ദമാമില്‍ മലയാളിയുടെ മുറിയില്‍ കടന്ന്‌ മൊബൈലും പണവും കവര്‍ന്നു

ദമാം: അധികസുരക്ഷക്കായി സ്ഥാപിച്ച ഇരുമ്പ്‌ വാതിലും ഫലം കണ്ടില്ല. സുഹൃത്തുക്കളെന്ന നിലക്ക്‌ വാതില്‍ തുറന്ന മലയാളിയുടെ മുറിയില്‍ കടന്ന അക്രമികള്‍ മൊബൈലും പണവും കവര്‍ന്നു. കഴിഞ്ഞ ദിവസം ദമാം അദാമയില്‍ രാത്രി എട്ട്‌ മണിയോടെ മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദിനാണ്‌ ഈ ദുരനുഭവം. നേരത്തെ ദമാം ഇന്ത്യന്‍ സ്‌കൂളില്‍ ഡ്രൈവറായിരുന്ന കുഞ്ഞുമുഹമ്മദ്‌ ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയിലാണ്‌ ജോലി ചെയ്യുകയാണ്‌.
താമസസ്ഥലത്ത്‌ കവര്‍ച്ചക്കാരുടെ കടന്നുകയറ്റം തടയാനാണ്‌ ഇരുമ്പ്‌ വാതില്‍ വെച്ചത്‌. കൂടെ താമസിക്കുന്നവര്‍ രാത്രി എട്ട്‌ - എട്ടര മണിയോടെ തിരിച്ചുവരാറുണ്ട്‌. പുറത്ത്‌ ആരെന്ന്‌ ഉറപ്പ്‌ വരുത്താതെ വാതില്‍ തുറന്നതാണ്‌ കവര്‍ച്ചക്ക്‌ കാരണമായത്‌.
കറുപ്പ്‌ നിറമുള്ള മൂന്ന്‌ അറബ്‌ ചെറുപ്പക്കാരാണ്‌ മുറിയില്‍ കടന്നതെന്ന്‌ കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു. അനങ്ങാന്‍ സമ്മതിക്കാതെ ഒരാള്‍ പിടിച്ചുവെച്ചു. മറ്റുള്ളവര്‍ മുറിയില്‍ ഒന്നാകെ തിരഞ്ഞ്‌ മൊബൈലും പേഴ്‌സും കവര്‍ന്നു. പുറത്ത്‌ കടന്ന്‌ പേഴ്‌സില്‍ നിന്നും പണം മാത്രമെടുത്ത്‌ ഇഖാമയും ലൈസന്‍സും ഉപേക്ഷിച്ചു പോയി. അവയെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന സമാശ്വാസത്തിലാണ്‌ കുഞ്ഞുമുഹമ്മദ്‌ ഉണര്‍ത്തുന്നു: വാതില്‍ തുറക്കുന്നതിന്‌ മുമ്പ്‌ പുറത്ത്‌ ആരാണുള്ളതെന്ന്‌ ഉറപ്പ്‌ വരുത്തുക.