`പ്രണയ ജിഹാദ്‌ വിവാദം വ്യക്തമായ അജണ്ടയുടെ സൃഷ്‌ടി'


ദമാം: വ്യക്തമായ അജണ്ടയുടെ സൃഷ്‌ടിയാണ്‌ ലൗ ജിഹാദ്‌ വിവാദമെന്ന്‌ ഇനോക്‌ ഉപദേശകസമിതിംയംഗവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍ അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തെ പ്രതിക്കൂട്ടിലാക്കുന്ന ഗീബല്‍സിയന്‍ നുണപ്രചരണങ്ങള്‍ക്കെതിരെ കാലം ശക്തമായ തിരിച്ചടി നല്‍കുമെന്ന്‌ ദമാമില്‍ പ്രണയത്തിന്റെ മതവും ഒളിയജണ്ടകളും ചര്‍ച്ചാ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിന്റെ പേരിലുള്ള കുപ്രചരണങ്ങള്‍ക്കെതിരെ ജാതി - മത - രാഷ്‌ട്രീയ ഭേദമെന്യേ എല്ലാവരും പ്രതികരിക്കണമെന്ന്‌ ചര്‍ച്ചാ സമ്മേളനം ആഹ്വാനം ചെയ്‌തു.
സംഘാടകരായ തനിമ മേഖലാ കോഓര്‍ഡിനേറ്റര്‍ കെ.എം. റഷീദ്‌ വിഷയം അവതരിപ്പിച്ചു. ശിവദാസന്‍ (നവോദയ), അജിത്‌ ചാത്തനൂര്‍ (നവയുഗം), ബിജു കോട്ടക്കാട്‌, സാജിദ്‌ ആറാട്ടുപുഴ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. രക്ഷാധികാരി കെ.എം.ബഷീര്‍ ചര്‍ച്ച ക്രോഡീകരിച്ചു.കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക - സാംസ്‌കാരിക മേഖലകളില്‍ സജീവസാന്നിധ്യമായിരുന്ന മജീദ്‌ ചാത്തന്‍വേലിയാണ്‌ ചര്‍ച്ചാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. പി. മുഹമ്മദലി നന്ദി പറഞ്ഞു. തൗഫീഖ്‌ മങ്കട ഖിറാഅത്ത്‌ നടത്തി.