ബാല്യ - കൗമാര മനസുകള്‍ക്ക്‌ ദമാമില്‍ പുത്തനറിവ്‌ പകര്‍ന്ന അറിവരങ്ങ്‌

ദമാം: കളികളിലൂടെയും മാജിക്കിലൂടെയുംബാല്യ കൗമാര മനസുകളെ ദമാമില്‍ അറിവരങ്ങ്‌ 2009 അറിവിന്റെ പുതിയൊരു വിസ്‌മയ ലോകത്തേക്ക്‌ നയിച്ചു.
ശില്‍പ്പശാല നയിച്ച നജീം സുല്‍ത്താന്‍ (കൊട്ടിയം), ഉദയന്‍ (കാസര്‍കോട്‌) എന്നിവര്‍ക്കൊപ്പം രണ്ട്‌ സായാഹ്നങ്ങള്‍ ചിലവിട്ട കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും അറിവിന്റെ പുതിയ ലോകത്തിന്‌ സാക്ഷികളായി.
ബുധനാഴ്‌ച വൈകുന്നേരം അഞ്ച്‌ മുതല്‍ പത്ത്‌ വരെയും, വ്യാഴാഴ്‌ച നാല്‌ മണി മുതല്‍ പതിനൊന്ന്‌ വരെയുമാണ്‌ സംഗമം നടന്നത്‌. നവോദയയുടെ ദമാം സൗത്ത്‌, നോര്‍ത്ത്‌, ഖതീഫ്‌ മേഖലകളില്‍ നിന്നായി എട്ട്‌ വയസിന്‌ മുകളില്‍ പ്രായമുള്ള നൂറിലധികം കുട്ടികള്‍ ക്യാമ്പിനെത്തി.
കളികളിലൂടെയും നാടന്‍ പാട്ടിലൂടെയും ബുദ്ധി വികാസത്തിനുള്ള തന്ത്രങ്ങള്‍ ഉദയന്‍ മാഷ്‌ കുട്ടികള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കി. പ്രധാനമായും ടീം സ്‌പിരിറ്റ്‌, മാനേജ്‌മെന്റ്‌, ഏകാഗ്രത, തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ്‌ അദ്ദേഹം നല്‍കിയത്‌. നാടന്‍ പാട്ടുകളുടെ അദ്ദേഹം തീര്‍ത്ത പുതിയ ലോകം കടലാസില്‍ പകര്‍ത്തുന്നതിന്‌ പകരം സ്വന്തം മനസില്‍ കൊത്തിവെച്ച അനുഭവമായിരുന്നു സദസിന്‌. തുടക്കത്തില്‍ ക്യാമ്പില്‍ ഉള്‍ചേരാന്‍ വൈമുഖ്യം കാണിച്ച കുട്ടികള്‍ പോലും ഒട്ടും വൈകാതെ ആര്‍ത്തുല്ലസിക്കുന്ന കാഴ്‌ചയായിരുന്നു ക്യാമ്പില്‍. നാടന്‍പാട്ടുകളുടെ അക്ഷയഖനി സ്വന്തമായുള്ള ഉദയന്‍ മാഷിന്റെ താളബദ്ധമായ ആലാപനം ഏറെ ആകര്‍ഷകമായി. ഓര്‍മശക്തിയില്‍ പിന്നിലുള്ളവര്‍ പോലും മത്സരരൂപത്തിലുള്ള കളികളിലൂടെ സ്വന്തം കഴിവ്‌ വര്‍ധിപ്പിക്കുന്നത്‌ കാണാനായി. സ്വന്തം കുട്ടികളില്‍ തങ്ങള്‍ക്ക്‌ കണ്ടെത്താനാവാതെ അന്തര്‍ലീനമായിരുന്ന കഴിവുകള്‍ വൈവിധ്യമാര്‍ന്ന കളികളിലൂടെ പുറത്തെടുക്കുന്നത്‌ രക്ഷിതാക്കളെ ആഹ്ലാദിപ്പിച്ചു.
പാഴ്‌വസ്‌തുവമായി വലിച്ചെറിയുന്ന പി.വി.സി. പൈപ്പിലൂടെ ശംഖിന്റെയും ഖനാദവും കൊമ്പിന്റെയും നാദവീചികള്‍ നജീം മാഷുടെ കണ്‌ഠങ്ങളുടെ ഉയര്‍ന്നപ്പോള്‍ പൂരപ്പറമ്പിന്റെ പ്രതീതിയുളവാക്കി. പ്ലാസ്റ്റിക്‌ കുഴല്‍ പോലും പ്രത്യേകമായ ഒരു ഉദ്യമവും കൂടാതെ ശ്രുതിമധുരമായ വാദ്യോപകരണമാക്കാന്‍ കഴിയുമെന്ന്‌ തെളിയിച്ച നജീം ദിനപത്രവും, സ്‌ട്രോയും മറ്റും ഉപയോഗപ്പെടുത്തി കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണവും പരിശീലിപ്പിച്ചു. കണക്കിലെ കളികളും നിരവധി ഉദാഹരണങ്ങളിലൂടെ അവതരിപ്പിച്ച നജീം അവയും ദുര്‍ഗ്രഹമല്ലെന്ന്‌ തെളിയിച്ചു.
മാജിക്കിലൂടെ നിരവധി തെറ്റുധാരണകളുടെ ചുരുളഴിച്ച്‌ അവയുടെ സൂത്രങ്ങള്‍ ലളിതമായി വിശദീകരിച്ചു. ശാസ്‌ത്രവും കണക്കും കണ്‍കെട്ടും മാജിക്കിലൂടെ പരിചയപ്പെടുത്തിയപ്പോള്‍ ക്യാമ്പംഗങ്ങള്‍ സ്വയം മാന്ത്രികരായി മാറി.
കുട്ടികള്‍ക്ക്‌ കോണ്‍കേവ്‌, കോണ്‍വെക്‌സ്‌ ലെന്‍സുകളെ പരിചയപ്പെടുത്തിയതിനൊപ്പം സ്വന്തമായി ദൂരദര്‍ശിനി തയാറാക്കാന്‍ പഠിപ്പിച്ചതും ഗുണകരമായി. ഒറിഗാമി സെഗ്‌മെന്റില്‍ കടലാസ്‌ പുഷ്‌പങ്ങള്‍ തയാറാക്കാനും പഠിപ്പിച്ചു. മാജിക്കിലൂടെ തുലനത്തിന്റെ കാണാപ്പുറങ്ങള്‍ പഠിച്ച പഠിതാക്കള്‍ ബ്ലേഡിനെ കാന്തമാക്കുന്ന വിദ്യയുള്‍പ്പെടെ മറ്റ്‌ വിവിധ ശാസ്‌ത്ര തത്വങ്ങളും ലളിതമായ കളികളിലൂടെ മനസിലാക്കി. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിന്‌ ടോണിക്കുകളിലും മരുന്നുകളിലും അഭയം തേടുന്നതിന്‌ പകരം മനസും ശരീരവും ഏകാഗ്രമാക്കുന്നതിന്‌ പരിശീലനം നല്‍കി.
തങ്ങള്‍ക്ക്‌ ഇന്നേവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച അനുഭവമായിരുന്നു അറിവരങ്ങെന്ന്‌ കുട്ടികളും രക്ഷിതാക്കളും വിലയിരുത്തിയത്‌ സംഘാടകരായ നവോദയ പ്രവര്‍ത്തകര്‍ക്കും ആഹ്ലാദമായി.