ദമാം വോളിമേള: അറബ്‌കോ ജേതാക്കള്‍

ദമാം: കേരള ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ദമാം അല്‍ സുഹൈമി ഫ്‌ളഡ്‌ലിറ്റ്‌ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച എട്ടാമത്‌ വോളിമേളയുടെ വാശിയേറിയ ഫൈനലില്‍ റഹീമ ആര്‍.ടി. ക്ലബിനെ പരാജയപ്പെടുത്തി റിയാദ്‌ അറബ്‌കോ ട്രോഫി നേടി. ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന്‌ സെറ്റുകള്‍ക്കാണ്‌ അറബ്‌കോ വിജയം നേടിയത്‌. (25-13, 18-25, 25-11, 25-23).
ഈ വിജയം അറബ്‌കോ ടീമിന്‌ മധുരം നിറഞ്ഞ പ്രതികാരം കൂടിയായി. രണ്ട്‌ മാസം മുമ്പ്‌ അല്‍കോബാറില്‍ ഇ.പി.എസ്‌. വോളിടൂര്‍ണമെന്റ്‌ സെമിഫൈനലില്‍ അറബ്‌കോയെ ആര്‍.ടി. ക്ലബ്‌ ടീം അഞ്ചാമത്‌ സെറ്റിന്റെ അവസാന പോയിന്റില്‍ തോല്‍പ്പിച്ചിരുന്നു. അറബ്‌കോയുടെ സെറ്റര്‍ ദിനേശന്‍ കണ്ണൂര്‍ അന്ന്‌ ടീമിലുണ്ടായിരുന്നില്ല.
റണ്ണിംഗ്‌ ബാള്‍ സ്‌മാഷില്‍ അതീവ്‌ മിടുക്കുള്ള നല്ലളം മൂസ, കളം നിറഞ്ഞു കളിക്കുന്ന കണ്ണൂര്‍ അബ്‌ദുല്ല എന്നിവര്‍ക്കൊപ്പം ദിനേശനും കൂടി ചേര്‍ന്നതോടെ അറബ്‌കോ അജയ്യമായി. മൂവരും ചേര്‍ന്ന്‌ സുഹൈമി സ്റ്റേഡിയത്തില്‍ നിരവധി ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്‌ടിച്ചു. നെറ്റില്‍ നിന്നും ഏറെ പൊന്താത്ത ചലിക്കുന്ന ബോളുകള്‍ ബ്ലോക്കില്‍ കുടുങ്ങാതെ പോയിന്റാക്കുന്ന നല്ലളം മൂസയുടെ ഇന്ദ്രജാലം കാണികള്‍ക്ക്‌ ഹരം പകര്‍ന്നു. ഇറ്റാലിയന്‍ ക്ലബ്ബുകളില്‍ കളിക്കാരനായിരുന്ന റോജാറഡ്‌ പ്രഥമ റഫറിയെയും, മുന്‍ കേരള പോലീസ്‌ താരം സജി ജോണ്‍ സെകന്റ്‌ റഫറിയായു കളി നിയന്ത്രിച്ചു.

ബെസ്റ്റ്‌ ഡിഫന്‍ഡറായി ദിനേശ്‌ (അറബ്‌കോ) ബെസ്റ്റ്‌ ഒഫന്‍ഡര്‍ ആയി ആര്‍.ടി. ക്ലബിന്റെ ലത്തീഫ്‌, മികച്ച കളിക്കാരനായി നല്ലളം മൂസ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ബഹ്‌റൈന്‍ മലയാളി ബിസിനസ്‌ ഫോറം പ്രസിഡന്റ്‌ ബഷീര്‍ അമ്പലായി കളിക്കാരെ പരിചയപ്പെട്ടു. മുഹമ്മദ്‌അലി (ഫ്‌ളോറ ഫന്റാസിയ) മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക്‌ അബ്‌ദുല്ലാ ഫുആദ്‌ കപ്പ്‌ ടൂര്‍ണമെന്റ്‌ കണ്‍വീനര്‍ ഉല്ലാസും പരാജിതര്‍ക്ക്‌ കാനൂ ട്രാവല്‍സ്‌ കപ്പ്‌ ക്ലബ്‌ പ്രസിഡന്റ്‌ ശങ്കരനുണ്ണിയും സമ്മാനിച്ചു. ഇരു ടീമുകള്‍ക്കും പ്രൈസ്‌ മണിയും നല്‍കി.