ഹൃദയാഘാതം മൂലം കഴക്കൂട്ടം സ്വദേശി ദമാമില്‍ താമസസ്ഥലത്ത്‌ നിര്യാതനായി

ദമാം: മലയാളി ദമാം നഗരത്തില്‍ താമസസ്ഥലത്ത്‌ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കഴക്കൂട്ടത്തിന്‌ സമീപം പുതുക്കുറുച്ചി സ്വദേശി
കളത്തിങ്കല്‍ ഹൗസില്‍ എല്‍ദിന്‍ പോള്‍ ഫെര്‍ഡിനനന്റ്‌ പെരേര (47)യെ ഞായറാഴ്‌ച സന്ധ്യയോടെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ഭാര്യ: ലിന്‍ഡ. ഈ ദമ്പതികള്‍ക്ക്‌ കുട്ടികളില്ല.
പതിനൊന്ന്‌ വര്‍ഷത്തോളമായി സൗദിയിലുള്ള എല്‍ദിന്‍ പോള്‍ പെരേര നേരിട്ട്‌ സ്‌പോണ്‍സര്‍ക്ക്‌ കീഴിലല്ല ജോലി ചെയ്‌തിരുന്നത്‌. നാട്ടില്‍ മെനഞ്ചെറ്റിസിന്‌ ചികിത്സയിലായിരുന്ന സഹോദരിയുടെ മകന്‍ ലിനോ പോള്‍ (35) മരിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതില്‍ അതീവ ദു:ഖിതനായ എല്‍ദിന്‍ സെകന്റ്‌ ഇന്‍ഡ്‌സ്‌ട്രിയല്‍ സിറ്റിയിലെ ജോലി സ്ഥലത്ത്‌ നിന്നും ഉച്ചയോടെയാണ്‌ മുറിയില്‍ തിരിച്ചെത്തിയത്‌. ഉച്ചക്ക്‌ രണ്ടര മണി വരെ വീട്ടുകാരുമായി ഫോണില്‍ ബന്ധപെട്ടിരുന്നു. മുറിയില്‍ കൂടെ താമസിക്കുന്നവരാണ്‌ വൈകുന്നേരം അഞ്ച്‌ മണിയോടെ എല്‍ദിന്‍ പോളിനെ ചലനമറ്റ നിലയില്‍ കണ്ടത്‌. വിവരം ലഭിച്ച സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം (നവോദയ) സ്ഥലത്തെത്തി പോലീസിന്‌ വിവരം നല്‍കി. രാത്രിയോടെ മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി. മരണം ഹൃദയാഘാതം മൂലമാണെന്ന്‌ ഡോക്‌ടര്‍ സ്ഥിരീകരിച്ചു. എംബസിയുള്‍പ്പെടെ ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്‌ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള രേഖകള്‍ പൂര്‍ത്തീകരിക്കുന്നതായി നാസ്‌ വക്കം പറഞ്ഞു.