ഹജ്‌ വോളന്റിയര്‍മാര്‍ക്ക്‌ ദമാമില്‍ ഫ്രറ്റേണിറ്റി ഫോറം പരിശീലന സംഗമം

ദമാം: സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിനും സല്‍പ്പേര്‌ നേടിയെടുക്കുന്നതിനും ദീര്‍ഘകാലത്തെ ശ്രമങ്ങള്‍ വേണ്ടിവരുമെങ്കിലും അത്‌ നഷ്‌ടമാകുന്നതിന്‌ ഏറെ സമയം വേണ്ടി വരില്ലെന്ന്‌ ഉള്ളാള്‍ എം.എല്‍.എ യു.ടി. ഖാദര്‍ (കര്‍ണാടക) ഉണര്‍ത്തി. ഈ വര്‍ഷം ഹജ്‌ വേളയില്‍ തീര്‍ത്ഥാടകര്‍ക്ക്‌ സേവനം നല്‍കുന്നതിന്‌ സന്നദ്ധരായ വോളന്റിയര്‍മാര്‍ക്ക്‌ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ദമാമില്‍ സംഘടിപ്പിച്ച പരിശീലനപരിപാടിയില്‍ ആശംസകള്‍ നേര്‍ന്ന്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവധി ദിനങ്ങളും സമയവും തീര്‍ത്ഥാടകരുടെ സേവനത്തിനായി വിനിയോഗിക്കാനും നിസ്വാര്‍ത്ഥ സേവനം നല്‍കുന്നതിനും സ്വയം സന്നദ്ധരായി മുന്നോട്ട്‌ വന്ന യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
സഫ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന സംഗമത്തിന്റെ ഉദ്‌ഘാടനം തമിഴ്‌നാട്‌ സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം (താന്‍സ്‌വ) പ്രസിഡന്റ്‌ അബ്‌ദുല്‍ സത്താര്‍ നിര്‍വഹിച്ചു. മുംതസ (ഉത്തര്‍ പ്രദേശ്‌), ഹാരിസ്‌ (മലയാളം ന്യൂസ്‌) എന്നിവര്‍ ആശംസ നേര്‍ന്നു.
സഫറുല്ലാഹ്‌ ഖാസിമി പരിശീലനത്തിന്‌ നേതൃത്വം നല്‍കി. വര്‍ഷങ്ങളായി ഫ്രറ്റേണിറ്റി ഫോറം ഹാജിമാര്‍ക്ക്‌ നല്‍കുന്ന സേവനങ്ങളുടെ അനുഭവ പശ്ചാത്തലത്തില്‍ സ്ലൈഡുകളുടെ സഹായത്തോടെ നടത്തിയ പരിശീലന പരിപാടി ഏറെ ഉപകാരപ്രദമായി. അബ്‌ദുല്‍ സമദ്‌ (കര്‍ണാടക) ഖിറാഅത്ത്‌ നടത്തി. അബ്‌ദുല്‍ വഹീദ്‌ (ഹൈദരബാദ്‌) സ്വാഗതം പറഞ്ഞു. ്‌ശരീഫ്‌ ജൊകാതെ കണ്‍വീനറായിരുന്നു.