`ജോലി ചെയ്യുന്നവര്‍ക്ക്‌ വ്യായാമം ആവശ്യമില്ലെന്ന ധാരണ തെറ്റ്‌'

ദമാം: നിത്യവും ജോലി ചെയ്യുന്നവര്‍ക്ക്‌ വ്യായാമം ആവശ്യമില്ലെന്ന ധാരണ തെറ്റാണെന്നും, ജോലി എത്ര കഠിനമാണെങ്കിലും വ്യായാമത്തിന്‌ പകരമാവില്ലെന്നും ഡോക്‌ടര്‍ സുരേഷ്‌ സി. പിള്ള അഭിപ്രായപ്പെട്ടു. സഫ ഓഡിറ്റോറിയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തമിഴ്‌ ചാപ്‌റ്റര്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാറില്‍ `പ്രവാസിയും ആരോഗ്യ പ്രശ്‌നങ്ങളും' എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുയായിരുന്നു അദ്ദേഹം. നിയന്ത്രണമില്ലാത്ത ഭക്ഷണ രീതിയാണ്‌ രോഗത്തിന്‌ തുടക്കം. വ്യായാമക്കുറവ്‌ കൂടിയാകുന്നതോടെ പ്രവാസി വേഗം രോഗത്തിന്‌ കീഴ്‌പെടുന്നു. ക്രമീകൃത ഭക്ഷണവും കൃത്യമായ വ്യായാമവും ദീര്‍ഘായുസ്‌ നല്‍കുമെന്ന്‌ ഡോക്‌ടര്‍ ഓര്‍മിപ്പിച്ചു. സെമിനാറിന്‌ അനുബന്ധമായി പ്രസിദ്ധീകരിച്ച `ഉടര്‍ പയിര്‍ച്ചിയും ഉടല്‍ നലമും' എന്ന ലഘുകൃതിയും ഡോ. സുരേഷ്‌ സി. പിള്ള പ്രകാശനം ചെയ്‌തു.
മുഹമ്മദ്‌ ഫൈസല്‍ ചെന്നൈ അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ വിവിധ ചാപ്‌റ്ററുകളെ പ്രതിനിധീകരിച്ച്‌ അബ്ദുല്‍ സലാം മാസ്റ്റര്‍, മുഹമ്മദ്‌ അഷ്‌റഫ്‌, മൗലാന അമീറുദ്ദീന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഫോറം മെമന്റോ ഹാജാ ബായി ഡോക്‌ടര്‍ക്ക്‌ സമ്മാനിച്ചു. തുടര്‍ന്ന്‌ യോഗ പരിശീലനത്തിന്‌ ബിലാല്‍ നേതൃത്വം നല്‍കി. ഖാദര്‍ അലി ഖിറാഅത്ത്‌ നടത്തി. ടിപ്പു സുല്‍ത്താന്‍ തിരുനല്‍വേലി സ്വാഗതവും ആഷിഖ്‌ കന്യാകുമാരി നന്ദിയും പറഞ്ഞു.