മനാമ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗേജിന്റെ ഉടമയെ കണ്ടെത്തി

ദമാം: അധിക ഭാരമുള്ള ബാഗേജ്‌ നിരക്ക്‌ നല്‍കാനാവാതെ മനാമ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച്‌ പോയ ബാഗേജിന്റെ ഉടമയെ കണ്ടെത്തി. ദമാമിലെത്തിച്ച ഈ ബാഗേജിന്റെ ഉടമയെ തേടുന്നതായി മലയാളം ന്യൂസ്‌ ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. കുടുംബ സുഹൃത്ത്‌ രവിക്കൊപ്പം മനാമയില്‍ നിന്നും മകളെ അയച്ച കോഴിക്കോട്‌ സ്വദേശി സ്വദേശി കെ.പി. അബ്‌ദുല്‍ ഗഫൂറിന്റെതാണ്‌ ബാഗേജ്‌. പത്രവാര്‍ത്ത കണ്ട്‌ ദമാമില്‍ ഇ.എം കബീറുമായും ശംസുവുമായും ബന്ധപ്പെട്ട ഗഫൂര്‍ സുഹൃത്ത്‌ നസീറിനൊപ്പം എത്തി ബാഗേജ്‌ ഏറ്റുവാങ്ങി.

കൈയില്‍ ഏഴ്‌ കിലോ ഉള്‍പ്പെടെ 47 കിലോ ഗ്രാം ബാഗേജ്‌ യാത്രക്കാരന്‌ കൊണ്ടുപോകാമെന്നാണ്‌ ട്രാവല്‍ ഏജന്‍സി അറിയിച്ചിരുന്നത്‌. എന്നാല്‍ നമ്പറില്‍ എടുത്ത ടിക്കറ്റിന്‌ ഹാന്റ്‌ ബാഗേജുള്‍പ്പെടെ 37 കിലോ മാത്രമെ അനുവദിക്കുകയുള്ളുവെന്നും ചെക്ക്‌ ഇന്‍ സമയത്താണ്‌ പറഞ്ഞത്‌. ബാക്കി ബാഗേജിന്‌
ഏതാണ്ട്‌ 1300 റിയാല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടതിനാലാണ്‌ അവസാന നിമിഷത്തില്‍ മറ്റ്‌ നിവൃത്തിയില്ലാതെ ബാഗേജ്‌ ഉപേക്ഷിക്കേണ്ടി വന്നതെന്ന്‌ ഗഫൂര്‍ പറഞ്ഞു. ബാഗേജ്‌ ദമാമിലെത്തിച്ച ശംസുവിനും, വിവരം നല്‍കിയ അഫ്‌സലിനും കബീറിനും ഗഫൂര്‍ നന്ദി പറഞ്ഞു.