വിമാനക്കമ്പനി ജീവനക്കാരുടെ അധിക്ഷേപം മലയാളിയുടെ പരാതിയില്‍ അന്വേഷണം

ദമാം: വിമാനക്കമ്പനി ജീവനക്കാരനില്‍ നിന്നും അധിക്ഷേപം നേരിട്ടതായി മലയാളി പരാതി നല്‍കി. ദമാം ആരോ ഫുഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി ജീവനക്കാരനായ കെ.പി. അബ്‌ദുല്‍ ഗഫൂറാണ്‌ ഒമാന്‍ എയര്‍ അധികൃതര്‍ക്ക്‌ പരാതി നല്‍കിയത്‌. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഒമാന്‍ എയര്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.
ഒരു കുടുംബ സുഹൃത്തിനൊപ്പം നവമ്പര്‍ 16ന്‌ ബഹ്‌റൈന്‍ - മസ്‌കത്ത്‌ വഴി കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ മകള്‍ ഷെഹ്‌സാംസ്‌ അബ്‌ദുല്‍ ഗഫൂറിന്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിരുന്നു. മനാമയിലേക്ക്‌ കോസ്‌ വേ വഴി യാത്രക്ക്‌ പുറപ്പെടുന്നതിന്‌ അല്‍കോബാറിലെ ചെക്ക്‌ ഇന്‍ കേന്ദ്രത്തില്‍ ഉച്ചക്ക്‌ ഒന്നര മണിയോടെ എത്തിയിരുന്നു. പാസ്‌പോര്‍ട്ട്‌ സമര്‍പ്പിച്ചപ്പോള്‍ ബസ്‌ നമ്പര്‍ 6 എന്നെഴുതിയ ടോക്കണ്‍ ലഭിച്ചു. തുടര്‍ന്ന്‌ മുറിയില്‍ കാത്ത്‌ നില്‍ക്കാന്‍ നിര്‍ദേശം കിട്ടി. മുറിയില്‍ കാത്ത്‌ നില്‍ക്കുമ്പോള്‍ പ്രാര്‍ത്ഥനാ സമയമായതിനാല്‍ അവിടെ നിന്നും പുറത്ത്‌ പോകണമെന്ന്‌ ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ മുറിയില്‍ നിന്നും പുറത്ത്‌ കടന്നു. ഓഫീസിന്‌ തൊട്ടു മുമ്പില്‍ വലിയ തിരക്കായിരുന്നതിനാല്‍ അല്‍പ്പം മാറി നിന്നു. ഏതാണ്ട്‌ ഇരുപത്‌ മിനിട്ട്‌ കഴിഞ്ഞപ്പോള്‍ ഒരു ജീവനക്കാരന്‍ മകളുടെ പേര്‌ ഉറക്കെ വിളിക്കുന്നത്‌ കേട്ടുവെന്നും അയാളെ സമീപിച്ചപ്പോള്‍ നാല്‍പ്പത്‌ മിനിട്ടായി കാത്ത്‌ നില്‍ക്കുന്നുവെന്ന്‌ പറഞ്ഞ്‌ രോഷം പ്രകടിപ്പിച്ചതായും അബ്‌ദുല്‍ ഗഫൂര്‍ പറഞ്ഞു. തുടര്‍ന്ന്‌ അതേ ജീവനക്കാരന്‍ ബസിലേക്ക്‌ വിരല്‍ ചൂണ്ടി. താനും മകളും ബസിന്‌ സമീപമെത്തിയപ്പോള്‍ ബസിലുണ്ടായിരുന്ന ഒമാന്‍ എയര്‍ ജീവനക്കാരുടെ നിലപാട്‌ കൂടുതല്‍ രൂക്ഷമായിരുന്നു. രോഷാകുലരായ അവര്‍ തെറിവിളിക്കുകയും, അധിക്ഷേപിക്കുകയും ചെയ്‌തുവെന്ന്‌ അബ്‌ദുല്‍ ഗഫൂര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അധിക്ഷേപം പരിധി വിട്ടപ്പോള്‍ അത്‌ വരെ കേട്ടുനിന്ന താന്‍ ചോദ്യം ചെയ്യാന്‍ നിര്‍ബന്ധിതനായി. മകളെ ഈ വാഹനത്തില്‍ കൊണ്ടുപോകാന്‍ പ്രയാസമാണെങ്കില്‍ ബഹ്‌റൈനില്‍ നിന്നും വിമാനം കയറുന്നതിന്‌ മറ്റ്‌ വഴികള്‍ തേടാമെന്ന്‌ പറയേണ്ടി വന്നു. ഇതോടെ കാരിയറിനകത്ത്‌ വെച്ചിരുന്ന ബാഗേജുകള്‍ പുറത്തേക്ക്‌ വലിച്ചെറിഞ്ഞ ജീവനക്കാരന്‍ ബസില്‍ കയറ്റാതെ സ്ഥലം വിട്ടു. തുടര്‍ന്ന്‌ ടാക്‌സി വിളിച്ച്‌ അതിലാണ്‌ കുട്ടിയെ ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തിച്ചത്‌. മോശമായി പെരുമാറിയ ജീവനക്കാര്‍ക്ക്‌ നേരെ വിമാനക്കമ്പനി എന്ത്‌ നടപടിയെടുക്കുമെന്ന്‌ അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന്‌ ഗഫൂറിന്റെ പരാതിയില്‍ പറയുന്നു.
സംഭവം നിര്‍ഭാഗ്യകരമാണെന്നും അബ്‌ദുല്‍ ഗഫൂറിനോട്‌ തങ്ങള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചുവെന്നും ഒമാന്‍ എയര്‍ വക്താവ്‌ മലയാളം ന്യൂസിന്റെ അന്വേഷണത്തില്‍ വ്യക്തമാക്കി. ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്നും വിശദീകരണം തേടുന്നതായി അദ്ദേഹം വെളിപ്പെടുത്തി.