മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ വന്നവരെ ജനം തിരസ്‌കരിച്ചു

ദമാം: മത ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ സംഘടിത ശക്തിയായ മുസ്‌ലിം ലീഗിനെ അപചയപ്പെടുത്തി രാഷ്‌ട്രീയത്തില്‍ വേരുറപ്പിക്കാന്‍ രൂപീകൃതമായ സംഘടനകളെയെല്ലാം ഉദ്‌ബുദ്ധ ജനത തിരസ്‌കരിച്ച ചരിത്രം കണ്ണൂര്‍, ആലപ്പുഴ, എറണാകുളം തിരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണെന്ന്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ നേതാവ്‌ എ.പി. ഇബ്രാഹിം മുഹമ്മദ്‌ പ്രസ്‌താവിച്ചു. ഖഫ്‌ജി കെ.എം.സി.സി. കണ്‍വെന്‍ഷനില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോഡ്‌ മുന്‍വിധിയോടെയാണ്‌ പോലീസ്‌ പ്രവര്‍ത്തിച്ചതെന്ന്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം നിര്‍വഹിച്ച കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി. പ്രസിഡന്റ്‌ സി. ഹാഷിം പറഞ്ഞു. പ്രസിഡന്റ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മലിക്‌ മഖ്‌ബൂല്‍ ആശംസ നേര്‍ന്നു. ശരീഫ്‌ തിരുവേഗപ്പുറ കണക്ക്‌ അവതരിപ്പിച്ചു. അംഗത്വ വിതരണ ഉദ്‌ഘാടനം മുഹമ്മദ്‌ മൗലവിക്ക്‌ നല്‍കി സി. ഹാഷിം നിര്‍വഹിച്ചു. സെക്രട്ടറി കെ.പി. സലീം പാണമ്പ്ര സ്വാഗതവും ഓര്‍ഗനൈസിംഗ്‌സെക്രട്ടറി ആദം കുട്ടി നന്ദിയും പറഞ്ഞു.