്‍ അത്‌ നടപ്പാക്കുന്നതിനെക്കുറിച്ചും കോഓര്‍ഡിനേറ്റര്‍ സി.വി. ജോസ്‌ വിശദമായി സംസാരിച്ചു. കൂടുതല്‍ പേര്‍ക്ക്‌ പദ്ധതി പരിചയപ്പെടുത്തുന്നതിന്‌ അദ്ദേഹം ഡോക്‌ടര്‍മാരുടെ സഹകരണം തേടി.
ഡോ.ബാബു (ദാറുസ്സിഹ), ഡോ. ഡിക്‌സണ്‍ (സഫ മെഡിക്കല്‍ സെന്റര്‍) ഡോ. പണിക്കര്‍ ( എം.ഡി.എച്ച്‌) തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ചു. കൂടുതല്‍ പേരെ പദ്ധതിയുമായി സഹകരിപ്പിക്കുന്നതിന്‌ ഉതകുന്ന പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന്‌ ഡോ. പണിക്കര്‍ അഭിപ്രായപ്പട്ടു. തങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഡോക്‌ടര്‍മാര്‍ നല്‍കണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു.
സാധാരണക്കാരന്‌ കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ നല്‍കുന്ന ആര്‍,സി.സിയുടെ വികസനത്തിനുള്ള പിന്തുണയില്‍ ഊന്നി കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ പദ്ധതി പരിചയപ്പെടുത്തുന്നതിന്‌ ഡോക്‌ടര്‍മാര്‍ സഹകരണം വാഗ്‌ദാനം ചെയ്‌തു. ഓരോ ക്ലിനിക്കുകളിലും കോഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്‌ ശ്രമങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ നിര്‍ദേസങ്ങളും ഉയര്‍ന്നു. നവോദയ പ്രസിഡന്റ്‌ പ്രദീപ്‌ കൊട്ടിയം അധ്യക്ഷത വഹിച്ചു.വെല്‍ഫെയര്‍ വിംഗ്‌ കണ്‍വീനര്‍ പവനന്‍ നന്ദി പറഞ്ഞു.