രാം ജത്‌മലാനിയുടെ വാദം തികഞ്ഞ അസംബന്ധമെന്ന്‌ ദമാം ഇസ്‌ലാഹി സെന്റര്‍

ദമാം: വഹാബിസവും സൗദി അറേബ്യയുമാണ്‌ ലോകത്ത്‌ തീവ്രവാദം വളര്‍ത്തുന്നതെന്ന രാം ജത്മലാനിയുടെ വാദം തികഞ്ഞ അസംബന്ധമാണെന്ന്‌ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമാം സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. ഏത്‌ തരം തീവ്രവദാത്തെയും കടുത്ത രീതിയില്‍ നേരിടുകയും, ഭീകരതക്കെതിരെ നിരന്തരമായ ഉദ്‌ബോധനം നിര്‍വഹിക്കുകയും ചെയ്യുന്ന സൗദി അറേബ്യയെ നിരുത്തരവാദപരമായി വിമര്‍ശിക്കുന്നത്‌ അദ്ദേഹത്തിന്‌ ചേര്‍ന്നതായില്ല. രണ്ട്‌ നാടുകളും പാരമ്പര്യമായി നിലനിര്‍ത്തിപ്പോരുന്ന ഉത്തമ സൗഹൃദബന്ധത്തിന്‌ ഉലച്ചില്‍ തട്ടാന്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്‌താവനകള്‍ ഇടം വരുത്തുമെന്ന്‌ നേതാക്കള്‍ മനസിലാക്കണം. ഇത്തരം പ്രസ്‌താവനകള്‍ ഇന്ത്യാ ഗവണ്മെന്റ്‌ ഗൗരവമായി കാണേണ്ടതുണ്ടെന്നും, സൗദിയോട്‌ മാപ്പ്‌ പറയണമെന്നും പ്രസ്‌താവനയില്‍ യോഗം അഭിപ്രായപ്പെട്ടു.
നൂറ്‌ കണക്കിന്‌ വര്‍ഗീയ കലാപങ്ങള്‍ക്ക്‌ തിരികൊളുത്തിയ സംഘപരിവാറിന്റെ മേലങ്കി തന്നെയാണ്‌ രാംജത്മലാനി ഇപ്പോഴും അണിഞ്ഞിരിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഭീകരവാദത്തെക്കുറിച്ചും തീവ്രഫാഷിസത്തെക്കുറിച്ചും തന്റെ പഴയ പാര്‍ട്ടിക്ക്‌ തന്നെയാണ്‌ ഉപദേശം നല്‍കേണ്ടത്‌. സ്വന്തം നാട്ടില്‍ തന്നെ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്ന ഒരു പാര്‍ടിയുടെ ആദര്‍ശവാദിക്ക്‌ മറ്റൊരു രാജ്യത്തെക്കുറിച്ച്‌ പറയാന്‍ എന്തവകാശമെന്ന ചോദ്യവം ഇസ്‌ലാഹി സെന്റര്‍ ഉന്നയിച്ചു. പ്രസിഡന്റ്‌ സി.പി. ഇബ്രാഹിം, സെക്രട്ടറി സൈനുല്‍ ആബിദീന്‍, ട്രഷറര്‍ എം.ഇ. ഇബ്രാഹിം, മൗലവി ശഫീഖ്‌ അസ്‌ലം എന്നിവര്‍ യോഗത്തില്‍പങ്കെടുത്തു.