വാര്‍ത്തള്‍ സൃഷ്‌ടിക്കുന്ന പ്രവണത മാധ്യമങ്ങളില്‍ വര്‍ധിക്കുന്നു: ദക്ഷിണാമൂര്‍ത്തി

ദമാം: വാര്‍ത്തകള്‍ ലഭിക്കാതിരിക്കുമ്പോള്‍ വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്ന പ്രവണത മാധ്യമങ്ങള്‍ക്കിടയില്‍ ഈയിടെയായി വര്‍ധിച്ചുവരുന്നതായി സി.പി.എം. നേതാവ്‌ വി.വി. ദക്ഷിണാമൂര്‍ത്തി അഭിപ്രായപ്പെട്ടു. വാണിജ്യ താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി മാധ്യമസ്വാതന്ത്ര്യത്തെ വികലമായി ചിത്രീകരിക്കുകയാണ്‌ ചില മുഖ്യധാരാ മാധ്യമങ്ങള്‍. വായനക്കാരനെ തെറ്റുധരിപ്പിക്കുകയാണ്‌ അവരെന്ന്‌ നവോദയ അല്‍കോബാര്‍ അപ്‌സരയില്‍ നല്‍കിയ പൊതു സ്വീകരണപരിപാടിയില്‍ ദക്ഷിണാമൂര്‍ത്തി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പില്‍ ദേശീയ മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും പണം സ്വീകരിച്ച്‌ വാര്‍ത്തകള്‍ മെനയുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ മാധ്യമങ്ങളുടെ ഉന്നം ഇടത്‌പക്ഷങ്ങളാണെന്നത്‌ തിരിച്ചറിയാന്‍ കഴിയണം. ലാവ്‌ലിന്‍ വിഷയത്തില്‍ ഇല്ലാത്ത അഴിമതികള്‍ വാര്‍ത്തയാക്കി ദിവസങ്ങളോളം ആഘോഷിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ അറുപതിനായിരം കോടി രൂപയുടെ അഴിമതി നടന്നതായി കേന്ദ്ര വിജിലന്‍സ്‌ കണ്ടെത്തിയ ത്രീ ജി സ്‌പെക്‌ട്രം വിഷയത്തില്‍ കുറ്റകരമായ മൗനമാണ്‌ പുലര്‍ത്തിയത്‌. തങ്ങള്‍ക്ക്‌ ഹിതകരമാകുന്നത്‌ മാത്രം പ്രസിദ്ധീകരിക്കുന്ന രീതിയാണ്‌ പല മാധ്യമങ്ങളും ഇപ്പോള്‍ ചെയ്യുന്നത്‌. സത്യം മറച്ചുവെച്ച്‌, അസത്യങ്ങളും അര്‍ധസത്യങ്ങളും വഴി ഇവര്‍ സമൂഹത്തെ തെറ്റുധരിപ്പിക്കുകയാണെന്ന്‌ ദക്ഷിണാമൂര്‍ത്തി കുറ്റപ്പെടുത്തി.
കേരളത്തിലെ ഇടത്‌ സര്‍ക്കാരിന്റെ വികസന - സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന്‌ നടിക്കുക മാത്രമല്ല, വികസനം തുരങ്കം വെക്കുന്ന സമീപനങ്ങളും കേരളത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കര്‍ഷക കടാശ്വാസം നല്‍കി കര്‍ഷകരെ ആത്മഹത്യയില്‍ നിന്നും രക്ഷിച്ചതും, വിവിധ മേഖലകളില്‍ പെന്‍ഷന്‍ വിഹിതം വര്‍ധിപ്പിച്ച്‌ കഴിഞ്ഞ യു.ഡി.എഫിന്റെ കാലത്ത്‌ രണ്‌ട വര്‍ഷത്തിലേറെയുള്ള കുടിശ്ശിക തീര്‍ത്തു നല്‍കിയതും കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വിഷയമാക്കിയില്ല. പൂട്ടിക്കിടന്ന വ്യവസായസ്ഥാപനങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിപ്പികാനും, പൊതുമേഖല ശക്തിപ്പെടുത്തി ലാഭത്തിലാക്കാനും ഇടത്‌ പക്ഷ സര്‍ക്കാരിനായി. സമ്പന്ന താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിലെ മാധ്യമങ്ങളുടെ മുഖപ്രസംഗങ്ങള്‍ വായനക്കാര്‍ തിരിച്ചറിയുന്നുണ്ട്‌. ജനപക്ഷത്ത്‌ നിലകൊള്ളുന്ന മാധ്യമങ്ങളുടെ പ്രചാരണത്തിലൂടെ മാത്രമെ യഥാര്‍ത്ഥ സത്യങ്ങള്‍ ജനങ്ങളിലെത്തിക്കാനാവൂ എന്ന്‌ അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ സിദ്ദീഖ്‌ കല്ലായി അധ്യക്ഷത വഹിച്ചു. അല്‍കോബാര്‍ ഏരിയാ പ്രസിഡന്റ്‌ റഹീം മടത്തറ സ്വാഗതവും, ജോയിന്റ്‌ സെക്രട്ടറി ദിനേശന്‍ നന്ദിയും പറഞ്ഞു. നവോദയ രക്ഷാധികാരി ആസാദ്‌ തിരൂര്‍, ജനറല്‍ സെക്രട്ടറി എം.എം. നഈം,. പവനന്‍, സുധാകരന്‍, ഹമീദ്‌ മാണിക്കോത്ത്‌ തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.